മലയാളി അത്ലറ്റ് മുഹമ്മദ് അനസിന് അർജുന അവാർഡ് ശുപാർശ

മലയാളികളുടെ അഭിമാനമായ അത്‌ലറ്റ് മുഹമ്മദ് അനസിന് രാജ്യത്തിന്റെ അംഗീകാരം ലഭിക്കാൻ സാധ്യത. അർജുന അവാർഡിന് ആയി ശുപാർശ ചെയ്യപ്പെട്ടവരിൽ അനസും ഉൾപ്പെട്ടിരിക്കുകയാണ്. അനസ് ഉൾപ്പെടെ 19 പേരാണ് ഇത്തവണ അര്‍ജുന അവാര്‍ഡ് ശുപാർശ ലിസ്റ്റിൽ ഉള്ളത്. 400 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോര്‍ഡിട്ട അനസ് അവസാന വർഷങ്ങളിൽ ഇന്ത്യയുടെ വലിയ പ്രതീക്ഷയായി തന്നെ വളർന്നിരുന്നു‌.

2018 ഏഷ്യന്‍ ഗെയിംസിൽ മൂന്ന് മെഡലുകൾ ഇന്ത്യക്കായി നേടിയ താരമാണ് അനസ്. 400 മീറ്റർ ഓട്ടത്തിലും, 400 മീറ്റർ റിലേയിലും, മിക്സ്ഡ് റിലേയില്ലും ആയിരുന്നു അനസിന്റെ മെഡലുകൾ. മിക്‌സഡ് റിലേയില്‍ സ്വര്‍ണം ആയിരുന്നു നേടിയത്. അനസിനെ കൂടാതെ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, ഫുട്ബോൾ താരം ഗുർപ്രീത് സിംഗ് സന്ധു എന്നിവരും അർജുന അവാർഡ് ശുപാർശ നേടിയവരിൽ പെടുന്നു.

ആരാണ് പെണ്ണ്? അത്‌ലറ്റിക്‌സ് ലോകത്ത് വിവാദങ്ങൾ പുകയുന്നു

വിവാദങ്ങൾ പുകയുകയാണ് അത്ലറ്റിക് ലോകത്ത്. ദക്ഷിണാഫ്രിക്കയുടെ 800 മീറ്റർ ലോകജേതാവും ഒളിമ്പിക് സ്വർണമെഡൽ ജേതാവുമായ കാസ്റ്റർ സെമനിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ വലിയ വാദപ്രതിവാദങ്ങൾ അരങ്ങേറുകയാണ് അത്‌ലറ്റിക് ലോകത്ത്. ഒളിമ്പിക്സിന് ഇനി ഒരു വർഷം ശേഷിക്കെ ഈ വിവാദങ്ങൾ എങ്ങനെ അത്ലറ്റിക്സിനെ ബാധിക്കും എന്ന ആശങ്കയിൽ ആണ് കായികലോകം. പുരുഷ ഹോർമോൺ ആയി അറിയപ്പെടുന്ന ‘Testrosterone’ ന്റെ സാന്നിധ്യം സ്ത്രീശരീരത്തിൽ എത്രത്തോളം ഉണ്ടാകാം എന്ന ചർച്ച എന്നും കായികരംഗത്ത് വിവാദങ്ങൾ സൃഷ്ടിച്ച ഒന്നാണ്. പുരുഷ ഹോർമോൺ സാന്നിധ്യം പല അത്ലറ്റുകൾക്കും ശാരീരികമായ ആനുകൂല്യം നൽകുന്നു എന്നതാണ് ഇതിനെതിരെയുള്ള വലിയ പരാതി. എന്നാൽ ശാരീരിക രീതി അവരുടേതും തെറ്റ് ആവാത്തത് കൊണ്ട് ലോക അത്ലറ്റിക് ഫെഡറേഷൻ പുരുഷ ഹോർമോണിന്റെ അളവ് എത്രത്തോളം ഉണ്ടാകണം, എത്രത്തോളം ഉണ്ടാകാൻ പാടില്ല തുടങ്ങി പല നിഷ്ടകളും വച്ചിട്ടുണ്ട്.

