മൂന്ന് ഗെയിം പോരാട്ടത്തില്‍ സായി പ്രണീതിന് ആദ്യ റൗണ്ട് ജയം

ചൈന ഓപ്പണ്‍ ആദ്യ റൗണ്ടില്‍ വിജയം കരസ്ഥമാക്കി ഇന്ത്യയുടെ സായി പ്രണീത്. ഇന്ന് തായ്‍ലാന്‍ഡിന്റെ സുപ്പാന്യുവിനോട് മൂന്ന് ഗെയിം മത്സരത്തിലാണ് പ്രണീത് പൊരുതി നേടിയ വിജയം ഉറപ്പാക്കിയത്. ആദ്യ ഗെയിം കടുത്ത മത്സരത്തെ അതിജീവിച്ച് വിജയം പിടിച്ചെടുക്കുവാന്‍ പ്രണീതിന് സാധിച്ചപ്പോള്‍ രണ്ടാം ഗെയിമില്‍ സമാനമായ അവസ്ഥയില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ വിജയം സുപ്പാന്യുവിനൊപ്പമായിരുന്നു.

മൂന്നാം ഗെയിമില്‍ താരതമ്യേന അനായാസമായ വിജയമാണ് സായി പ്രണീത് കരസ്ഥമാക്കിയത്. 72 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. സ്കോര്‍: 21-19, 21-23, 21-14.

അതേ സമയം മിക്സഡ് ഡബിള്‍സ് മത്സരത്തില്‍ ജര്‍മ്മന്‍ താരങ്ങളോട് പരാജയപ്പെട്ട് ഇന്ത്യയുടെ സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ട് പുറത്തായി. 12-21, 21-23 എന്ന സ്കോറിന് നേരിട്ടുള്ള ഗെയിമിലായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ തോല്‍വി. രണ്ടാം ഗെയിമില്‍ ഇന്ത്യന്‍ താരങ്ങള്‍ ചെറുത്ത്നില്പുയര്‍ത്തിയെങ്കിലും അവസാനം നിമിഷം കാലിടറുകയായിരുന്നു.