സബലെങ്ക റോളണ്ട് ഗാരോസ് നാലാം റൗണ്ടിലേക്ക് മുന്നേറി


ലോക ഒന്നാം നമ്പർ താരം ആര്യാന സബലെങ്ക ഫ്രഞ്ച് ഓപ്പണിലെ തൻ്റെ മികച്ച ഫോം തുടർന്നു. നാലാം റൗണ്ടിലേക്ക് പ്രവേശിച്ചു. ഒൾഗ ഡാനിലോവിച്ചിനെ 6-2, 6-3 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സബലെങ്കയുടെ മുന്നേറ്റം. 2023 ന് ശേഷം ഇത് അവരുടെ 50-ാം ഗ്രാൻഡ് സ്ലാം വിജയമാണ്.



ബെലാറഷ്യൻ താരം അടുത്തതായി 16-ാം സീഡ് അമൻഡ അനിസിമോവയെ നേരിടും. അനിസിമോവ ക്ലാര ടൗസനെ നേരിട്ടുള്ള സെറ്റുകളിൽ പരാജയപ്പെടുത്തി.

ഫ്രഞ്ച് ഓപ്പൺ 2025: ബൊപ്പണ്ണയും ഭാംബ്രിയും രണ്ടാം റൗണ്ടിൽ


ഫ്രഞ്ച് ഓപ്പൺ 2025 ലെ നാലാം ദിനം ഇന്ത്യൻ ടെന്നീസ് താരങ്ങൾക്ക് സമ്മിശ്ര ഫലങ്ങളായിരുന്നു. രോഹൻ ബൊപ്പണ്ണയും യൂകി ഭാംബ്രിയും പുരുഷ ഡബിൾസിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയപ്പോൾ ഋത്വിക് ബൊല്ലിപ്പള്ളി ആദ്യ റൗണ്ടിൽ തോറ്റു.


ബോപ്പണ്ണ, ചെക്ക് പങ്കാളിയായ ആദം പാവ്‌ലാസെക്കുമായി ചേർന്ന് റോബർട്ട് കാഷും ജെജെ ട്രേസിയും അടങ്ങുന്ന അമേരിക്കൻ സഖ്യത്തെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 7-6(8), 5-7, 6-1 എന്ന സ്കോറിന് തോൽപ്പിച്ചു. ഡബിൾസിൽ ലോക റാങ്കിംഗിൽ 33-ാം സ്ഥാനത്തുള്ള പരിചയസമ്പന്നനായ ഇന്ത്യൻ താരം മൂന്നാം സെറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.


മറ്റൊരു മത്സരത്തിൽ യൂകി ഭാംബ്രിയും അമേരിക്കൻ പങ്കാളിയായ റോബർട്ട് ഗാലോവേയും ചേർന്ന് റോബിൻ ഹാസെയെയും ഹെൻഡ്രിക് ജെബൻസിനെയും 6-3, 6-7(8), 6-3 എന്ന സ്കോറിന് പരാജയപ്പെടുത്തി. ഭാംബ്രി നെറ്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും രണ്ടാം സെറ്റ് ടൈബ്രേക്കിൽ സെറ്റ് പോയിന്റുകൾ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.


എന്നാൽ ഋത്വിക് ബൊല്ലിപ്പള്ളിയും കൊളംബിയൻ പങ്കാളിയായ നിക്കോളാസ് ബാരിയന്റോസും കാനഡയുടെ ഗബ്രിയേൽ ഡയല്ലോയോടും ഗ്രേറ്റ് ബ്രിട്ടന്റെ ജേക്കബ് ഫിയർൻലിയോടും 6-0, 6-2 എന്ന സ്കോറിന് ദയനീയമായി തോറ്റു.

കാർലോസ് അൽകാരസ് റോളണ്ട് ഗാരോസിൽ മൂന്നാം റൗണ്ടിലേക്ക് മുന്നേറി


നിലവിലെ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ കാർലോസ് അൽകാരസ് റോളണ്ട് ഗാരോസിൽ തൻ്റെ ആധിപത്യം തുടർന്നു. 2000 ന് ശേഷം ഫ്രഞ്ച് ഓപ്പണിൽ 20 സിംഗിൾസ് മത്സരങ്ങൾ ഏറ്റവും വേഗത്തിൽ വിജയിക്കുന്ന രണ്ടാമത്തെ പുരുഷ താരമായി 21 കാരനായ സ്പാനിഷ് താരം മാറി. പാരീസ് ഗ്രാൻഡ് സ്ലാമിലെ തൻ്റെ 23-ാം മത്സരത്തിലാണ് അൽകാരസ് ഈ നേട്ടം കൈവരിച്ചത്. ലോക 56-ാം നമ്പർ താരം ഫാബിയൻ മാരോസനെ നാല് സെറ്റുകളിൽ അദ്ദേഹം പരാജയപ്പെടുത്തി.


രണ്ടാം സെറ്റ് നഷ്ടപ്പെട്ട ശേഷം ശക്തമായി തിരിച്ചുവന്ന നിലവിലെ ചാമ്പ്യൻ ഒടുവിൽ 6-3, 3-6, 6-1, 6-2 എന്ന സ്കോറിന് വിജയം ഉറപ്പിച്ചു. മത്സരം രണ്ട് മണിക്കൂറും ഒമ്പത് മിനിറ്റും നീണ്ടുനിന്നു.


അനായാസ വിജയവുമായി ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിൽ മുന്നോട്ട്


റെക്കോർഡ് 25-ാം ഗ്രാൻഡ് സ്ലാം കിരീടം ലക്ഷ്യമിട്ടുള്ള യാത്രയിൽ നോവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ അമേരിക്കയുടെ മക്കെൻസി മക്ഡൊണാൾഡിനെതിരെ തകർപ്പൻ വിജയം നേടി. ജനീവയിൽ കരിയറിലെ 100-ാം കിരീടം നേടിയെത്തിയ സെർബിയൻ താരം രണ്ട് മണിക്കൂറിനുള്ളിൽ 6-3, 6-3, 6-3 എന്ന സ്കോറിനാണ് അമേരിക്കൻ താരത്തെ തോൽപ്പിച്ചത്.


രണ്ടാം സെറ്റിൽ 5-2 ന് സെർവ് ചെയ്യുമ്പോൾ ചെറിയൊരു പിഴവ് സംഭവിച്ചെങ്കിലും ജോക്കോവിച്ച് ഉടൻ തന്നെ കളിയിൽ നിയന്ത്രണം തിരികെ കൊണ്ടുവന്ന് ആധികാരികമായി മത്സരം അവസാനിപ്പിച്ചു. ആറാം സീഡും മൂന്ന് തവണ റോളണ്ട് ഗാരോസ് ചാമ്പ്യനുമായ ജോക്കോവിച്ച് അടുത്ത റൗണ്ടിൽ കോറെൻ്റിൻ മൗട്ടെറ്റും ക്ലെമൻ്റ് ടാബറും തമ്മിലുള്ള ഫ്രഞ്ച് പോരാട്ടത്തിലെ വിജയിയെ നേരിടും.

ഫ്രഞ്ച് ഓപ്പൺ, എമ്മ റഡുകാനു രണ്ടാം റൗണ്ടിൽ

ചൈനയുടെ വാങ് സിങ്യുവിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ച് എമ്മ റഡുകാനു ഫ്രഞ്ച് ഓപ്പണിൽ തിങ്കളാഴ്ച തന്റെ ആദ്യ മത്സരം വിജയിച്ചു. 2022-ന് ശേഷമുള്ള എമ്മ റഡുകാനുവിന്റെ ആദ്യ വിജയമാണിത്. 22 കാരിയായ ബ്രിട്ടീഷ് താരം, ഏകദേശം 2 മണിക്കൂർ 45 മിനിറ്റ് നീണ്ടുനിന്ന കഠിനമായ മൂന്ന് സെറ്റ് പോരാട്ടത്തിനൊടുവിൽ 7-5, 4-6, 6-3 എന്ന സ്കോറിനാണ് വിജയം നേടിയത്.


ലോക ഒന്നാം നമ്പർ താരവും നാല് തവണ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനുമായ ഇഗയാകും രണ്ടാം റൗണ്ടിൽ എമ്മയുടെ എതിരാളി.

ഫ്രഞ്ച് ഓപ്പൺ കിരീടം ഉയര്‍ത്തി സാത്വിക്-ചിരാഗ് കൂട്ടുകെട്ട്

ഫ്ര‍ഞ്ച് ഓപ്പൺ പുരുഷ ഡബിള്‍സ് കിരീടം നേടി സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇന്നലെ നടന്ന ഫൈനലിൽ അവര്‍ ലോക റാങ്കിംഗിൽ 25ാം സ്ഥാനക്കാരായ ചൈനീസ് തായ്പേയ് താരങ്ങളെ നേരിട്ടുള്ള ഗെയിമുകളിലാണ് ഫൈനലില്‍ പരാജയപ്പെടുത്തിയത്.

21-13, 21-19 എന്ന സ്കോറിനാണ് തങ്ങളുടെ ആദ്യ ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ 750 കിരീടം ഇവര്‍ സ്വന്തമാക്കിയത്. ഈ കൂട്ടകുെട്ടിന്റെ മൂന്നാമത്തെ കിരീടം ആണ് ഇത്.

ടൂര്‍ണ്ണമെന്റിന്റെ വനിത സിംഗിള്‍സ് വിഭാഗത്തിൽ കരോളിന മാരിനെ 16-21, 21-9, 22-20 എന്ന സ്കോറിന് ത്രില്ലര്‍ മത്സരത്തിൽ പരാജയപ്പെടുത്തി ചൈനയുടെ ഹേ ബിംഗ് ജിയോവോ കിരീടം നേടിയപ്പോള്‍ പുരുഷ വിഭാഗത്തിൽ ഡെന്മാര്‍ക്ക് താരങ്ങളുടെ പോരാട്ടത്തിൽ റാസ്മസ് ഗെംകേയെ പരാജയപ്പെടുത്തി വിക്ടര്‍ അക്സൽസെന്‍ കിരീടം നേടി.

ജയിച്ചു കയറി ഫൈനലില്‍, സാത്വികും ചിരാഗും സൂപ്പര്‍

ലോക റാങ്കിംഗിൽ 18ാം റാങ്കുകാരായ കൊറിയന്‍ ജോഡിയെ പരാജയപ്പെടുത്തി ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം ഡബിള്‍സ് ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ സാത്വിക്സായിരാജ് ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇരുവരും ഇന്ന് സെമി ഫൈനലില്‍ നേരിട്ടുള്ള ഗെയിമിൽ 21-18, 21-14 എന്ന സ്കോറിനാണ് വിജയം കൈവരിച്ചത്.

ഇന്നലെ ഇവര്‍ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായ ജപ്പാന്‍ ജോഡികളെ പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്. ഇരുവരും ബിഡബ്ല്യുഎഫ് ലോക ടൂര്‍ നിലവാരത്തിലുള്ള ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ അഞ്ചാം തവണയാണ് എത്തുന്നത്.

ഒന്നാം റാങ്കുകാരെ പുറത്താക്കി ഇന്ത്യന്‍ യുവ താരങ്ങള്‍, ഫ്രഞ്ച് ഓപ്പൺ സെമിയിൽ

ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരും ലോക ചാമ്പ്യന്മാരുമായ ജപ്പാന്റെ താകുരോ ഹോകി – യുഗോ കോബയാഷി കൂട്ടുകെട്ടിനെ കീഴടക്കി ഇന്ത്യയുടെ സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. വിജയത്തോടെ ഫ്രഞ്ച് ഓപ്പൺ പുരുഷ ഡബിള്‍സ് ഫൈനലിലേക്ക് ഇവര്‍ യോഗ്യത നേടി.

49 മിനുട്ട് നീണ്ട വീരോചിതമായ പോരാട്ടത്തിനൊടുവിൽ 23-21, 21-18 എന്ന നിലയിൽ നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ വിജയം.

സിന്ധുവിന് സെമിയിൽ നിരാശ

ഫ്രഞ്ച് ഓപ്പൺ സെമി ഫൈനലില്‍ പൊരുതി വീണ് സിന്ധു. ആദ്യ ഗെയിം വിജയിച്ച സിന്ധു രണ്ടും മൂന്നും ഗെയിമിൽ തോല്‍വിയേറ്റ് വാങ്ങിയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. മൂന്നാം ഗെയിമിൽ ജപ്പാന്‍ താരത്തോട് സിന്ധു നിഷ്പ്രഭമാകുകയായിരുന്നു.

ലോക റാങ്കിംഗിൽ 15ാം സ്ഥാനത്തുള്ള സയാക്ക തകാഹാഷിയോടാണ് സിന്ധുവിന്റെ തോല്‍വി. സ്കോര്‍: 21-18, 16-21, 12-21.

