ക്രിക്കറ്റിൽ തിളങ്ങുന്ന ചേട്ടൻ സ്റ്റാർക്, ഹൈ ജംപിൽ ഒളിമ്പിക് ഫൈനലിൽ കയറി അനിയൻ സ്റ്റാർക്

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മിച്ചൽ സ്റ്റാർ ക്കിനെ ഇന്ത്യൻ കായിക പ്രേമികൾക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളർമാരിൽ ഒരാളായ മിച്ചൽ സ്റ്റാർക്ക് ഇന്ത്യക്കാർക്ക് അത്ര പരിചയമാണ്. അതേസമയം അദ്ദേഹത്തിന്റെ ഭാര്യ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരവും വനിത ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളുമായ അലിസ ഹീലിയെയും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. എന്നാൽ മിച്ചൽ സ്റ്റാർക്കിന്റെ മൂന്നു വയസ്സ് ഇളയ സഹോദരൻ ബ്രാണ്ടൻ സ്റ്റാർക്ക് പക്ഷെ ഇന്ത്യൻ കായിക പ്രേമികൾക്ക് അത്ര പരിചയമുള്ള ആളല്ല. ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച ഹൈ ജംപ് താരങ്ങളിൽ ഒരാൾ ആണ് ബ്രാണ്ടൻ.

കോമൺവെൽത്ത് സ്വർണ മെഡൽ ജേതാവ് ആയ ബ്രാണ്ടൻ ഇത്തവണ ടോക്കിയോ ഒളിമ്പിക്‌സിൽ ഓസ്‌ട്രേലിയയുടെ മെഡൽ പ്രതീക്ഷ കൂടിയാണ്. ബ്രാണ്ടൻ ആ പ്രതീക്ഷ കാത്ത് ഹീറ്റിൽ നന്നായി പ്രകടനം നടത്തി ഫൈനലിലേക്ക് മുന്നേറിയിട്ടും ഉണ്ട്. ഗ്രൂപ്പ് ബിയിൽ ഫൈനൽ യോഗ്യതക്ക് ആയി ഇറങ്ങിയ ബ്രാണ്ടൻ ആദ്യ ശ്രമത്തിൽ 2.17 മീറ്ററും രണ്ടാം ശ്രമത്തിൽ 2.21 മീറ്ററും അനായാസം മറികടന്നു. 2.25 മീറ്റർ രണ്ടാം ശ്രമത്തിൽ മറികടന്ന ബ്രാണ്ടൻ ഫൈനൽ യോഗ്യതയായ 2.28 മീറ്റർ ആദ്യ ശ്രമത്തിൽ തന്നെ അനായാസം മറികടന്നു. ഞായറാഴ്ചയാണ് പുരുഷ ഹൈ ജംപ് ഫൈനൽ നടക്കുക. കായിക കുടുബത്തിന്റെ മികവ് ബ്രാണ്ടൻ ഒളിമ്പിക്സിൽ മെഡൽ നേടി ഉയർത്തുമോ എന്നു കണ്ടറിയാം.