Picsart 23 08 21 01 40 45 975

100 മീറ്ററിൽ സ്വർണം നേടി നോഹ ലെയിൽസ്, തുടർച്ചയായ മൂന്നാം സ്വർണവും ആയി ജോഷ്വ ചെപ്‌റ്റെഗെ

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് രണ്ടാം ദിനത്തിൽ പുരുഷന്മാരുടെ 100 മീറ്ററിൽ സ്വർണം നേടി അമേരിക്കയുടെ നോഹ ലെയിൽസ്. 9.83 സെക്കന്റിൽ ആണ് അമേരിക്കൻ താരം 100 മീറ്റർ പൂർത്തിയാക്കിയത്. 9.88 സെക്കന്റ് കുറിച്ച ബോട്ട്സ്വാനയുടെ ലെറ്റ്സ്‌ലി ടെബോഗോ വെള്ളി മെഡൽ നേടിയപ്പോൾ മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിൽ അമേരിക്കയുടെ ഹാർനൽ ഹ്യൂഗ്സ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം പുരുഷന്മാരുടെ 10000 മീറ്റർ ഓട്ടത്തിൽ ഉഗാണ്ടയുടെ ജോഷ്വ ചെപ്‌റ്റെഗെ വീണ്ടും ചരിത്രം എഴുതി.

27:51.42 മിനിറ്റ് എന്ന സമയത്ത് 10000 മീറ്റർ പൂർത്തിയാക്കിയ ചെപ്‌റ്റെഗെ തുടർച്ചയായ മൂന്നാം ലോക ചാമ്പ്യൻഷിപ്പിൽ ആണ് ഈ ഇനത്തിൽ സ്വർണം നേടുന്നത്. കെനിയയുടെ ഡാനിയേൽ എബന്യോ വെള്ളി നേടിയപ്പോൾ എത്യോപയുടെ സെലമോൻ ബെരെഗ വെങ്കലം നേടി. വനിതകളുടെ ലോങ് ജംപിൽ 7.14 മീറ്റർ ചാടിയ സെർബിയയുടെ ഇവാന വുലെറ്റ സ്വർണം നേടിയപ്പോൾ അമേരിക്കയുടെ ടാര ഡേവിസ്-വുഡ്ഹാൾ വെള്ളിയും റൊമാനിയയുടെ അലീന റൊടാറു-കോട്ട്മാൻ വെങ്കലവും നേടി. വനിതകളുടെ 20 കിലോമീറ്റർ നടത്തത്തിൽ 1 മണിക്കൂർ 26 മിനിറ്റ് 51 സെക്കന്റിൽ നടത്തം പൂർത്തിയാക്കിയ സ്പെയിനിന്റെ മരിയ പെരസ് സ്വർണം നേടി. ഓസ്‌ട്രേലിയയുടെ ജെമിമ മോൻടാഗ് വെള്ളിയും ഇറ്റലിയുടെ അന്റോനെല്ല വെങ്കലവും നേടി.

പുരുഷന്മാരുടെ ഹാമർ ത്രോയിൽ 81.25 മീറ്റർ എറിഞ്ഞ കാനഡയുടെ ഏഥൻ കാറ്റ്സ്ബർഗ് സ്വർണം നേടി. കരിയറിൽ ആദ്യമായി ആണ് താരം 80 മീറ്റർ താണ്ടുന്നത്. കാനഡയുടെ പുതിയ ദേശീയ റെക്കോർഡ് ആണ് ഇത്. ഒപ്പം ഏറ്റവും പ്രായം കുറഞ്ഞ ഹാമർ ത്രോ ലോക ചാമ്പ്യനും ആയി ഏഥൻ. പോളണ്ടിന്റെ വോസ്നിക് നോവിസ്കി വെള്ളി നേടിയപ്പോൾ ഹംഗറിയുടെ ബെൻസ് ഹലാസ് വെങ്കലം നേടി. അതേസമയം വനിതകളുടെ ഹെപ്റ്റത്തലോണിൽ ബ്രിട്ടന്റെ കാതറിന ജോൺസൺ-തോമ്പ്സൺ 6740 പോയിന്റുകളും ആയി സ്വർണം നേടിയപ്പോൾ അമേരിക്കയുടെ അന്ന ഹാൾ വെള്ളിയും ഹോളണ്ടിന്റെ അനൗക് വെറ്റർ വെങ്കലവും നേടി. രണ്ടാം ദിനവും ഇന്ത്യക്ക് നിരാശ തന്നെയാണ് സമ്മാനിച്ചത്.

Exit mobile version