സിന്ധു ഫ്രഞ്ച് ഓപ്പൺ സെമിയിൽ

ഫ്രഞ്ച് ഓപ്പൺ സെമിയിൽ കടന്ന ഇന്ത്യയുടെ പിവി സിന്ധു. തായ്‍ലാന്‍ഡിന്റെ ബുസാനന്‍ ഓംഗ്ബാംരുംഗ്ഫാനിനോട് ആണ് നേരിട്ടുള്ള ഗെയിമുകളില്ഞ സിന്ധുവിന്റെ വിജയം. 21-14, 21-14 എന്ന സ്കോറിനാണ് സിന്ധു എട്ടാം സീഡിനെതിരെ വിജയവുമായി സെമിയിലേക്ക് യോഗ്യത നേടിയത്.

അതേ സമയം ഇന്ത്യയുടെ സാത്വിക് സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് പുരുഷ ഡബിള്‍സ് ക്വാര്‍ട്ടറൽ പൊരുതി വീണു. ലോക റാങ്കിംഗിൽ എട്ടാം സ്ഥാനക്കാരായ മലേഷ്യന്‍ സഖ്യത്തോട് 21-18, 18-21, 17-21 എന്ന സ്കോറിനാണ് ഇവര്‍ പരാജയം ഏറ്റുവാങ്ങിയത്.

പിവി സിന്ധു ഫ്രഞ്ച് ഓപ്പൺ ക്വാര്‍ട്ടറിൽ, ലക്ഷ്യ സെന്നും മുന്നോട്ട്

ഫ്ര‍ഞ്ച് ഓപ്പൺ ക്വാര്‍ട്ടര്‍ ഫൈനൽ ഉറപ്പാക്കി ഇന്ത്യയുടെ പിവി സിന്ധു. BWF ലോക ടൂര്‍ സൂപ്പര്‍ 750 ടൂര്‍ണ്ണമെന്റിൽ പ്രീക്വാര്‍ട്ടറിൽ സിന്ധു ലൈന്‍ ക്രിസ്റ്റോഫെര്‍സെനെതിരെയാണ് നേരിട്ടുള്ള ഗെയിമിൽ വിജയം കൈവരിച്ചത്. 24ാം റാങ്കുകാരിയായിരുന്നു സിന്ധുവിന്റെ എതിരാളി. ആദ്യ ഗെയിമിൽ ഡാനിഷ് താരം സിന്ധുവിനൊപ്പം പൊരുതിയപ്പോള്‍ രണ്ടാം ഗെയിമിൽ സിന്ധു തന്റെ മികവ് പുറത്തെടുത്തു. സ്കോര്‍ : 21-19, 21-9.

ലോക റാങ്കിംഗിൽ 40ാം സ്ഥാനത്തുള്ള ലോഹ കീന്‍ യെവിനെതിരെ 21-17, 21-13 എന്ന സ്കോറിന് വിജയം നേടി ലക്ഷ്യ സെന്‍ പുരുഷ വിഭാഗം സിംഗിള്‍സ് ക്വാര്‍ട്ടറിൽ കടന്നു. രണ്ടാഴ്ച മുമ്പ് നടന്ന ഡച്ച് ഓപ്പൺ ഫൈനലില്‍ സിംഗപ്പൂരിന്റെ താരത്തോട് ലക്ഷ്യ പരാജയമേറ്റിരുന്നു.

ലോക അഞ്ചാം റാങ്കുകാരോട് തോല്‍വി, ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ജോഡി ഫ്രഞ്ച് ഓപ്പണിൽ നിന്ന് പുറത്ത്

ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ജോഡിയായ അശ്വിനി പൊന്നപ്പ – സാത്വിക് സായിരാജ് കൂട്ടുകെട്ടിന് ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിൽ തോല്‍വി. ലോക റാങ്കിംഗിൽ അഞ്ചാമതുള്ളവരും ടൂര്‍ണ്ണമെന്റിലെ രണ്ടാം സീഡുകളുമായ ഇന്തോനേഷ്യയുടെ പ്രവീൺ ജോര്‍ദ്ദാന്‍ – മെലാടി ഒക്ടാവിയാന്റി സഖ്യത്തോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ ടീമിന്റെ തോല്‍വി.

ആദ്യ ഗെയിം ഇന്ത്യന്‍ ടീം നേടിയെങ്കിലും അടുത്ത രണ്ട് ഗെയിലും തീപാറും പോരാട്ടത്തിനൊടുവിൽ ഇന്തോനേഷ്യന്‍ താരങ്ങള്‍ വിജയം നേടി. സ്കോര്‍ : 21-15, 17-21, 19-21

Exit mobile version