സൈന പുറത്ത്, തായ്‍ലാന്‍ഡ് ഓപ്പണില്‍ നിന്ന് ശ്രീകാന്ത് കിഡംബി പിന്മാറി

തായ്‍ലാന്‍ഡ് ഓപ്പണില്‍ സിംഗിള്‍സിലെ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചു. സൈന നെഹ്‍വാല്‍ രണ്ടാം റൗണ്ടില്‍ പുറത്തായപ്പോള്‍ ശ്രീകാന്ത് കിഡംബി പരിക്ക് കാരണം ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറി. സൈന തായ്‍ലാന്‍ഡിന്റെ ബുസ്നാനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് പരാജയമേറ്റു വാങ്ങിയത്. സ്കോര്‍: 23-21, 14-21, 16-21. 68 മിനുട്ടാണ് ഈ മത്സരം നീണ്ട് നിന്നത്.

ഒപ്പത്തിനൊപ്പം പോരാട്ടം കണ്ട ആദ്യ ഗെയിമില്‍ 23-21ന് സൈനയാണ് വിജയം കരസ്ഥമാക്കിയത്. അതെ സമയം രണ്ടാം ഗെയിമില്‍ ബുസ്നാന്‍ ആദ്യമേ ലീഡ് നേടി. പിന്നീട് തായ്‍ലാന്‍ഡ് താരം ഗെയിം 21-14ന് സ്വന്തമാക്കി മത്സരം മൂന്നാം ഗെയിമിലേക്ക് നീക്കി. മൂന്നാം ഗെയിമിലും തുടക്കം മുതലെ ആധിപത്യം പുലര്‍ത്തിയ തായ്‍ലാന്‍ഡ് താരം മത്സരം സ്വന്തമാക്കി.

തായ്‍ലാന്‍ഡ് ഓപ്പണില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ഇന്ന് നടക്കാനിരുന്ന മത്സരത്തില്‍ നിന്ന് താരം കാഫ് മസില്‍ പുള്‍ കാരണം പിന്മാറുകയാണെന്ന് അറിയിക്കുകയായിരുന്നു. ഇന്ത്യന്‍ സഹതാരം സൗരഭ് വര്‍മ്മയെ പരാജയപ്പെടുത്തിയാണ് കിഡംബി രണ്ടാം റൗണ്ടില്‍ കടന്നത്.