തായി സു യിംഗിനെ കീഴടക്കി കരോളിന മരിന്‍ ചൈന ഓപ്പണ്‍ ജേതാവ്

ചൈന ഓപ്പണ്‍ വനിത സിംഗിള്‍സ് ഫൈനലില്‍ ജേതാവായി സ്പെയിനിന്റെ കരോളിന മരിന്‍. പരിക്ക് മൂലം നീണ്ട ഇടവേളയ്ക്ക് ശേഷം കളത്തിലേക്കെത്തിയ ശേഷം മരിന്‍ കളിക്കുന്ന രണ്ടാമത്തെ ടൂര്‍ണ്ണമെന്റാണ് ചൈന ഓപ്പണ്‍. തായ്‍വാന്റെ തായി സു യിംഗിനോടാണ് മരിന്റെ ജയം. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം കൈമോശം വന്ന ശേഷമാണ് മരിന്‍ ശക്തമായ തിരിച്ചവരവ് നടത്തിയത്.

65 മിനുട്ട് നീണ്ട ഫൈനലില്‍ ആദ്യ ഗെയിമില്‍ മരിന്‍ നിറം മങ്ങിയെങ്കിലും തായി സു യിംഗിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് അടുത്ത രണ്ട് ഗെയിമും പൊരുതി നേടി താരം കിരീടം സ്വന്തമാക്കി. സ്കോര്‍: 14-21, 21-17, 21-18.