ചൈന ഓപ്പണ്‍ ഇന്ത്യന്‍ മിക്സഡ് ഡബിള്‍സ് സഖ്യം മെയിന്‍ ഡ്രോയിലേക്ക്

- Advertisement -

ചൈന ഓപ്പണിലെ തങ്ങളുടെ ക്വാളിഫയര്‍ മത്സരങ്ങളില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ജോഡികളായ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് സഖ്യം ടൂര്‍ണ്ണമെന്റിന്റെ മെയിന്‍ ഡ്രോയിലേക്ക് യോഗ്യത നേടി. ഇന്ന് നടന്ന രണ്ട് ക്വാളിഫയര്‍ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യന്‍ ടീം യോഗ്യത ഉറപ്പാക്കിയത്.

ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ സഖ്യം ചൈനീസ് തായ്പേ ജോഡികളെയാണ് പരാജയപ്പെടുത്തിയത്. 24-22, 21-7 എന്ന സ്കോറിനു നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ജയം. ആദ്യ ഗെയിമില്‍ തീപ്പാറുന്ന പോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ സഖ്യം വിജയികളായപ്പോള്‍ രണ്ടാം ഗെയിമില്‍ ജയം അനായാസമായിരുന്നു.

രണ്ടാം മത്സരത്തില്‍ അശ്വിനി-സാത്വിക് ജോഡികള്‍ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനു ശേഷമാണ് ജയം പിടിച്ചെടുത്തത്. ആദ്യ ഗെയിം 21-16നു സ്വന്തമാക്കിയ ഇന്ത്യന്‍ സഖ്യം ഡെന്മാര്‍ക്കിന്റെ താരങ്ങളോട് രണ്ടാം ഗെയിമില്‍ 19-21 അടിയറവു പറഞ്ഞു. അവസാന ഗെയിമില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയപ്പോള്‍ ഗെയിം 22-20നു ഇന്ത്യന്‍ സഖ്യം സ്വന്തമാക്കി. പലവട്ടം മാച്ച് പോയിന്റുകള്‍ രക്ഷിച്ച ശേഷമാണ് ഇന്ത്യന്‍ സഖ്യം ജയം സ്വന്തമാക്കിയത്. സ്കോര്‍: 21-16, 19-21, 22-20.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement