മരിന്‍ ലോക ചാമ്പ്യന്‍, അവസാന കടമ്പ കടക്കാനാകാതെ സിന്ധു

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം നേടി സ്പെയിനിന്റെ കരോളിന മരിന്‍. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ പിവി സിന്ധുവിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് കിരീടം മരിന്‍ നേടിയത് നേടിയത്. 21-19, 21-10 എന്ന സ്കോറിനായിരുന്നു ജയം. 45 മിനുട്ട് നീണ്ട പോരാട്ടത്തിലാണ് മരിന്റെ കിരീടധാരണം. ഒളിമ്പിക്സ് ഫൈനലിലെന്ന പോലെ ഇവിടെയും വെള്ളി മെഡല്‍ കൊണ്ട് സിന്ധു സംതൃപ്തിപ്പെടേണ്ടതുണ്ട്.

ആദ്യ ഗെയിമില്‍ ആദ്യ പോയിന്റുകള്‍ മരിനാണ് നേടിയതെങ്കിലും സിന്ധു പിന്നീട് 8-5ന്റെ ലീഡ് നേടുകയായിരുന്നു. എന്നാല്‍ തുടരെ രണ്ട് പോയിന്റ് നേടി കരോളിന മരിന്‍ ലീഡ് 8-7 ആയി കുറച്ചു. ഇടവേള സമയത്ത് സിന്ധു 11-8നു മുന്നിട്ട് നിന്നു.

രണ്ടാം പകുതി പുരോഗമിക്കവേ നാല് പോയിന്റ് ലീഡ് നിലനിര്‍ത്തി സിന്ധു 15-11നു മുന്നിലെത്തിയെങ്കിലും മരിന്‍ മികച്ച തിരിച്ചുവരവ് നടത്തി ആദ്യ ഗെയിമില്‍ 16-15നു ലീഡ് നേടി. പിന്നീട് ഓരോ പോയിന്റിനും തീവ്രമായ പോരാട്ടം ഇരുവരും പുറത്തെടുത്തപ്പോള്‍ മത്സരം ആവേശകരമായി മാറി. 18-18നു ഒപ്പം നിന്ന ശേഷം രണ്ട് ഗെയിം പോയിന്റുകള്‍ സ്വന്തമാക്കിയ സ്പാനിഷ് താരം ആദ്യ ഗെയിം 21-19നു വിജയിച്ചു.

രണ്ടാം ഗെയിമില്‍ സിന്ധുവിനുമേല്‍ വ്യക്തമായ ആധിപത്യമാണ് കരോളിന മരിന്‍ നേടിയത്. 7-1നു തുടക്കത്തില്‍ ലീഡ് നേടിയ മരിന്‍ സിന്ധുവിനു തിരിച്ചുവരവിനു അവസരം നല്‍കാതെ ഇടവേള സമയത്ത് 11-2 ന്റെ ലീഡ് കരസ്ഥമാക്കി. ആദ്യ പകുതിയെ അപേക്ഷിച്ച് ഭേദപ്പെട്ട പ്രകടനം സിന്ധു ഇടവേളയ്ക്ക് ശേഷം പുറത്തടുത്തുവെങ്കിലും അപ്രാപ്യമായ ലീഡായിരുന്നു മരിന്‍ കൈവശപ്പെടുത്തിയിരുന്നത്.

രണ്ടാം ഗെയിമും മത്സരവും 21-10 എന്ന സ്കോറിനു സ്വന്തമാക്കി കരോളിന മരിന്‍ തന്റെ ലോക കിരീടം സ്വന്തമാക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial