5000 മീറ്ററിൽ സ്വർണം നേടി സഫാൻ ഹസാൻ! ഇനി ലക്ഷ്യം 1500, 10,000 മീറ്റർ സ്വർണം

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രതീക്ഷകൾ തെറ്റിക്കാതെ ഡച്ച് താരം സഫാൻ ഹസാൻ. 1500, 5000, 10,000 മീറ്ററുകളിൽ ഒളിമ്പിക് സ്വർണം നേടുമെന്ന് പ്രതീക്ഷിച്ച ഹസാൻ ആദ്യ ലക്ഷ്യം അനായാസം നേടി. ലോക ജേതാവ് ആയ സഫാൻ 1992 നു ശേഷമുള്ള ആദ്യ സ്വർണ മെഡൽ കൂടി നേതാർലാന്റിന് സമ്മാനിച്ചു. 1500 മീറ്റർ യോഗ്യതക്ക് ഇടയിൽ രാവിലെ വീണ ശേഷം എണീറ്റ് ആദ്യ സ്ഥാനത്ത് അവസാനിപ്പിച്ച മികവ് വെറും മണിക്കൂറുകൾക്ക് അകം 5000 മീറ്ററിലും താരം നിലനിർത്തി. ഓട്ടത്തിൽ തുടക്കം മുതൽ മുൻതൂക്കം പുലർത്തിയ താരം 14 മിനിറ്റ് 36.79 സെക്കന്റിൽ ആണ് 5000 മീറ്റർ പൂർത്തിയാക്കിയത്.

അവസാന ലാപ്പ് വെറും 57.10 സെക്കന്റിൽ പൂർത്തിയാക്കിയ ഡച്ച് സൂപ്പർ താരം അനായാസം തന്റെ ഓട്ടം പൂർത്തിയാക്കി. ഒളിമ്പിക്സിൽ 5000 മീറ്ററിലെ അവസാന ലാപ്പിൽ ഏറ്റവും മികച്ച സമയം ആണ് ഇത്. അവസാന 200 മീറ്ററിൽ വെറും 27.60 സെക്കന്റുകൾ മാത്രമാണ് താരം ഓട്ടം പൂർത്തിയാക്കാൻ എടുത്തത്. കെനിയയുടെ ഹെലൻ ഒബിരിയാണ് ഡച്ച് താരത്തിന് പിന്നിൽ വെള്ളി മെഡൽ നേടിയത്. അതേസമയം എത്യോപ്യൻ താരം ഗുദ്ദാഫ്‌ സെഗയെ ഈ ഇനത്തിൽ വെങ്കലം നേടി. ഇനി 1500, 10,000 മീറ്ററുകളിൽ സ്വർണം നേടി സഫാൻ ഹസാൻ ടോക്കിയോയിൽ ഹാട്രിക് നേടുമോ എന്നു കണ്ടു തന്നെ അറിയാം.