എന്നും ഇത്തരം വിവാദങ്ങൾ വേട്ടയാടിയ താരമാണ് 800 മീറ്ററിലെ ലോകത്തിലെ കിരീടം വെക്കാത്ത ജേതാവായ ദക്ഷിണാഫ്രിക്കൻ താരം കാസ്റ്റർ സെമനിയ. പുരുഷ ഹോർമോണിന്റെ അളവ്‌ കുറക്കാനുള്ള മരുന്നുകളുടെ സഹായം ഇല്ലാതെ സെമനിയ 400 മീറ്ററിനു മുകളിലുള്ള ഓട്ടങ്ങളിൽ പങ്കെടുക്കേണ്ട എന്ന നിലപാട് ലോക അത്ലറ്റിക് ഫെഡറേഷൻ എടുത്തതോടെയാണ് നിലവിലുള്ള വിവാദങ്ങൾക്ക് തുടക്കമാകുന്നത്. ഈ മരുന്നുകൾ ശാരീരികമായി വലിയ ബുദ്ധിമുട്ടുകൾ ആണ് ഉണ്ടാക്കാറുള്ളത് എന്നതാണ് വാസ്തവം. ഇതിനെ ചോദ്യം ചെയ്ത് അന്തരാഷ്ട്ര കായിക കോടതിയെ സമീപിച്ച സെമനിയക്ക് പൂർണമായും അനുകൂലമായ വിധിയല്ല കോടതിയും നൽകിയത്. നിലവിലെ സാഹചര്യത്തിൽ ഈ നില തുടരാൻ ആവശ്യപ്പെട്ട കോടതി ഭാവിയിൽ കൂടുതൽ പരിശോധനക്ക് ശേഷം നിലപാട് മാറ്റുമോ എന്നു കണ്ടറിയണം. വിധിയെ സ്വാഗതം ചെയ്തു അത്ലറ്റിക് ഫെഡറേഷനിലെ പലരും.

എന്നാൽ തന്നെ മാനസികമായും ശാരീരികമായും തളർത്തുന്ന നിലപാടുകൾ ആണ് ഇതെന്ന് തുറന്നു പറഞ്ഞു സെമനിയ. പലർക്കും താനടക്കമുള്ള താരങ്ങളുടെ ഭാവി തകർക്കാനുള്ള ഗൂഢലക്ഷ്യം ഉണ്ടെന്നും സെമനിയ പറഞ്ഞു. ദോഹയിൽ ഉടനെ നടക്കാൻ ഇരിക്കുന്ന അത്ലറ്റിക് ലോകചാമ്പ്യൻഷിപ്പിൽ തന്റെ കിരീടം പ്രതിരോധിക്കാൻ തനിക്ക് സാധിക്കാത്തതിൽ കടുത്ത ദുഖവും നിരാശയും തുറന്നു പറഞ്ഞ സെമനിയ നീതിക്കായുള്ള പോരാട്ടങ്ങൾ തുടർന്നും ഉണ്ടാകും എന്നും വ്യക്തമാക്കി. അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്റെ മാനദണ്ഡങ്ങൾ ശരിയല്ല എന്ന് വിമർശിക്കുന്ന നിരവധി വിദഗ്ധരും വനിത സാമൂഹിക പ്രവർത്തകരും ഈ നിലപാടിന് എതിരെ രംഗത്ത് വന്നു. സെമനിയ അല്ല അത്ലറ്റിക് ഫെഡറേഷന് പ്രിയപ്പെട്ട ആരെങ്കിലും ആണെങ്കിൽ ഇത്തരം നിലപാട് ഉണ്ടാകുമോ എന്നും സംശയമാണ്. അതിനാൽ തന്നെ ഒളിമ്പിക്സിന് ഒരു വർഷം മാത്രം ശേഷിക്കെ ലോകഅത്ലറ്റിക്സിലെ ഒരു സൂപ്പർ താരത്തെ ചുറ്റി ഉയരുന്ന വിവാദങ്ങൾ എങ്ങനെ കായിക മേഖലയെ ബാധിക്കും എന്നു കണ്ടറിയണം. നീതി തേടി സെമനിയയും നിയമം പറഞ്ഞു അത്ലറ്റിക് ഫെഡറേഷനും നേർക്ക്നേർ നിൽക്കുമ്പോൾ ജയം ആർക്കെന്നു കാലം തെളിയിക്കും.

20 ദിവസത്തിനിടെ അഞ്ച് സ്വർണം, യൂറോപ്പിൽ ഹിമ ദാസ് കുതിപ്പ് തുടരുന്നു

യൂറോപ്പിൽ തന്റെ സ്വപ്‍ന കുതിപ്പ് തുടർന്ന് ഇന്ത്യൻ സ്പ്രിന്റർ ഹിമ ദാസ്. ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ശേഷം ആദ്യമായി 400 മീറ്ററിൽ മത്സരിച്ച ഹിമ ദാസ് ചെക് റിപ്പബ്ലിക്കിലെ നോവ മെസ്‌റ്റോയിലാണ് ഈ മാസത്തെ തന്റെ അഞ്ചാമത്തെ സ്വർണം കരസ്ഥമാക്കിയത്.

400 മീറ്ററിൽ 52.09 സെക്കന്റ് കൊണ്ട് ഓടിയെത്തി തന്റെ സീസണിലെ മികച്ച സമയം സൃഷ്ട്ടിക്കാനും ഹിമ ദാസിനായി. അതെ സമയം തന്റെ മികച്ച സമയമായി ജക്കാർത ഏഷ്യൻ ഗെയിംസിൽ നേടിയ 50.79 സെക്കന്റ് എന്ന നേട്ടത്തിൽ ഏത്തൻ ഹിമ ദാസിനായില്ല.  ഈ മാസം യൂറോപ്പിൽ ഹിമ ദാസ് നേടുന്ന അഞ്ചാമത്തെ സ്വർണമായിരുന്നു ഇത്.

പോസ്‌നൻ അത്ലറ്റിക് ഗ്രാൻഡ് പ്രിക്‌സിലെ 200 മീറ്ററിലെ സ്വർണം, കുട്നോ അത്ലറ്റിക്സ് മീറ്റിൽ 200 മീറ്ററിൽ സ്വർണം,  ക്ലടനോ അത്ലറ്റിക്സ് മീറ്റിൽ 200 മീറ്ററിലെ സ്വർണം, ടബോർ അത്ലറ്റിക്സ് മീറ്റിലെ സ്വർണം എന്നിവയാണ് ഈ മാസം ഹിമ ദാസ് നേടിയ മറ്റു സ്വർണ മെഡലുകൾ.

ബഹ്റൈനിന്‍ താരത്തിന്റെ ഉത്തേജകമരുന്നുപയോഗം, ഇന്ത്യയ്ക്ക് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണം

2018 ഏഷ്യന്‍ ഗെയിംസ് 4×400 മിക്സഡ് റിലേ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന് വെള്ളി മെഡലാണ് നേടുവാന്‍ കഴിഞ്ഞത്. അന്ന് അനസ്, ഹിമ ദാസ്, അരോഗ്യ രാജീവ്, പൂവമ്മ എന്നിവരുടെ ടീം ബഹ്റൈനിന് പിന്നിലായി രണ്ടാം സ്ഥാനത്ത് എത്തുവാനെ സാധിച്ചുള്ളു. എന്നാല്‍ അന്നത്തെ സ്വര്‍ണ്ണ മെഡല്‍ ജേതാക്കളായ ബഹ്റൈന്‍ ടീമിലെ ഒരു താരത്തെ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതോടെ നാല് വര്‍ഷത്തെ വിലക്കും ബഹ്റൈന്റെ സ്വര്‍ണ്ണം തിരിച്ചെടുക്കുകയുമായിരുന്നു.

ഇതോടെ ഇന്ത്യയ്ക്ക് സ്വര്‍ണ്ണ മെഡലിന് അര്‍ഹതയായി. ഇന്ത്യ അന്ന് 3:15:17 സെക്കന്‍ഡിലാണ് റേസ് പൂര്‍ത്തിയാക്കിയത്.

പിടി ഉഷക്ക് ഐഎഎഎഫിന്റെ ആദരവ്

മലയാളികളുടെ സ്വന്തം പയ്യോളി എക്സ്പ്രസിന് അന്താരാഷ്ട്ര അംഗീകാരം. പിടി ഉഷയെ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്ലറ്റിക് ഫെഡെറേഷൻ ആണ് ആദരിക്കുന്നത്. അത്ലറ്റിക് ലോകത്തിന് നൽകിയ സംഭാവന പരിഗണിച്ച് വെറ്ററൻ താരങ്ങൾക്കായുള്ള പട്ടികയിലേക്കാണ് ഉഷയെ ഉൾപ്പെടുത്തിയിട്ടുള്ളത്‌.

സെപ്റ്റംബറിൽ നടക്കുന്ന IAAF സമ്മേളനത്തിലാകും പിടി ഉഷയെ ആദരിക്കുക. ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്ലറ്റിക് ഫെഡെറേഷൻ നൽകുന്ന അംഗീകാരത്തിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ പിടി ഉഷ IAAF നോട് നന്ദിയറിയിക്കുകയും ചെയ്തു.

സ്വന്തം ദേശീയ റെക്കോർഡ് മറികടന്ന് അനസിന് സ്വർണം

ചെക്ക് റിപ്പബ്ളിക്കിൽ നടക്കുന്ന ക്ളഡ്നോ മെമ്മോറിയൽ അത്ലറ്റിക്സ് മീറ്റിൽ 400 മീറ്റർ വിഭാഗത്തിൽ സ്വർണം നേടി മലയാളിയായ മുഹമ്മദ് അനസ്. തന്റെ തന്നെ പേരിലുള്ള ദേശീയ റെക്കോർഡ് മറികടന്നാണ് അനസ് സ്വർണം സ്വന്തമാക്കിയത്. 24കാരനായ അനസ് 45.21 സെക്കന്റിൽ ഓടിയെത്തിയാണ് സ്വർണം സ്വന്തമാക്കിയത്. 46.19 സെക്കന്റിൽ ഓടിയെത്തിയ പോളണ്ടിന്റെ ഒമേൽക്കോ റാഫേൽ ആണ് വെള്ളി മെഡൽ സ്വന്തമാക്കിയത്.

നിലവിൽ 45.24 സെക്കന്റിൽ ഉണ്ടായിരുന്ന തന്റെ തന്നെ റെക്കോർഡാണ് അനസ് മറികടന്നത്.  അനസിനെ കൂടാതെ 200 മീറ്റർ വിഭാഗത്തിൽ ഹിമ ദാസിനും സ്വർണം ലഭിച്ചിട്ടുണ്ട്. 23.43 സെക്കന്റിൽ ഓടിയെത്തിയാണ് ഹിമ സ്വർണം കരസ്ഥമാക്കിയത്.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടി അരോകിയ രാജീവ്

പട്യാലയില്‍ നടക്കുന്ന ഫെഡറേഷന്‍ കപ്പില്‍ 45.73 സെക്കന്‍ഡുകളില്‍ മത്സരം അവസാനിപ്പിച്ച് വരാനിരിക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ പുരുഷ വിഭാഗം 400 മീറ്ററിനു യോഗ്യത നേടി അരോകിയ രാജീവ്. 45.85 സെക്കന്‍ഡ് എന്ന യോഗ്യത മാര്‍ക്കാണ് അരോകിയ രാജീവ് മറികടന്നത്. അതേ സമയം മുഹമ്മദ് അനസ് രണ്ടാമതായി ഫിനിഷ് ചെയ്തു.

എന്നാല്‍ 45.89 സെക്കന്‍ഡില്‍ മാത്രമേ അനസിനു മത്സരം പൂര്‍ത്തിയാക്കാനായുള്ളു. അതിനാല്‍ തന്നെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യത നേടുവാന്‍ അനസിനു സാധിച്ചില്ല.

ജിന്‍സണ്‍ ജോണ്‍സണും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യത

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം 1500 മീറ്ററിലേക്ക് യോഗ്യത നേടി മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍. പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ ഒന്നാമതായി മത്സരം അവസാനിപ്പിച്ചാണ് യോഗ്യത ഉറപ്പാക്കുവാന്‍ ജോണ്‍സണ് സാധിച്ചത്. 3:41:67 സെക്കന്‍ഡില്‍ റേസ് പൂര്‍ത്തിയാക്കിയാണ് ജിന്‍സണ്‍ നേട്ടം സ്വന്തമാക്കിയത്.

3:46:00 ആയിരുന്നു യോഗ്യത നേടുന്നതിനുള്ള പരിധി. ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയ താരമാണ് ജിന്‍സണ്‍ ജോണ്‍സണ്‍.

അത്ലറ്റിക്ക് പ്രോമിസിംഗ് യങ്സ്റ്റേഴ്സ് കോച്ചിംഗ് ക്യാമ്പ് ഓഗസ്റ്റ് 8ന് തുടങ്ങും

കാലിക്കറ്റ് സർവകലാശാല കായിക പഠന വിഭാഗത്തിന്റെ കീഴിൽ നടത്തി വരുന്ന പ്രോമിസിംഗ് യങ്സ്റ്റേഴ്സ് കോച്ചിംഗ് ക്യാമ്പ് (പുരുഷ) 08.08.2018 മുതൽ 14.08.2018 വരെ സർവകലാശാല സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്. +2 കഴിഞ്ഞ് ഒന്നാം വർഷ ഡിഗ്രി പ്രവേശനം കാത്തിരിക്കുന്ന കുട്ടികൾക്കും സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ 08.08.2018 ബുധനാഴ്ച രാവിലെ 8.30ന് സർവകലാശാല സ്റ്റേഡിയത്തിൽ സ്പോർട്സ് കിറ്റ് സഹിതം ഹാജരാവണമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ദേശീയ റെക്കോർഡുമായി മലയാളികളുടെ അഭിമാന താരം മുഹമ്മദ് അനസ്

400 മീറ്ററിൽ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കി മലയാളി താരം മുഹമ്മദ് അനസ്. ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന അന്താരാഷ്ട്ര മത്സരത്തിലാണ് അനസ് ഈ നേട്ടം സ്വന്തമാക്കുന്നത്. 45.24 സെക്കന്‍ഡില്‍ 400 മീറ്റര്‍ ഓടിയെത്തി അനസ് സ്വർണം നേടി. സ്വന്തം റെക്കോർഡ് തന്നെയാണ് അനസ് തിരുത്തിയെഴുതിയത്. ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 45.31 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് അനസ് ആദ്യം ദേശീയ റെക്കോർഡ് തിരുത്തിയത്. ഈ നേട്ടത്തെയും പിന്നിലാക്കിയാണ് ചെക്ക് റിപ്പബ്ലിക്കിൽ വീണ്ടും അനസ് താരമായത്.

2016 ജൂൺൽ നടന്ന പോളിഷ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ റെക്കോർഡ് ടൈമിങ്ങിൽ ഫിനിഷ് ചെയ്താണ് കൊല്ലം നിലമേൽ സ്വദേശിയായ ഒളിംപിക്സിൽ മെൻസ് 400m ക്യാറ്റഗറിയിൽ യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാകുന്നത്. ഇതിഹാസ താരം മില്‍ഖ സിങ്ങും കെ എം ബിനുവും മാത്രമാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ച ഇന്ത്യൻ താരങ്ങൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഏഷ്യന്‍ ഗെയിംസിനു തയ്യാറായി നീരജ് ചോപ്ര, ഫ്രാന്‍സില്‍ സ്വര്‍ണ്ണ മെഡല്‍

ലണ്ടന്‍ ഒളിമ്പിക്സ് ജേതാവ് ഉള്‍പ്പെടുന്ന മത്സരാര്‍ത്ഥികളെ പരാജയപ്പെടുത്തി ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണ നേട്ടം. ഫ്രാന്‍സിലെ സോട്ടെവില്ലേ അത്‍ലറ്റിക്സ് മീറ്റിലാണ് ഈ നേട്ടം നീരജ് ചോപ്ര നേടിയത്. ലണ്ടന്‍ ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് കെഷ്രോണ്‍ വാല്‍കോട്ട് ഉള്‍പ്പെടുന്ന മത്സര സംഘത്തെ പിന്തള്ളിയാണ് ചോപ്രയുടെ നേട്ടം.

85.17 മീറ്റര്‍ ദൂരം താണ്ടിയാണ് ഇന്ത്യന്‍ താരത്തിന്റെ സ്വര്‍ണ്ണ നേട്ടം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹിമ ദാസ് ആസമിന്റെ സ്പോര്‍ട്സ് അംബാസിഡര്‍, 50 ലക്ഷം രൂപ പാരിതോഷികം

ഇന്ത്യയുടെ ഏറ്റവും പുതിയ അത്‍ലറ്റിക്സ് താരോദയമായ ഹിമ ദാസിനെ അനുമോദിച്ച് ജന്മ നാട്. താരത്തെ ആസമിന്റെ സ്പോര്‍ട്സ് അംബാസിഡറായി പ്രഖ്യാപിച്ച ആസം മുഖ്യ മന്ത്രി സര്‍ബാനന്ദ സോനോവാല്‍ 50 ലക്ഷത്തിന്റെ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഐഎഎഎഫ് ലോക അണ്ടര്‍-20 അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ 400 മീറ്റര്‍ ഫൈനലില്‍ സ്വര്‍ണ്ണം നേടി ഹിമ ചരിത്രം സൃഷ്ടിച്ചിരുന്നു. ഇന്ത്യയ്ക്കായി അന്താരാഷ്ട്ര തലത്തില്‍ ട്രാക്ക് ഇവന്റില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ അത്‍ലീറ്റ് എന്ന ബഹുമതി കൂടിയാണ് താരം സ്വന്തമാക്കിയത്.

2020 ടോക്കിയോ ഒളിമ്പിക്സ് വരെ താരത്തിന്റെ തയ്യാറെടുപ്പുകള്‍ മുഴുവന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ടാര്‍ഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം(TOPS) പദ്ധതി പ്രകാരമാണിത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version