ആദ്യ ഗെയിം നേടി എന്നിട്ടും മത്സരം കൈവിട്ട് പ്രണോയ്

പരാജയം ജപ്പാന്റെ കസമൂസ സകായിയോട്

- Advertisement -

ഇന്ത്യയുടെ എച്ച് എസ് പ്രണോയ് ഹോങ്കോംഗ് ഓപ്പണില്‍ നിന്ന് പുറത്ത്. മൂന്ന് ഗെയിം പോരാട്ടത്തിനു ശേഷമാണ് ജപ്പാന്റെ കസമൂസ സകായിയോട് പ്രണോയ് പരാജയം ഏറ്റുവാങ്ങിയത്. തോല്‍വിയോടെ ടൂര്‍ണ്ണമെന്റില്‍ നിന്ന് മാത്രമല്ല അടുത്ത മാസം നടക്കുന്ന ദുബായ് മാസ്റ്റേഴ്സ് ഫൈനലിനു യോഗ്യതയും പ്രണോയ്ക്ക് നേടാനായില്ല. സ്കോര്‍: 21-11, 10-21, 15-21. ആദ്യ ഗെയിമില്‍ 21-11നു പ്രണോയ് വിജയം കൊയ്തപ്പോള്‍ രണ്ടാം ഗെയിം 21-10നു സകായി സ്വന്തമാക്കി. മൂന്നാം ഗെയിമില്‍ 21-15നു ജപ്പാന്‍ താരം മത്സരം സ്വന്തമാക്കി.

മത്സരത്തിന്റെ ആദ്യ ഗെയിമില്‍ ഇന്ത്യന്‍ താരത്തിന്റെ വ്യക്തമായ ആധിപത്യമാണ് കണ്ടത്. ഇടവേള സമയത്ത് 11-2നു ലീഡ് ചെയ്ത പ്രണോയ് അധികം വൈകാതെ ഗെയിം 21-11നു സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ കസാമുസ സകായിയുടെ ശക്തമായ തിരിച്ചുവരവാണ് കണ്ടത്. തുടക്കും മുതലെ പ്രണോയിയെക്കാള്‍ ലീഡ് ചെയ്യുവാന്‍ ശ്രദ്ധിച്ച ജപ്പാന്‍ താരം ഒരിക്കലും ഗെയിമില്‍ തിരിച്ചുവരാന്‍ പ്രണോയിയെ അനുവദിച്ചില്ല. ഇടവേള സമയത്ത് 11-6നു ലീഡ് ചെയ്ത സകായി ഗെയിം 21-10നു സ്വന്തമാക്കി.

മൂന്നാം ഗെയിമില്‍ സകായി തുടക്കത്തില്‍ തന്നെ മൂന്ന് പോയിന്റ് ലീഡ് നേടി. പ്രണോയ് ലീഡിന്റെ അന്തരം കുറയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും ഇടവേളയില്‍ 11-8ന്റെ മുന്‍തൂക്കം ജപ്പാന്‍ താരം സ്വന്തമാക്കി. ഇടവേളയ്ക്ക് ശേഷം പ്രണോയ് ആവതും ശ്രമിച്ചുവെങ്കിലും 15 പോയിന്റുകള്‍ മാത്രമേ താരത്തിനു നേടാനായുള്ളു. 54 മിനുട്ട് നീണ്ട മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങിയതോടെ ടൂര്‍ണ്ണമെന്റിലെ പുരുഷ വിഭാഗത്തിലെ ഇന്ത്യന്‍ സാന്നിധ്യം അവസാനിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement