ചൈന ഓപ്പണില്‍ നിന്ന് ഇന്ത്യന്‍ താരങ്ങളുടെ കൂട്ടപിന്മാറ്റം

- Advertisement -

ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യന്‍ പ്രാതിനിധ്യം കുറയുന്നു. നേരത്തെ ശ്രീകാന്ത് കിഡംബി മത്സരിക്കുകയില്ല എന്ന് വ്യക്തമാക്കിയതിനു പിന്നാലെ ഇപ്പോള്‍ കൂടുതല്‍ താരങ്ങള്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഇതോടു കൂടി ടൂര്‍ണ്ണമെന്റില്‍ ഇന്ത്യന്‍ പ്രാതിനിധ്യം കുറയുകയാണ്. പുരുഷ സിംഗിള്‍സില്‍ ദേശീയ ചാമ്പ്യന്‍ എച്ച് പ്രണോയയും സൗരഭ് വര്‍മ്മയും മാത്രമാകും ഇന്ത്യന്‍ പ്രതിനിധികള്‍.

കിഡംബിയ്ക്ക് പുറമേ പാരുപള്ളി കശ്യപ് ക്വാളിഫയറില്‍ നിന്നും സായി പ്രണീത്, അജയ് ജയറാം, സമീര്‍ വര്‍മ്മ എന്നിവര്‍ മെയിന്‍ ഡ്രോയില്‍ നിന്നും പിന്മാറുകയാണുണ്ടായത്. പരിക്ക് തന്നെയാണ് താരങ്ങളുടെ പിന്മാറ്റത്തിനു പിന്നില്‍. താരങ്ങളുടെ പിന്മാറ്റത്തില്‍ ഏറെ തിരിച്ചടി ലഭിക്കുക സായി പ്രണീതിനാവും. ദുബായിയില്‍ ലോക സൂപ്പര്‍ സീരീസ് ഫൈനല്‍ യോഗ്യത നേടാന്‍ ചൈനയില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ പ്രണീതിനു സാധ്യമായിരുന്നു. എന്നാല്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറിയതിനാല്‍ ആ സാധ്യതകള്‍ മങ്ങുകയാണ്.

മിക്സഡ് ഡബിള്‍സില്‍ പ്രണവ് ജെറി ചോപ്ര-സിക്കി റെഡ്ഢി സഖ്യവും പിന്മാറിയിട്ടുണ്ട്. ദേശീയ ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെ ചോപ്രയ്ക്കേറ്റ പരിക്ക് ഭേദമാകാത്തതാണ് പിന്മാറ്റത്തിനു കാരണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement