ഹീറ്റ്സിൽ അനായാസം, ഉസൈൻ ബോൾട്ട് സെമിയിൽ

തന്റെ കരിയറിലെ അവസാന ചാമ്പ്യൻഷിപ്പിന് എത്തിയ ഉസൈൻ ബോൾട്ട് നൂറു മീറ്റർ സ്പ്രിന്റിൽ സെമിയിലേക്ക് കടന്നു. ഹീറ്റ്സിൽ അനായാസ ജയത്തോടെയാണ് ലണ്ടണിലും ബോൾട്ട് കുതിച്ചത്. ഹീറ്റ്സിലെ അവസാന റൗണ്ടിൽ ഇറങ്ങിയ ബോൾട്ട് 10.07 സെക്കൻഡിലാണ് ഒന്നാമതായി ഫിനിഷ് ചെയ്തത്. 10.13 സെക്കൻഡിലായി ബ്രിട്ടന്റെ ജെയിംസ് ഡസഒലു ബോൾട്ടിനു പിറകിലായി ഹീറ്റ്സിൽ ഫിനിഷ് ചെയ്തു.

 

ഇന്ന് നടക്കുന്ന സെമിയിലേക്ക് ബോൾട്ട് ഉൾപ്പെടെ മൂന്നു ജമൈക്കൻ താരങ്ങൾ യോഗ്യത നേടി. ജമൈക്കയുടെ ജൂലിയൻ ഫോർട്ടെ ആണ് ഹീറ്റ്സിൽ ഏറ്റവും മികച്ച സമയം കണ്ടെത്തിയത് 9.99. ഫോർട്ടെ മാത്രമേ ഹീറ്റ്സിൽ 10നു താഴെ സമയം കണ്ടെത്തിയുള്ളൂ. അമേരിക്കയുടെ ക്രിസ്റ്റ്യൻ കോൾമെനും ഹീറ്റ്സിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. അമേരിക്കയുടെ ജസ്റ്റിൻ ഗാറ്റ്ലിൻ, ജമൈക്കയുടെ യൊഹാൻ ബ്ലേക്ക്, ബ്രിട്ടന്റെ സിജി ഉജ്ജ എന്നിവരൊക്കെ സെമിയിലേക്ക് കടന്നവരിൽ ഉണ്ട്. എങ്കിലും എല്ലാവരുടെയും കണ്ണ് ഉസൈൻ ബോൾട്ടിൽ തന്നെയാകും.

ഹീറ്റ്സിൽ ജയിക്കാൻ വേണ്ടതു മാത്രം ചെയ്ത ബോൾട്ട് തന്റെ മികച്ച പ്രകടനം ഇന്നത്തെ സെമിക്കും ഫൈനലിനും വേണ്ടി മാറ്റിവെച്ചിരിക്കുകയാണ് എന്നാണ് ആരാധകർ കരുതുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial