കിഡംബി ക്വാര്‍ട്ടറില്‍, കിരണ്‍ ജോര്‍ജ്ജിന് പരാജയം

Sports Correspondent

ഓര്‍ലീന്‍സ് മാസ്റ്റേഴ്സ് 2021ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. മലേഷ്യയുടെ ജൂണ്‍ വീ ചിയമിനെ 21-17, 22-20 എന്ന സ്കോറിനാണ് 46 മിനുട്ടിനുള്ളില്‍ ശ്രീകാന്ത് കിഡംബി പരാജയപ്പെടുത്തിയത്. അതേ സമയം കിരണ്‍ ജോര്‍ജ്ജിന്റെ മികവാര്‍ന്ന പ്രകടനത്തിന് ഫ്രാന്‍സിന്റെ ബ്രൈസ് ലെവര്‍ഡേസ് അവസാനം കുറിയ്ക്കുകയായിരുന്നു. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവില്‍ 15-21, 21-14, 19-21 എന്ന സ്കോറിനായിരുന്നു കിരണിന്റെ പരാജയം. ചിരാഗ് സെന്നിനും പ്രീ ക്വാര്‍ട്ടറില്‍ 21-14, 9-21, 17-21 എന്ന സ്കോറിന് പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

പുരുഷ വിഭാഗം ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുവാന്‍ ഇന്ത്യയുടെ കൃഷ്ണ പ്രസാദ് ഗാര്‍ഗ – വിഷ്ണു വര്‍ദ്ധന്‍ കൂട്ടുകെട്ടിന് സാധിച്ചു. ഡെന്മാര്‍ക്കിന്റെ താരങ്ങളെ 21-7, 21-3 എന്ന സ്കോറിനാണ് ഇന്ത്യന്‍ കൂട്ടുകെട്ട് പരാജയപ്പെടുത്തിയത്. മിക്സഡ് ഡബിള്‍സില്‍ ധ്രുവ് കപില – അശ്വിനി പൊന്നപ്പ ജോഡി ഇംഗ്ലണ്ടിന്റെ ടീമിനെ 21-12, 21-18 എന്ന സ്കോറിന് പരാജയപ്പെടുത്തുകയായിരുന്നു.