സിന്ധുവിനു പിന്നാലെ സൈനയും പുറത്ത്

- Advertisement -

ഓള്‍ ഇംഗ്ലണ്ട് ചാംപ്യന്‍ഷിപ്പിലെ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യയുടെ സൈന നെഹ്‍വാലും തോറ്റു പുറത്ത്. കൊറിയന്‍ താരവും മൂന്നാം സീഡുമായ സുംഗ് ജി ഹ്യുനിനോടാണ് സൈന 22-20, 21-17 എന്ന സ്കോറിനു പരാജയപ്പെട്ടത്.

ആദ്യ ഗെയിമില്‍ പിന്നില്‍ നിന്ന് ശേഷം സൈന മികച്ച തിരിച്ചുവരവിലൂടെ ഇടവേള സമയത്ത് 11-7നു ലീഡ് സമ്പാദിക്കുകയായിരുന്നു. എന്നാല്‍ ഇടവേളയ്ക്ക് ശേഷം കൊറിയന്‍ താരം ശക്തമായ തിരിച്ചുവരവ് നടത്തി സ്കോര്‍ 11-11 ആക്കി. നീണ്ട റാലികള്‍ കണ്ട സെറ്റില്‍ സൈനയുടെ പവറിനു മുന്നില്‍ സുംഗ് പതറുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ സൈന വരുത്തിയ പിഴവുകളിലൂടെ 5 പോയിന്റ് ലീഡ് തിരിച്ചുപിടിച്ച് സുംഗ് സ്കോര്‍ 17-17ല്‍ എത്തിച്ചു. പിന്നീട് ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തില്‍ ഇരുവരും പോയിന്റുകള്‍ നേടിയപ്പോള്‍ സ്കോര്‍ 20-20ല്‍ എത്തിയെങ്കിലും ആദ്യ സെറ്റ് മൂന്നാം സീഡായ കൊറിയന്‍ താരം 22-20നു വിജയിച്ചു.

രണ്ടാം സെറ്റില്‍ തുടക്കത്തില്‍ ലീഡ് നേടിയെങ്കിലും പിന്നീട് ഇരുവരും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് കാഴ്ചവെച്ചത്. 9-6ന്റെ ലീഡ് സൈന നേടിയെങ്കിലും ഇടവേള സമയത്ത് വെറും 2 പോയിന്റ് ലീഡ് മാത്രമാണ് സൈനയ്ക്ക് സ്വന്തമായത്. എന്നാല്‍ പതിവു പോലെ രണ്ടാം പകുതിയില്‍ മത്സരം കൈവിട്ട ഇന്ത്യന്‍ താരം മൂന്ന് മാച്ച് പോയിന്റുകള്‍ സേവ് ചെയ്തുവെങ്കിലും 22-20 നു ഗെയിമും മത്സരവും അടിയറവു പറയുകയായിരുന്നു.

Advertisement