തായ്‍ലാന്‍ഡ് താരത്തെ മറികടന്ന സൈന ക്വാര്‍‍ട്ടറില്‍

- Advertisement -

സ്കോര്‍ ലൈന്‍ കണ്ടാല്‍ ആദ്യ ഗെയിം കടുപ്പവും രണ്ടാം ഗെയിം അനായാസമെന്നും തോന്നുമെങ്കിലും കടുപ്പമേറിയ രണ്ടാം റൗണ്ട് ജയമാണ് ഇന്ത്യന്‍ പ്രതീക്ഷ സൈന നെഹ്‍വാല്‍ ഡെന്മാര്‍ക്ക് സൂപ്പര്‍ സീരീസില്‍ സ്വന്തമാക്കിയത്. 22-20, 21-13 നാണ് സൈന ജയം നേടിയത്. രണ്ടാം ഗെയിമിന്റെ അവസാനം വരെ വിടാതെ സൈനയെ പിന്തുടര്‍ന്ന തായ്‍ലാന്‍ഡ് താരം നിച്ചോന്‍ ജിന്‍ഡാപോള്‍ മികച്ച ചെറുത്ത് നില്പാണ് കാഴ്ചവെച്ചത്.

ആദ്യ ഗെയിമിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഇരു താരങ്ങളും ഒപ്പത്തിനൊപ്പമാണ് നീങ്ങിയത്. ഇടവളയ്ക്ക് പിരിയുമ്പോള്‍ സൈന 11-9നു ആദ്യ ഗെയിമില്‍ ലീഡ് ചെയ്തു. മത്സരത്തില്‍ ആദ്യമായി തായ്‍ലാന്‍ഡ് താരം ലീഡ് നേടുമ്പോള്‍ സ്കോര്‍ 14-13 ആയിരുന്നു. എന്നാല്‍ രണ്ട് തവണ പിന്നില്‍ പോയ സൈന ഒപ്പം പിടിക്കുകയായിരുന്നു. ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച ഗെയിം 22-20നു സൈന നേടി. രണ്ട് ഗെയിം പോയിന്റുകള്‍ രക്ഷിക്കാന്‍ നിച്ചോനിനു സാധിച്ചുവെങ്കിലും അന്തിമ വിജയം ഇന്ത്യന്‍ താരത്തിനൊപ്പം നിന്നു.

രണ്ടാം ഗെയിമില്‍ ആദ്യ പോയിന്റുകള്‍ ജിന്‍ഡാപോള്‍ ആണ് നേടിയത്. സൈന ഉടന്‍ തിരിച്ചടിച്ച് പോയിന്റ് നിലയില്‍ ഒപ്പമെത്തുകയും ചെയ്തു. ഇടവേളയ്ക്ക് പിരിയുമ്പോള്‍ 11-6ന്റെ ലീഡ് നേടിയ സൈനയെ ഇടവേളയ്ക്ക് ശേഷം തുടരെ 4 പോയിന്റ് നേടി ജിന്‍ഡാപോള്‍ വിറപ്പിച്ചു. എന്നാല്‍ തന്റെ അനുഭവസമ്പത്തിന്റെ മികവില്‍ സൈന 21-13നു ഗെയിമും മാച്ചും സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement