മൊമോട്ടയോട് ഏഴാം തവണയും തോല്‍വിയേറ്റു വാങ്ങി കിഡംബി, സിന്ധുവും പുറത്ത്

- Advertisement -

ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ മൊമോട്ടയോട് ഏഴാം തവണയും തോല്‍വിയേറ്റു വാങ്ങി ശ്രീകാന്ത് കിഡംബി. നേരിട്ടുള്ള ഗെയിമുകളിലാണ് കിഡംബിയുടെ ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ തോല്‍വി. ഡെന്മാര്‍ക്ക് ഓപ്പണിലും മൊമോട്ടയോടായിരുന്നു കിഡംബി കീഴടങ്ങിയത്. ആദ്യ ഗെയിമില്‍ 16-21നു മുന്നിലെത്തിയ കെന്റോ രണ്ടാം ഗെയമില്‍ 17-10നു മുന്നിലായിരുന്നു. എന്നാല്‍ തുടരെ 9 പോയിന്റുകള്‍ നേടി കിഡംബി 19-17നു ലീഡ് നേടുകയും ഗെയിം സ്വന്തമാക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അടുത്ത നാല് പോയിന്റുകള്‍ നേടി മത്സരം കെന്റോ സ്വന്തമാക്കി. സ്കോര്‍: 16-21, 19-21.

ചൈനയുടെ ഹി ബിംഗ്ജിയാവോയോട് നേരിട്ടുള്ള ഗെയിമുകളിലാണ് സിന്ധു പരാജയപ്പെട്ടത്. 13-21, 16-21 എന്ന സ്കോറിനു സിന്ധു പരാജയപ്പെട്ടതോടെ ഇന്ത്യയുടെ സിംഗിള്‍സ് പ്രതീക്ഷകള്‍ അവസാനിച്ചു. നേരത്തെ സൈന നെഹ്‍വാല്‍ തായി സു യിംഗിനോട് ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടിരുന്നു.

Advertisement