പോരാട്ടം 90 മിനുട്ട്, പ്രണോയ് രണ്ടാം റൗണ്ടില്‍

- Advertisement -

ചൈന ഓപ്പണ്‍ ആദ്യ റൗണ്ടില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ വിജയം നേടി ഇന്ത്യയുടെ എച്ച് എസ് പ്രണോയ്. കൊറിയയുടെ ലീ ഡോംഗ് ക്വെനിനെയാണ് പ്രണോയ് 90 മിനുട്ട് നീണ്ട പോരാട്ടത്തിനു ശേഷം പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം പിന്നില്‍ പോയ ശേഷമാണ് പ്രണോയ് വിജയം പിടിച്ചെടുത്തത്. സ്കോര്‍: 18-21, 21-16, 21-19.

ആദ്യ ഗെയിമില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും ഇടവേള സമയത്ത് 11-10ന്റെ ലീഡ് ഇന്ത്യന്‍ താരത്തിനൊപ്പം നിന്നു. ഇടവേളയ്ക്ക് ശേഷം ലീഡ് തിരിച്ചുപിടിച്ച് ലീ ഗെയിം 21-18നു നേടി. രണ്ടാം ഗെയിമിലും ആദ്യം മുതല്‍ ലീഡ് ലീയ്ക്ക് തന്നെയായിരുന്നു. ഇടവേള സമയത്ത് 11-8നു മുന്നിട്ട് നിന്ന കൊറിയന്‍ താരത്തിനു തന്നെയായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം.

എന്നാല്‍ ഇടവേളയ്ക്ക് ശേഷം മത്സരം മാറ്റിമറിച്ച് പ്രണോയ് കൊറിയന്‍ താരത്തിനു ഒപ്പമെത്തി. പിന്നീട് കൊറിയന്‍ താരത്തെ കാഴ്ചക്കാരനാക്കി ഗെയിം 21-16നു സ്വന്തമാക്കി പ്രണോയ് മത്സരം നിര്‍ണ്ണായകമായ മൂന്നാം ഗെയിമിലേക്ക് കൊണ്ടെത്തിച്ചു. മൂന്നാം ഗെയില്‍ ഇടവേള സമയത്ത് 11-8ന്റെ ലീഡ് സ്വന്തമാക്കിയത് പ്രണോയ് ആയിരുന്നു. എന്നാല്‍ ഇടവേളയ്ക്ക് ശേഷം 6 പോയിന്റ് തുടരെ നേടി ലീ പ്രണോയിയെ ഞെട്ടിച്ചു.

നീണ്ട റാലികള്‍ കണ്ട ഗെയിമില്‍ പിന്നീട് പ്രണോയ് മത്സരത്തിലേക്ക് തിരികെ എത്തുന്ന കാഴ്ചയാണ് കോര്‍ട്ടില്‍ കണ്ടത്. മൂന്നാം ഗെയിം 21-19നു സ്വന്തമാക്കി പ്രണോയ് രണ്ടാം റൗണ്ടിലേക്ക് കടക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement