മൂന്നാം റാങ്കുകാര്‍ക്കെതിരെ പൊരുതി നേടി സാത്വിക് – ചിരാഗ് കൂട്ടുകെട്ട്, ബാഡ്മിന്റണിലെ ആദ്യ ജയം

Sports Correspondent

ഒളിമ്പിക്സ് ബാഡ്മിന്റണിൽ ആദ്യ ജയം നേടി ഇന്ത്യ. ഇന്ന് നടന്ന പുരുഷ ഡബിള്‍സ് മത്സരത്തിൽ കടുത്ത പോരാട്ടത്തെ അതിജീവിച്ചാണ് ഇന്ത്യന്‍ താരങ്ങളായ സാത്വിക് സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് വിജയം പിടിച്ചെടുത്തത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ വിജയിച്ചാണ് ചൈനീസ് തായ്പേയ് താരങ്ങളെ കീഴടക്കി ഇന്ത്യയുടെ വിജയം. 21-16, 16-21, 25-27 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ ജോഡിയുടെ വിജയം.

ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനക്കാരായ ലീ – വാംഗ് ജോഡിയെയാണ് ഇന്ത്യന്‍ ടീം പരാജയപ്പെടുത്തിയത്. അവസാന ഗെയിമിൽ 16 – 19ന് പിന്നിൽ പോയ ശേഷം 20-19ന് മാച്ച് പോയിന്റ് സ്വന്തമാക്കിയെങ്കിലും ചൈനീസ് തായ്‍പേയ് താരങ്ങള്‍ ഒപ്പമെത്തുകയായിരുന്നു. നാല് തവണ മാച്ച് പോയിന്റുകള്‍ നേടിയെങ്കിലും ഓരോ തവണയും ചൈനീസ് തായ്‍പേയ് താരങ്ങള്‍ ഒപ്പമെത്തുന്നതാണ് കാണാനായത്. അവസാനം ഒരു മാച്ച് പോയിന്റ് രക്ഷിച്ച താരങ്ങള്‍ പിന്നീട് ഒരു അവസരം നല്‍കാതെ മത്സരം പോക്കറ്റിലാക്കി.