
ചൈനയുടെ ചെന്‍ യൂഫെയെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്പിച്ച് ഇന്ത്യയുടെ പിവി സിന്ധു ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് സെമി ഫൈനലില്‍. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ 21-14, 21-14 എന്ന സ്കോറിനാണ് ലോക രണ്ടാം നമ്പര്‍ താരം മത്സരം സ്വന്തമാക്കിയത്. കഴിഞ്ഞാഴ്ച ഡെന്മാര്ക്ക് ഓപ്പണില്‍ ഏറ്റ ആദ്യ റൗണ്ട് പരാജയത്തിനുള്ള പ്രതികാരം കൂടിയാണ് ചെന്നിനെതിരെയുള്ള സിന്ധുവിന്റെ ഈ വിജയം
ആദ്യ ഗെയമിന്റെ തുടക്കത്തില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം പോയിന്റുകളുമായി മുന്നേറിയെങ്കിലും ഗെയിമിന്റെ പകുതി സമയത്ത് 11-6നു സിന്ധുവായിരുന്നു മുന്നില്‍. ഇടവേളയ്ക്ക് ശേഷം തുടരെ നാല് പോയിന്റ് നേടി ലീഡ് കുറയ്ക്കാന്‍ ചെന്നിനായെങ്കിലും വീണ്ടും സിന്ധു 15-10ന്റെ ലീഡ് നേടി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരുവാനുള്ള അവസരം ചെന്‍ യൂഫെയ്ക്ക് നല്‍കാതെ സിന്ധു ആദ്യ ഗെയിം 21-14നു സ്വന്തമാക്കി.
രണ്ടാം ഗെയിമിലും ആദ്യ ഗെയിമിനു സമാനമായി ഇരുതാരങ്ങളും ഒപ്പം മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ ഇടവേളയില്‍ 11-7നു സിന്ധു തന്നെ ലീഡ് സ്വന്തമാക്കി. ഇടവേളയ്ക്ക് ശേഷം കൂടുതല്‍ മികവ് കാട്ടി സിന്ധു ഗെയിമും മത്സരവും 21-14 എന്ന സ്കോറിനു സ്വന്തമാക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial