അഹമ്മദാബാദ് സ്മാഷ് മാസ്റ്റേഴ്സിനോട് പരാജയപ്പെട്ട് നോര്‍ത്ത് ഈസ്റ്റേണ്‍ വാരിയേഴ്സ്

- Advertisement -

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങി നോര്‍ത്ത് ഈസ്റ്റേണ്‍ വാരിയേഴ്സ്. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ 4-3 എന്ന സ്കോറിനാണ് അഹമ്മദാബാദ് സ്മാഷ് മാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റേണ്‍ വാരിയേഴ്സിനെതിരെ വിജയം നേടിയത്. രണ്ട് പുരുഷ സിംഗിള്‍സ്, വനിത സിംഗിള്‍സ് മത്സരങ്ങള്‍ അഹമ്മദാബാദ് ജയിച്ചപ്പോള്‍ മിക്സഡ് ഡബിള്‍സ്, പുരുഷ ഡബിള്‍സ് എന്നീ മത്സരങ്ങളില്‍ വാരിയേഴ്സ് ആണ് ജയം നേടിയത്.

ആദ്യ സിംഗിള്‍സ് മത്സരത്തില്‍ സൗരഭ് വര്‍മ്മ പ്രതുല്‍ ജോഷിയെ പരാജയപ്പെടുത്തി സ്മാഷ് മാസ്റ്റേഴ്സിനു വിജയത്തുടക്കം നല്‍കി. സ്കോര്‍: 15-10. 15-7. മിക്സഡ് ഡബിള്‍സ് മത്സരത്തില്‍ സാവന്ത്/ചിയോല്‍ സഖ്യം വാരിയേഴ്സിനു വിജയം സമ്മാനിച്ച് വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. മൂന്നാം മത്സരത്തില്‍ തങ്ങളുടെ ട്രംപ് മത്സരമാണ് വനിത സിംഗിള്‍സ് വിജയത്തിലൂടെ അഹമ്മദാബാദ് സ്വന്തമാക്കിയത്. അടുത്ത മത്സരം വിജയിച്ച് എച്ച് എസ് പ്രണോയ് അഹമ്മദാബാദിനു മത്സരം സ്വന്തമാക്കുവാന്‍ സഹായിച്ചു. സു വീ വാംഗിനെ 15-10, 15-14 എന്ന സ്കോറിനാണ് ജയം പ്രണോയ് സ്വന്തമാക്കിയത്.

4-1 ന്റെ ലീഡ് സ്വന്തമാക്കിയ സ്മാഷ് മാസ്റ്റേഴ്സിനെ തങ്ങളുടെ അവസാന ട്രംപ് മത്സരം ജയിച്ച് ലീഡ് കുറയ്ക്കുക എന്ന ദൗത്യത്തോടെ ഇറങ്ങിയ വാരിയേഴ്സിനു വിജയത്തിലൂടെ അതിനു സാധിച്ചു എന്ന് മാത്രം ആശ്വസിക്കാം. 15-8, 15-11 എന്ന സ്കോറിനാണ് വാരിയേഴ്സ് പുരുഷ ഡബിള്‍സ് ജയിച്ച് 4-3 എന്ന നിലയില്‍ ലീഡ് കുറച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement