ഡെന്മാര്‍ക്ക് സൂപ്പര്‍ സീരീസ് ഫൈനലില്‍ കടന്ന് ശ്രീകാന്ത് കിഡംബി

- Advertisement -

ഹോങ്കോംഗിന്റെ വോംഗ് വിംഗ് കി വിന്‍സെന്റിനെ നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്ത് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. സെമിയിലെ ആധികാരിക ജയത്തോടെ ഡെന്മാര്‍ക്ക് സൂപ്പര്‍ സീരീസ് ഫൈനലില്‍ ശ്രീകാന്ത് കിഡംബി കടന്നിരിക്കുകയാണ്. 39 മിനുട്ട് നീണ്ട മത്സരത്തില്‍ 21-18, 21-17 എന്ന സ്കോറിനാണ് കിഡംബി വിജയം നേടിയത്. കൊറിയയുടെ ലീ ഹ്യുന്‍ ആണ് കിഡംബിയുടെ ഫൈനലിലെ എതിരാളി.

ആദ്യ ഗെയിം 18 മിനുട്ടിലാണ് ശ്രീകാന്ത് സ്വന്തമാക്കിയത്. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ തന്നെ മികച്ച ലീഡ് സ്വന്തമാക്കാന്‍ ശ്രീകാന്തിനു കഴിഞ്ഞിരുന്നു. ഇടവേളയ്ക്ക് പിരിയുമ്പോള്‍ 11-6നു ശ്രീകാന്ത് ആയിരുന്നു മുന്നില്‍. വോംഗ് തിരിച്ചുവരവിനു ശ്രമിച്ചുവെങ്കിലും ലീഡ് കൈവിടാതെ മുന്നേറിയ ശ്രീകാന്ത് ആദ്യ ഗെയിം 21-18നു സ്വന്തമാക്കി.

രണ്ടാം ഗെയിമിന്റെ തുടക്കത്തിലും ആധികാരിക ലീഡ് നേടിയത് ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം തന്നെയാണ്. എന്നാല്‍ വോംഗ് മികച്ച തിരിച്ചുവരവ് നടത്തി ശ്രീകാന്തിനു ഒപ്പം പിടിച്ചു. 9-6നു ലീഡ് ചെയ്യുകയായിരുന്ന ശ്രീകാന്തിനെതിരെ 5 തുടര്‍ പോയിന്റുകള്‍ നേടി രണ്ടാം ഗെയിമിന്റെ ഇടവേളയില്‍ 11-9നു വോംഗ് ലീഡ് നേടി. ഇടവേളയ്ക്ക് ശേഷം ശ്രീകാന്ത് വോംഗിനു ഒപ്പം പിടിക്കുകയും പിന്നീട് ഇരു താരങ്ങളും 15 പോയിന്റ് വരെ ഒപ്പത്തിനൊപ്പം നിങ്ങുകയായിരുന്നു. മികച്ചൊരു സമാഷിലൂടെ ലീഡ് കൈവശപ്പെടുത്തിയ ശ്രീകാന്ത് 21-17നു ഹോങ്കോംഗ് താരത്തെ തറപറ്റിച്ചു തന്റെ ഫൈനല്‍ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement