പണമില്ല, മുബസ്സിന അടക്കമുള്ള കേരള താരങ്ങൾക്ക് ലോക സ്‌കൂൾ ഗെയിംസിൽ പങ്കെടുക്കാൻ ആവുമോ എന്നു ആശങ്ക

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

പണം ഇല്ലാത്തതിനാൽ ഫ്രാൻസിലെ നോർമണ്ടിയിൽ മെയ് 14 മുതൽ 22 വരെ നടക്കുന്ന ലോക സ്‌കൂൾ ഗെയിംസിൽ യോഗ്യത നേടിയ കേരള താരങ്ങൾ മീറ്റിൽ പങ്കെടുക്കാൻ ആവുമോ എന്ന കടുത്ത ആശങ്കയിൽ. യാത്രക്കും, താമസത്തിനും അടക്കം ഏതാണ്ട് രണ്ടര ലക്ഷം രൂപ താരങ്ങൾ കണ്ടത്തേണ്ടത് ആണ്. വിസക്കും,താമസ സൗകര്യത്തിനും,വിമാന ടിക്കറ്റിനും,കായിക കിറ്റിനും ഒക്കെയായി രണ്ടര ലക്ഷം രൂപ സ്‌കൂൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പേരിൽ നൽകിയാൽ മാത്രമേ താരങ്ങൾക്ക് ലോക സ്‌കൂൾ ഗെയിംസിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.

ഏപ്രിൽ 5 നുള്ളിൽ ഈ പണം താരങ്ങൾ അടക്കണം എന്നു കേരള പൊതു വിദ്യാഭ്യാസ വകുപ്പിന് സ്‌കൂൾ ഫെഡറേഷൻ ഓഫ് ഇന്ത്യ നിർദേശം നൽകിയിട്ടുണ്ട്. ഫണ്ട് ഇല്ലാത്തതിനാൽ വിദ്യാഭ്യാസ വകുപ്പിന് ഈ പണം നൽകാൻ ആവില്ല എന്ന നിലപാട് ആണ്. എന്നാൽ ഇത്രയും തുക സ്വയം കണ്ടത്താൻ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കും ആവില്ല. അതിനാൽ തന്നെ സർക്കാരോ സ്പോൺസർമാരോ മുന്നോട്ടു വന്നില്ല എങ്കിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് തങ്ങൾക്ക് ലഭിച്ച വലിയ അവസരം നഷ്ടമാവും. ഈ പണം അടച്ചില്ല എങ്കിൽ വെയിറ്റിങ് ലിസ്റ്റിൽ ഉള്ള മറ്റു സംസ്ഥാനത്ത് നിന്നുള്ള താരങ്ങൾക്ക് പകരം അവസരം ലഭിക്കും.

70 തിൽ അധികം രാജ്യങ്ങളിൽ നിന്ന് 3500 ൽ അധികം താരങ്ങൾ പങ്കെടുക്കുന്ന ലോക സ്‌കൂൾ ഗെയിംസിൽ ഇന്ത്യയിൽ നിന്ന്‌ 34 താരങ്ങൾ ആണ് പങ്കെടുക്കുക. ഇതിൽ 17 വീതം ആൺ കുട്ടികളും പെൺ കുട്ടികളും ആണ്. ഇത് കൂടാതെ 16 വീതം താരങ്ങൾ ഇരു വിഭാഗങ്ങളിലും ആയി വെയിറ്റിങ് ലിസ്റ്റിലും ഉണ്ട്. കേരളത്തിൽ നിന്ന് ലക്ഷദ്വീപുകാരിയായ മുബസ്സിന മുഹമ്മദ് അടക്കം നാലു താരങ്ങൾ ആണ് ലോക സ്‌കൂൾ ഗെയിംസിൽ യോഗ്യത നേടിയവർ. കോഴിക്കോടിനെ പ്രതിനിധികരിക്കുന്ന മുബസ്സിന ലോങ് ജമ്പ്, 400 മീറ്റർ ഹർഡിൽസ് എന്നിവയിൽ യോഗ്യത നേടിയിട്ടുണ്ട്. മുബസ്സിനയെ കൂടാതെ പാലക്കാടിന്റെ എസ്.അഭിനന്ദ്(ലോങ് ജമ്പ്), കൊല്ലത്തിന്റെ ലെന നോർബെർട്ട്(ബോക്സിങ്), കോഴിക്കോടിന്റെ ലന ഫാത്തിമ(തയ്ക്വാൻഡോ) എന്നിവർ ആണ് കേരളത്തിൽ നിന്ന് ലോക സ്‌കൂൾ ഗെയിംസിൽ യോഗ്യത നേടിയവർ. സർക്കാരോ സ്പോൺസർമാരോ കനിഞ്ഞില്ലെങ്കിൽ ഇന്ത്യൻ കായിക രംഗത്ത് ഭാവി ആവേണ്ട താരങ്ങൾക്ക് വലിയ അവസരം ആവും പണമില്ല എന്ന കാരണം കൊണ്ട് നഷ്ടമാവുക.