മാച്ച് പോയിന്റില്‍ നിന്ന് കളി കൈവിട്ട് സൈന, കൊറിയ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ പുറത്ത്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ജപ്പാന്റെ 2017 ലോക ചാമ്പ്യന്‍ നൊസോമി ഒകുഹാരയോട് മൂന്ന് ഗെയിം പോരാട്ടത്തിനു ശേഷം അടിയറവ് പറഞ്ഞ് സൈന. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ 21-15,15-21, 20-22 എന്ന സ്കോറിനാണ് സൈന ജപ്പാന്റെ നൊസോമിയോട് പരാജയപ്പെട്ടത്. ആദ്യ ഗെയിമില്‍ സൈന അനായാസം വിജയം കണ്ടപ്പോള്‍ ശക്തമായ തിരിച്ചുവരവാണ് നൊസോമി രണ്ടാം ഗെയിമില്‍ നടത്തിയത്. എന്നാല്‍ മൂന്നാം ഗെയിമില്‍ തന്റെ കളി മെച്ചപ്പെടുത്തിയ സൈന മാച്ച് പോയിന്റ് വരെ എത്തിയെങ്കിലും മത്സരം സ്വന്തമാക്കാനായില്ല.

മത്സരത്തിന്റെ തുടക്കത്തില്‍ 0-3 നു സൈന പിന്നിലായിരുന്നുവെങ്കില്‍ 7-6 നു ആദ്യമായി മത്സരത്തില്‍ ലീഡ് നേടിയ ശേഷം സൈന തന്നെയായിരുന്നു ഏറെ മുന്നില്‍. ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് സൈന 11-9നു ലീഡ് ചെയ്യുകയായിരുന്നുവെങ്കില്‍ ഇടവേളയ്ക്ക് ശേഷം ആധിപത്യം ഉറപ്പിച്ച് സൈന 19-12ന്റെ ലീഡ് കരസ്ഥമാക്കി. 20-12നു സൈന ഗെയിം പോയിന്റിനു അടുത്തെത്തിയെങ്കിലും മൂന്ന് പോയിന്റുകള്‍ നേടി ഒകുഹാര പൊരുതി നോക്കിയെങ്കിലും ഗെയിം സൈന 21-15നു സ്വന്തമാക്കി.

ആദ്യ ഗെയിമിലേത് പോലെത്തന്നെ ജപ്പാന്‍ താരത്തിന്റെ ലീഡോടു കൂടിയാണ് രണ്ടാം ഗെയിമും ആരംഭിച്ചത്. ഒരു ഘടത്തില്‍ 4-2ന്റെ ലീഡ് നേടിയ നൊസോമിയെ സൈന 6-6 ല്‍ ഒപ്പം പിടിച്ചു. ആദ്യ ഗെയിമിലേതിനു സമാനമായി അവിടെ നിന്ന് ഗെയിമില്‍ 8-7 എന്ന രീതിയില്‍ സൈന ലീഡ് നേടി. എന്നാല്‍ രണ്ടാം ഗെയിമിന്റെ ഇടവേളയ്ക്ക് പിരിയുമ്പോള്‍ ലീഡ് ജപ്പാന്‍ താരത്തിനായിരുന്നു. സൈനയെ 11-7 എന്ന സ്കോറിനാണ് ഇടവേള സമയത്ത് ഒകുഹാര പിന്നിലാക്കിയത്.

രണ്ടാം ഗെയിമിന്റെ ഇടവേളയില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിച്ച ജപ്പാന്‍ താരം തന്റെ ലീഡ് വര്‍ദ്ധിപ്പിച്ചു കൊണ്ടേയിരുന്നു. ആദ്യ ഗെയിമിനെ അപേക്ഷിച്ച് നീണ്ട റാലികളാണ് ഗെയിമില്‍ ഇരു താരങ്ങളും നടത്തിയത്. ഗെയിം 21-15നു സ്വന്തമാക്കി നൊസോമി മത്സരം നിര്‍ണ്ണായകമായ മൂന്നാം ഗെയിമിലേക്ക് നീട്ടി.

മൂന്നാം ഗെയിമില്‍ സൈനയാണ് പോയിന്റുകള്‍ നേടി തുടങ്ങിയത്. സൈനയുടെ ലീഡ് ഏറെ വര്‍ദ്ധിപ്പിക്കാനനുവദിക്കാതെ നൊസോമിയും ഒപ്പം കൂടിയപ്പോള്‍ മൂന്നാം ഗെയിമിന്റെ ഇടവേള സമയത്ത് 11-8ന്റെ ലീഡുമായി സൈന മുന്നിട്ടു നിന്നു. 20-16നു മാച്ച് പോയിന്റിനു അരികില്‍ എത്തിയ ശേഷമാണ് സൈന പടിയ്ക്കല്‍ കൊണ്ട് കലമുടച്ചത്. 4 മാച്ച് പോയിന്റുകള്‍ രക്ഷപ്പെടുത്തി നൊസോമി മൂന്നാം ഗെയിം 22-20 നു സ്വന്തമാക്കി ജപ്പാന്‍ ഓപ്പണ്‍ സെമിയില്‍ കടന്നു.