
ഈ മാസം അവസാനം നടക്കുന്ന ജർമൻ ഗ്രാൻപ്രിക്സ് ഗോൾഡ് ടൂർണമെന്റിൽ നിന്നും ഇന്ത്യയുടെ സ്റ്റാർ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ പിന്മാറി. ഇന്ത്യൻ താരം അജയ് ജയറാമും ടൂർണമെന്റിൽ നിന്ന് പിന്മാറിയിട്ടുണ്ട്.
പരിക്കിൽ നിന്നും മുക്തയായി തിരിച്ചു വന്ന സൈന നെഹ്വാൾ, മത്സരങ്ങളുടെ ആധിക്യം മൂലമാണ് ടൂർണമെന്റിൽ നിന്നും പിന്മാറിയിട്ടുള്ളത്. തുടർച്ചയായി മൂന്നാഴ്ചയോളം ഇന്ത്യൻ പ്രീമിയർ ബാഡ്മിന്റൺ ലീഗിലും ജനുവരിയിൽ മലേഷ്യൻ മാസ്റ്റേഴ്സിലും കളിച്ചിരുന്നു.
മലേഷ്യൻ മാസ്റ്റേഴ്സിൽ കിരീടം നേടിയ സൈനക്ക് മാർച്ചിൽ നടക്കുന്ന സൂപ്പർ സീരീസുകൾക്ക് മുന്നോടിയായി വിശ്രമം ആവശ്യമാണ്. ടൂർണമെന്റിൽ നിന്നും പിന്മാറിയതിനാൽ മാർച്ചിൽ നടക്കുന്ന ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിനു പൂർണ കായിക ക്ഷമതയോടെ തിരിച്ചെത്താം എന്ന പ്രതീക്ഷയിലാണ് സൈന നെഹ്വാൾ.