400 മീറ്റർ ഹർഡിൽസിൽ സ്വർണം നേടി നോർവീജിയൻ താരം

400 മീറ്റർ ഹർഡിൽസിൽ സ്വർണം നേടി നോർവ്വയുടെ കാർസ്റ്റൻ വാർഹോം. 47.42 സെക്കന്റുകൾക്കുള്ളിൽ 400 മീറ്റർ താണ്ടിയ താരം വൈക്കിങ് കിരീടം അണിഞ്ഞാണ് തന്റെ സുവർണ നേട്ടം ആഘോഷിച്ചത്.

അമേരിക്കയുടെ റായ് ബെഞ്ചമിൻ വെള്ളിമെഡൽ നേടിയപ്പോൾ അബ്ദറഹ്മാൻ സാമ്പ വെങ്കല മെഡൽ സ്വന്തമാക്കി. 46.78 സെക്കന്റുകൾക്ക് ഈ ദൂരം ഹർഡിൽസിൽ താണ്ടിയ അമേരിക്കയുടെ കെവിൻ യങിന്റെ പേരിൽ ആണ് ഈ ഇനത്തിലെ ലോകറെക്കോർഡ്.

ലക്ഷദ്വീപ് സ്‌കൂൾ കായികമേളക്ക് വർണാഭമായ തുടക്കം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ 29 മത് ലക്ഷദ്വീപ് സ്‌കൂൾ കായിക മേളക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. ഇന്ന് ഉച്ചക്ക് നടന്ന ചടങ്ങിൽ നിരവധി കലാപ്രകടനങ്ങൾ അരങ്ങേറിയ വർണാഭമായ ചടങ്ങിനു ശേഷമായിരുന്നു ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ മിഹിർ വർദ്ദൻ ഐ.എ. എസ് മേളക്ക് ഉത്ഘാടനകർമ്മം നിർവഹിച്ചത്. ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലക്ഷദ്വീപിലെ പ്രമുഖവ്യക്തികൾ എല്ലാം അണിനിരന്നു.

ഉത്ഘാടന കർമത്തിനു മുമ്പ് കായിക മേളയുടെ ലോഗോ രൂപകൽപ്പന ചെയ്ത മുഹമ്മദ് സലീം കൈതാടിന് ഉപഹാരവും നൽകി. അതോടൊപ്പം ലക്ഷദ്വീപിലെ കായികമേഖലക്ക് വളരെ നിർണായക സംഭാവനകൾ നൽകിയ ഈ കൊല്ലം സർവീസിൽ നിന്നു വിരമിക്കുന്ന കായിക അധ്യാപകർ ആയ പി.പി സീതി ഹാജി, കെ.കെ ഹുസൈൻ, കെ ഖാദർ കോയ, എ തങ് കോയ തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു. കായിക താരങ്ങളുടെ മാർച്ച് പാസ്സും നല്ല കാഴ്ചയായി മാറി. ഇനി 10 ദിവസത്തേക്ക് ലക്ഷദ്വീപിലെ ചാമ്പ്യന്മാർ ആവാനുള്ള ശ്രമം ആവും താരങ്ങൾ നടത്തുക.

മൊ ഫറയുടെ പരിശീലകനായിരുന്ന സലാസറിന് നാലു വർഷം വിലക്ക്

അമേരിക്കയിലെ ദീർഘദൂര ഓട്ട മത്സര പരിശീലകനായി ആൽബെർട്ടോ സലാസറിന് നാലു വർഷം വിലക്ക്. അമേരിക്കൻ ഉത്തേജക മരുന്ന് വിരുദ്ധ സംഘമാണ് സലാസറിനെ പരിശീലക ജോലിയിൽ നിന്ന് വിലക്കിയത്. നാലു വർഷം മുമ്പ് നൈക് ഒറെഗൻ പ്രൊജക്ടിന്റെ ഭാഗമായിരിക്കെ നിരോധിത മരുന്നുകൾ ഉപയോഗിക്കാൻ താരങ്ങളെ പ്രോത്സാഹിപ്പിച്ചെന്നും അത്തരം മരുന്നുകൾ കൈമാറി എന്നുമുള്ള കുറ്റത്തിലാണ് ശിക്ഷ.

