സെമിയില്‍ പുറത്തായി സായി പ്രണീത്, വനിത ഫൈനലില്‍ ജപ്പാന്‍ താരങ്ങള്‍ ഏറ്റുമുട്ടും

ജപ്പാന്റെ കെന്റോ മൊമോട്ടോയോട് പരാജയപ്പെട്ട് ജപ്പാന്‍ ഓപ്പണ്‍ സെമി ഫൈനലില്‍ പുറത്തായി ഇന്ത്യയുടെ സായി പ്രണീത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം. 45 മിനുട്ട് നീണ്ട മത്സരത്തില്‍ 18-21, 12-21 എന്ന സ്കോറിനാണ് പ്രണീത് പരാജയമേറ്റ് വാങ്ങിയത്. ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയാണ് ഫൈനലില്‍ കെന്റോയുടെ എതിരാളി. 21-14, 21-14 എന്ന സ്കോറിന് ഡെന്മാര്‍ക്കിന്റെ ജാന്‍ ഒ ജോര്‍ജെന്‍സെന്നെയാണ് ജോനാഥന്‍ ക്രിസ്റ്റി പരാജയപ്പെടുത്തിയത്.

അതേ സമയം വനിത സിംഗിള്‍ ജപ്പാന്‍ താരങ്ങളായ നൊസോമി ഒക്കുഹാരയും അകാനെ യമാഗൂച്ചിയും ഏറ്റുമുട്ടും. കഴിഞ്ഞ ആഴ്ച ഇന്തോനേഷ്യ ഓപ്പണ്‍ വിജയിച്ച താരമാണ് അകാനെ യമാഗൂച്ചി. യമാഗൂച്ചി ചൈനയുടെ യൂ ഫെയി ചെന്നിനെ 21-15, 21-15 എന്ന സ്കോറിന് കീഴടക്കിയപ്പോള്‍ നൊസോമി ഒക്കുഹാര കാനഡയുടെ മിഷേല്‍ ലിയെ 21-12, 21-18 എന്ന സ്കോറിന് പരാജയപ്പെടുത്തി ഫൈനലില്‍ കടന്നു.