സലാസർ മുമ്പ് ഈ ആരോപണം തള്ളിയിരുന്നു. എൻ ഒ പിയിൽ സലാസറിന് ഒപ്പം ഉണ്ടായിരുന്ന ഫിസിഷ്യൻ ജെഫെറി ബ്രൗണിനും വിലക്ക് ഉണ്ട്. ഇംഗ്ലീഷ് ദീർഘ ദൂര ഓട്ടക്കാരൻ മൊ ഫറയുടെ പരിശീലകനായിരുന്നു സലാസർ. 2017ലാണ് സലാസറും മൊ ഫറയും തമ്മിൽ പിരിഞ്ഞത്. 1980കള തുടർച്ചയായി മൂന്ന് തവണ ന്യൂയോർക്ക് മാരത്തോൺ വിജയിച്ചിട്ടുള്ള ഓട്ടക്കാരൻ ആണ് സലാസർ.

ജാവലിനിൽ ദേശീയറെക്കോർഡ് കുറിച്ച് അനു റാണി ഫൈനലിൽ

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ പുതിയ ദേശീയ റെക്കോർഡ് പ്രകടനവുമായി അനു റാണി ഫൈനലിൽ കടന്നു. ഇന്നലെ നടന്ന യോഗ്യത മത്സരത്തിൽ ആണ് അനുവിന്റെ റെക്കോർഡ് പ്രകടനം ഉണ്ടായത്. ഫൈനലിൽ കടക്കാൻ 62 മീറ്റർ താണ്ടണമായിരുന്നു. ഈ അവസരത്തിൽ ആണ് 62.43 മീറ്റർ താണ്ടിയ അനു പുതിയ റെക്കോർഡ് കുറിച്ചത്.

ഇന്നലെ മത്സരത്തിൽ ഉണ്ടായ മറ്റ് ഇന്ത്യൻ താരങ്ങൾ നിരാശരാക്കിയപ്പോൾ അനുവിന്റെ പ്രകടനം മാത്രമാണ് ഇന്ത്യക്ക് ആശ്വസിക്കാൻ ഉള്ളത്. ഇന്നാണ് ജാവലിൻ ഫൈനൽ നടക്കുക. യോഗ്യതയിൽ 67.27 മീറ്റർ എന്ന അവിസ്മരണീയ ദൂരം താണ്ടിയ ചൈനീസ് താരം ഹുയ്ഹുയ് ലയുവിനാണ് ഈ ഇനത്തിൽ സ്വർണം നേടാൻ ഏറ്റവും അധികം സാധ്യത കൽപ്പിക്കുന്നത്.

100 മീറ്റർ കാണാൻ പോലും ആളില്ല, ഖത്തറും ദോഹയും അർഹിക്കുന്നോ ലോക ചാമ്പ്യൻഷിപ്പ്?

നിങ്ങൾക്ക് ലോകത്ത് ഇന്നേവരെ കണ്ട ഏറ്റവും മികച്ച, മനോഹരവുമായ മൈതാനങ്ങളും സ്റ്റേഡിയവും ദോഹയിൽ കാണാം. പുരുഷന്മാരുടെ ആവട്ടെ സ്ത്രീകളുടെ ആവട്ടെ 100 മീറ്റർ മത്സരങ്ങൾക്ക് മുമ്പ്‌ ഇത്രയും മികച്ച ഒരു മുന്നൊരുക്കവും നിങ്ങൾ ദോഹയിൽ അല്ലാതെ കാണില്ല. ഏതൊരു ലോകോത്തര ട്രാക്കിനെയും വെല്ലുന്ന ട്രാക്കും നിങ്ങൾക്ക് ദോഹയിൽ കാണാം. എന്നാൽ ഒന്നു മാത്രം നിങ്ങൾക്ക് ദോഹയിൽ കാണാൻ ആവില്ല അത് തിങ്ങി നിറഞ്ഞ ഗാലറികൾ ആണ്. കാണികളുടെ പങ്കാളിത്തത്തിൽ അത്രക്ക് പരിതാപകരമാവുകയാണ് ദോഹയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പ്.

ഏറ്റവും വലിയ പോരാട്ടം ആയ പുരുഷന്മാരുടെയും വാനിതകളുടെയും 100 മീറ്റർ മത്സരങ്ങളുടെ സമയത്ത് പോലും ഒഴിഞ്ഞു കിടന്ന ഗാലറികൾ ലോക ചാമ്പ്യൻഷിപ്പിന്റെ തന്നെ മാറ്റ് കുറച്ചു. ഷെല്ലി ഫ്രെയ്‌സർ പ്രൈസ് ചരിത്രം കുറിക്കുന്നത് കാണാനോ, ബോൾട്ടിനു ശേഷം ആര് എന്നറിയാനോ പോലും ആളുകൾ ഗാലറിയിൽ എത്താത്ത കാഴ്ച ദുഃഖകരമായിരുന്നു. ഇന്നലെ മിക്‌സിഡ്‌ റിലേയിൽ ഇന്ത്യക്കാർക്ക് ആയി ആർത്തു വിളിക്കാൻ എത്തിയ ഇന്ത്യക്കാർ ആയിരുന്നു ഗാലറിയിൽ അൽപ്പമെങ്കിലും ഉണ്ടായിരുന്നവർ. പലപ്പോഴും ഗാലറികളിൽ മത്സരിക്കുന്ന രാജ്യത്തെ അത്ലറ്റുകളും അവരുടെ പരിശീലകരും മാത്രം ആണോ ഉള്ളത് എന്നു പോലും തോന്നി നാട്ടുകാർ ആയിട്ട് കാണിക്കാൻ വിരലിൽ എണ്ണാൻ പോലും ആളുകൾ കുറവായിരുന്നു.

പൊതുവെ അത്‌ലറ്റിക്‌സ് മത്സരങ്ങൾക്ക് ഗാലറി നിറയാറില്ല എന്ന ഒഴിക് കഴിവ് പറഞ്ഞാലും ഇത്തരം പരിതാപകരമായ ഗാലറികൾ ദോഹയിൽ മാത്രമെ കാണാൻ സാധിക്കൂ. 2022 ൽ ഫിഫ ലോകകപ്പ് അടക്കം വിരുന്നെത്തുന്നതിനാൽ ഇത്തരം കാഴ്ചകൾ ഖത്തറിന്റെ കായികമേളകൾ നടത്താനുള്ള അർഹതയെ വരെ ചോദ്യം ചെയ്യുന്നുണ്ട്. നിങ്ങൾക്ക് ഏറ്റവും അത്യാധുനികമായ സ്റ്റേഡിയങ്ങളും മൈതാനങ്ങളും ട്രാക്കും ഒരുക്കാൻ സാധിക്കുക എന്നത് മാത്രം ഒരു കായികമേള നടത്താനുള്ള യോഗ്യത ആവുന്നില്ലല്ലോ. എന്നും നിറഞ്ഞ ഗാലറികളും ഹൃദയം തുറന്ന് കയ്യടിക്കുന്ന ആർത്ത് വിളിക്കുന്ന ആരാധകരും തന്നെയാണ് കായികരംഗത്തിന്റെ ഹൃദയം അതില്ലാത്ത കാലത്തോളം വെറും കേട്ടു കാഴ്ച മാത്രം ആകുന്നു ഓരോ കായികമേളയും.

ഇത് അമ്മമാരുടെ ഇടം, കായികലോകത്ത് സ്വപ്നപ്രകടനം നടത്തി അമ്മമാർ

കായികരംഗത്ത് ഇറങ്ങുന്ന ഓരോ സ്ത്രീയും വ്യക്തി ജീവിതത്തിൽ നൽകുന്ന ത്യാഗം എന്നും വളരെ വലുതാണ്. കുടുംബജീവിതത്തിൽ ആകട്ടെ അവർ പലപ്പോഴും പലതും ത്യജിക്കേണ്ടി വരുന്നു. അമ്മയാകാൻ 36 വയസ്സ് വരെ കാത്തിരുന്ന സെറീന വില്യംസ്, 35 വയസ്സ് വരെ കാത്തിരുന്ന അഞ്ജു ബോബി ജോർജ് ഇങ്ങനെ പലരും നമുക്ക് മുന്നിൽ ഉണ്ട്. അതേപോലെ അമ്മയായ ശേഷം ഗ്രാന്റ്‌ സ്‌ലാം കിരീടം ഉയർത്തി ചിരിച്ചു നിന്ന കിം ക്ലേസ്റ്റേഴ്‌സിനെ പോലെ ഗർഭിണിയായിരിക്കെ ജയം കണ്ട സെറീനയെ പോലെ അത്ഭുതങ്ങൾ രചിച്ച അമ്മമാരുടെ കഥ കൂടി എന്നും കായികരംഗത്തിന് പറയാൻ ഉണ്ട്. അത്തരമൊരു മഹത്തരമായ രാത്രിക്ക് ആണ് ഇന്നലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ദോഹ വേദിയായത്.

20 കിലോമീറ്റർ നടത്തിൽ സ്വർണം നേടിയ ചൈനീസ് താരം ലി ഹോങ് ആണ് ആദ്യം ദോഹയിൽ ഇന്നലെ സ്വർണം അണിഞ്ഞ അമ്മ. 2017,2018 ൽ അമ്മയായ ശേഷം കളത്തിൽ നിന്നു പൂർണമായും വിട്ടു നിന്ന ചൈനീസ് താരം പക്ഷെ ലോക ചാമ്പ്യൻഷിപ്പിൽ തന്റെ തിരിച്ചു വരവ് ഗംഭീരമാക്കിയപ്പോൾ തടയാൻ സഹതാരങ്ങൾക്ക് പോലും ആയില്ല. പിന്നത്തെ ഊഴം ലോക അത്ലറ്റിക്സിലെ തന്നെ ഏറ്റവും മഹത്തായ താരം ആയ അമേരിക്കയുടെ ആലിസൺ ഫെലിക്‌സിന്റേത് ആയിരുന്നു. മിക്‌സിഡ്‌ റിലേയിൽ ലോക റെക്കോർഡ് പ്രകടനവും ആയി സ്വർണം നേടിയ ഫെലിക്‌സ് തകർത്തത് സാക്ഷാൽ ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ്. ഇനിയങ്ങോട്ട് ലോക ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ സ്വർണം നേടിയ പുരുഷ/വനിത താരം എന്നത് ഫെലിക്‌സ് മാത്രം. തീർന്നില്ല അമ്മയായി വെറും 10 മാസത്തിനുള്ളിൽ ആണ് ഇതിഹാസതാരത്തിന്റെ സ്വപ്നപ്രകടനം എന്നറിയുക.

5 ലോകചാമ്പ്യൻഷിപ്പിൽ ആയി 12 സ്വർണം നേടിയ ഫെലിക്‌സ് വനിത മുന്നേറ്റ പോരാട്ടങ്ങളിലും മുന്നിലുള്ള താരമാണ്. ഗർഭിണിയായ കായികതാരങ്ങൾക്ക് പണം നൽകാത്ത നൈക്ക് അടക്കമുള്ള സ്പോൺസർമാർക്കെതിരായ പോരാട്ടത്തിന്റെ മുൻപന്തിയിൽ എന്നും ഫെലിക്‌സ് ഉണ്ടായിരുന്നു. അതിനാൽ തന്നെ അമ്മയായ ശേഷമുള്ള സ്വപ്നനേട്ടം ഫെലിക്‌സിന് ഇരട്ടിമധുരം ആയി. മൂന്നാമത് കണ്ടത് മറ്റൊരു ഇതിഹാസതാരത്തിന്റെ സുവർണ നേട്ടം ആയിരുന്നു. വനിത അത്ലറ്റിക്സിലെ വേഗതയുടെ പര്യായം ആയ ജമൈക്കയുടെ സാക്ഷാൽ ഷെല്ലി ഫ്രെയ്‌സർ പ്രൈസിന്റെ. 100 മീറ്ററിൽ ലോകചാമ്പ്യൻഷിപ്പിൽ തന്റെ നാലാം സ്വർണം കുറിച്ച ഷെല്ലി അമ്മയായത് തന്റെ വീര്യം കൂട്ടിയിട്ടേയുള്ളൂ എന്നു ലോകത്തോട് വിളിച്ചു പറഞ്ഞു. റേസിന് ശേഷം 33 കാരിയായ ഷെല്ലി തന്റെ 2 വയസ്സുകാരൻ മകനെ എടുത്ത് പിടിച്ച കാഴ്ച ഈ ലോകചാമ്പ്യൻഷിപ്പിലെ തന്നെ ഏറ്റവും മനോഹര നിമിഷമായി. ലോകത്ത് അങ്ങോളം ഇങ്ങോളം ഉള്ള ഏതൊരു കൊച്ചുകുട്ടിക്കും സ്ത്രീക്കും ഏറ്റവും വലിയ പ്രചോദനമായി കായികലോകം വാഴുകയാണ് ഈ അമ്മമാർ.

ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് മറികടന്ന് ആലിസൺ ഫെലിക്‌സ്

ലോക ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ സ്വർണം നേടിയ താരമായി മാറി അമേരിക്കൻ അത്ലറ്റ് ആലിസൺ ഫെലിക്‌സ്. ലോക ചാമ്പ്യൻഷിപ്പിൽ 12 സ്വർണമെഡലുകൾ ആണ് ഇപ്പോൾ ഫെലിക്‌സിന് സ്വന്തമായിട്ടുള്ളത്. 11 സ്വര്ണമെഡലുകൾ ലോക ചാമ്പ്യൻഷിപ്പിൽ നേടിയ ബോൾട്ടിന്റെ റെക്കോർഡ് ആണ് ഇതോടെ അമേരിക്കൻ താരം മറികടന്നത്. ഇതോടെ ലോക ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ സ്വർണമെഡലുകൾ നേടുന്ന പുരുഷ/വനിത താരമായി ഫെലിക്‌സ് മാറി.

ഇന്നലെ 4×400 മീറ്റർ റിലേയിൽ സ്വർണം നേടിയ ഫെലിക്‌സ് ഇത് വരെ 5 ലോക ചാമ്പ്യൻഷിപ്പിൽ ആയി 12 സ്വർണം ആണ് നേടിയത്. ചരിത്രത്തിലെ ഏറ്റവും മഹത്തായ അത്ലറ്റ് ആയി കണക്കാക്കുന്ന ഫെലിക്‌സ് അമ്മയായ ശേഷം നേടുന്ന സ്വർണനേട്ടം എന്ന നിലയിലും ഈ നേട്ടം പ്രസക്തമാകുന്നുണ്ട്. മിക്‌സിഡ്‌ റിലേയിൽ പുതിയ ലോക റെക്കോർഡ് പ്രകടനം ആയിരുന്നു ഫെലിക്‌സ് അടങ്ങിയ അമേരിക്കൻ ടീമിൽ നിന്നുണ്ടായത്.

ലക്ഷദ്വീപിന്റെ സ്‌കൂൾ കായികമാമങ്കത്തിനു നാളെ തുടക്കം

ലക്ഷദ്വീപ് സ്‌കൂൾ കായിക മേളക്ക് നാളെ ആന്ത്രോത്ത് ദ്വീപിൽ തുടക്കമാവും. ഗ്രൈസ് മാർക്കിന്റെ അഭാവത്തിലും മികച്ച കായികപങ്കാളിത്തം തന്നെയാണ് എല്ലാ ദ്വീപിൽ നിന്നും ഉള്ളത്. ഇന്ന് മുതൽ വിവിധ ദ്വീപുകളിൽ നിന്നായി ടീമുകൾ കപ്പലിൽ ആന്ത്രോത്ത് ദ്വീപിൽ എത്തി തുടങ്ങി. ഏറ്റവും ചെറിയ ദ്വീപ് ആയ ബിത്ര അടക്കം 10 ദ്വീപിൽ നിന്നുമുള്ള വിദ്യാർത്ഥി കായിക താരങ്ങളെയും അവരുടെ അധ്യാപകരെയും ഉൾക്കൊള്ളാൻ വിഭുലമായ സജ്ജീകരണങ്ങൾ ആണ് ആന്ത്രോത്ത് ദ്വീപിൽ ഒരുക്കിയിരിക്കുന്നത്. മത്സരങ്ങൾ നടക്കുന്ന ഇന്റോർ, ഔട്ട്ഡോർ മൈതാനങ്ങളും ഒക്കെ പൂർണമായും ഒരുങ്ങി കഴിഞ്ഞു. മഴ ഭീഷണി ആവുമെന്ന ആശങ്ക ഉണ്ടെങ്കിലും കുറെ വർഷങ്ങൾക്ക് ശേഷം വിരുന്നെത്തിയ മേള ഉഷാർ ആക്കാൻ ആണ് നാട്ടുകാരും അധികൃതരും ശ്രമിക്കുന്നത്. നാളത്തെ രാവിലെയാണ് മേളക്ക് തുടക്കമാവുക.

ഫുട്‌ബോൾ, വോളിബോൾ, ഷട്ടിൽ ബാഡ്മിന്റൺ തുടങ്ങിയ ഗെയിംസ് ഇനങ്ങളും അത്ലറ്റിക്സ്, നീന്തൽ തുടങ്ങിയ ഇനങ്ങളും അടക്കം നിരവധി ഇനങ്ങളിൽ ആണ് മത്സരങ്ങൾ നടക്കുക. വിവിധ പ്രായ ഗ്രൂപ്പുകളിൽ ആയി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി ആണ് മത്സരങ്ങൾ. ഏതാണ്ട് കഴിഞ്ഞ ഒന്നൊര പതിറ്റാണ്ട് ആയി ലക്ഷദ്വീപിലെ കായിക കിരീടം കയ്യിൽ വച്ചിരിക്കുന്ന ആന്ത്രോത്ത് ദ്വീപ് സ്വന്തം മണ്ണിൽ അത് നിലനിർത്തും എന്നുറച്ചാണ് കളത്തിൽ ഇറങ്ങുക. അതേസമയം ആന്ത്രോത്ത് ദ്വീപിനു അൽപ്പമെങ്കിലും വെല്ലുവിളി ഉയർത്താൻ ആവുക അമിനി, കവരത്തി ദ്വീപുകാർക്ക് ആവും. എന്നാൽ സ്വന്തം മൈതാനത്ത് ആന്ത്രോത്ത് കിരീടം കൈവിടാനുള്ള സാധ്യത വിരളമാണ്.

100 മീറ്ററിൽ വീണ്ടും ചരിത്രം കുറിച്ച് ഷെല്ലി ഫ്രെയ്‌സർ പ്രൈസ് എന്ന ഇതിഹാസം

വേഗതക്ക് വനിതകളിൽ ഒരേ ഒരു പേര് മാത്രമേ ഉള്ളു, അത് അമ്മയായിട്ടും ഇപ്പോഴും ഓടി ഒന്നാമത് എത്തുന്ന ജമൈക്കൻ ഇതിഹാസം ഷെല്ലി ഫ്രെയ്‌സർ പ്രൈസ് തന്നെ. ചരിത്രത്തിലെ ഏറ്റവും മികച്ച നാലാമത്തെ സമയമായ 10.71 സെക്കന്റ് ദോഹയിൽ ഷെല്ലി കുറിച്ചപ്പോൾ തന്റെ ലോകചാമ്പ്യൻഷിപ്പിലെ നാലാം സ്വർണം ആണ് സ്വന്തമാക്കിയത്. 100 മീറ്ററിൽ മുമ്പ് രണ്ട് തവണ ഒളിമ്പിക് മെഡൽ നേടിയ ഷെല്ലി തന്റെ സമീപകാലത്തെ മികച്ച റേസ് ആണ് പുറത്ത് എടുത്തത്. ഇതിഹാസങ്ങളുടെ നിരയിൽ ഇതിനകം എണ്ണുന്ന ഷെല്ലിയുടെ കരിയറിലെ മറ്റൊരു സുവർണ രാത്രിയായി ദോഹയിൽ ഇന്ന്.

ബ്രിട്ടീഷ് റെക്കോർഡ് പ്രകടനം നടത്തിയ കരിയറിലെ മികച്ച പ്രകടനം നടത്തിയ 23 കാരിയായ ഡിന ആഷ്ലി സ്മിത്ത് ആണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. 10.83 സെക്കന്റുകൾക്ക് റേസ് പൂർത്തിയാക്കിയ ഡിനക്ക് പക്ഷെ ഷെല്ലിയെ മറികടക്കാൻ ആയില്ല. ഐവറി കോസ്റ്റിന്റെ മേരി ജോസി താ ലൗ ആണ് വെങ്കല മെഡൽ സ്വന്തമാക്കിയത്. 10.90 സെക്കന്റുകൾക്ക് ആണ് ഐവറി കോസ്റ്റ് താരം ഓടിയെത്തിയത്. അതേസമയം ജമൈക്കയുടെ മറ്റൊരു ഇതിഹാസതാരം എലീൻ തോംപ്‌സൺ നാലാമത് ആയി ആണ് റേസ് പൂർത്തിയാക്കിയത്.

മിക്‌സിഡ്‌ റിലേയിൽ ഇന്ത്യക്ക് ഏഴാം സ്ഥാനം, അമേരിക്കക്ക് ലോക റെക്കോർഡ്

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 4×400 മീറ്റർ മിക്‌സിഡ്‌ റിലേയിൽ ലോക റെക്കോർഡ് കുറിച്ച് അമേരിക്ക. ലോക ചാമ്പ്യൻഷിപ്പിൽ ആദ്യമായി അരങ്ങേറിയ ഇനത്തിൽ മലയാളി താരങ്ങളുടെ കരുത്തിൽ ഫൈനലിൽ എത്തിയ ഇന്ത്യക്ക് ഏഴാം സ്ഥാനത്ത് എത്താനെ ആയുള്ളൂ. അനസ്, വിസ്മയ, ജിസ്ന, നോഹ എന്നിവർ അടങ്ങിയ ടീം മികച്ച പ്രകടനം ആണ് പുറത്ത് എടുത്തത് എങ്കിലും റിലേക്ക് ഇടയിലെ ആശയക്കുഴപ്പം വിനയായി.

യോഗ്യത മത്സരത്തിൽ കുറിച്ച സമയം മറികടന്ന് ലോക റെക്കോർഡ് കുറിച്ച അമേരിക്ക 3.09.35 മിനിറ്റിൽ ആണ് റിലേ പൂർത്തിയാക്കിയത്. അതേസമയം ജമൈക്ക രണ്ടാം സ്ഥാനത്തും ബഹ്‌റൈൻ മൂന്നാം സ്ഥാനത്തും എത്തി. അമേരിക്കൻ താരമായ ആലിസൻ ഫെലിക്‌സ് ഈ സുവർണ നേട്ടത്തോടെ ലോക ചാമ്പ്യൻഷിപ്പിൽ തന്റെ 12 സ്വർണം ആണ് സ്വന്തമാക്കിയത്. ദോഹയിൽ ഗാലറി നിറഞ്ഞ ഇന്ത്യക്കാർ മികച്ച പിന്തുണയാണ് ഇന്ത്യക്ക് നൽകിയത്. ഏഴാമത് ആയെങ്കിലും ഒളിമ്പിക്സിന് യോഗ്യത നേടാൻ ആയത് ഇന്ത്യക്ക് നേട്ടമാണ്.

100 മീറ്ററിൽ ദോഹയെ പുളകം കൊള്ളിച്ച് സ്വർണം നേടി ക്രിസ്റ്റ്യൻ കോൾമാൻ

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ പുരുഷൻ ആയി അമേരിക്കയുടെ യുവതാരം ക്രിസ്റ്റ്യൻ കോൾമാൻ. സ്വർണം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കല്പിച്ചിരുന്ന കോൾമാൻ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ആണ് ഫൈനലിൽ പുറത്തെടുത്തത്. കരിയറിലെ മികച്ച സമയം കുറിച്ച കോൾമാൻ 9.76 സെക്കന്റ്ക്കുള്ളിൽ 100 മീറ്റർ ഓടിയെത്തിയപ്പോൾ ദോഹയിൽ തിങ്ങി നിറഞ്ഞ ആരാധകർ ആവേശത്തിൽ ആയി. പലപ്പോഴും പരിക്ക് വലച്ച കോൾമാൻ തന്റെ മികവിന്റെ മുഴുവനും ഇന്ന് പുറത്ത് എടുത്തു.

അതേസമയം അമേരിക്കയുടെ തന്നെ ജസ്റ്റിൻ ഗാറ്റ്ലിൻ ആണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. തന്റെ 37 മത്തെ വയസ്സിലും വിട്ട് കൊടുക്കാൻ തയ്യാറാകാതെ പൊരുതിയ ഗാറ്റ്ലിൻ മികച്ച പോരാട്ടം തന്നെയാണ് പുറത്തെടുത്തത്. 9.80 സെക്കന്റിൽ കോൾമാനു പിറകിൽ എത്തിയ ഗാറ്റ്ലിൻ ലോകചാമ്പ്യൻഷിപ്പിൽ മറ്റൊരു മെഡൽ കൂടി സ്വന്തമാക്കി. 9.90 സെക്കന്റിൽ ഓടിയെത്തിയ കാനഡയുടെ ഡി ഗ്രാസ് ആണ് വെങ്കല മെഡൽ സ്വന്തമാക്കിയത്. മുൻ ലോക ജേതാവ് ജമൈക്കയുടെ യൊഹാൻ ബ്ലൈക്ക് അഞ്ചാമത് ആയി ആണ് ഓട്ടം പൂർത്തിയാക്കിയത്.

മലയാളി കരുത്തിൽ ഇന്ത്യ ഒളിമ്പിക്സിലേക്ക്

ലോക അത്ലറ്റിക് മീറ്റിലെ പുതു ഇനമായ 4×400 മീറ്റർ മിക്സിഡ് റിലേയിൽ ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടി. മലയാളി താരങ്ങൾ ആയ അനസ്, വിസ്മയ, ജിസ്ന, നോഹ എന്നിവർ അടങ്ങിയ ടീം ആണ് അത്ലറ്റിക് മീറ്റിൽ മികച്ച പ്രകടനം നടത്തിയത്. ലോക ചാമ്പ്യൻഷിപ്പിൽ ആദ്യ 8 ൽ എത്തിയതോടെ 2020 ലെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യതയും ടീം നേടി. രണ്ടാമത്തെ സെമിഫൈനലിൽ ആണ് ഇന്ത്യൻ ടീം മത്സരിച്ചത്. മൂന്നാം സ്ഥാനത്ത് സീസണിലെ തങ്ങളുടെ മികച്ച സമയമായ 3:16.14 മിനിറ്റ് ആണ് ടീം കുറിച്ചത്.

ഫൈനലിലേക്ക് യോഗ്യത നേടിയ 8 ടീമുകളിൽ 7 മത് എത്തിയ ടീം അവസാനലാപ്പിലെ ആശയക്കുഴപ്പം ഇല്ലായിരുന്നു എങ്കിൽ ഇതിലും മികച്ച സമയം കുറിക്കുമായിരുന്നു. ഫൈനലിൽ അമേരിക്ക, ജമൈക്ക, ബഹ്‌റൈൻ, പോളണ്ട്, ബ്രസീൽ തുടങ്ങിയ ശക്തമായ ടീമുകൾക്ക് എതിരെ മികച്ച പ്രകടനം നടത്താൻ ആവും ഇന്ത്യ നാളെ ശ്രമിക്കുക.

Exit mobile version