ബോള്‍ട്ടും വീണു, തന്റെ വിടവാങ്ങല്‍ മത്സരത്തില്‍

ഇതിഹാസങ്ങള്‍ക്ക് എന്നും ഇങ്ങനൊരു അവസാനം എഴുതിവെച്ചിട്ടുണ്ടാവും അവരും അതികായരല്ല വെറും മനുഷ്യരാണെന്ന വെറുതേ ഓര്‍മ്മപ്പെടുത്തുവാനായി. ഡോണ്‍ ബ്രാഡ്മാന്‍ എന്ന ഇതിഹാസ താരത്തിനു ഇതുപോലൊരു അനുഭവമായിരുന്നു തന്റെ അവസാന മത്സരത്തില്‍. വെറും നാല് റണ്‍സ് തന്റെ അവസാന ഇന്നിംഗ്സില്‍ നേടിയിരുന്നേല്‍ തന്റെ കരിയര്‍ ശരാശരി 100 ആക്കി മാറ്റുവാന്‍ സാധിക്കുമായിരുന്നുവെങ്കിലും ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാനു അത് സാധിക്കാതെ പോകുകായിരുന്നു. തന്റെ ബ്രാഡ്മാന്‍ അവസാനിപ്പിച്ചത് 99.94 എന്ന ശരാശരിയിലാണ്, ഒരിക്കലും തകര്‍ക്കുവാന്‍ സാധ്യതയില്ലാത്തൊരു റെക്കോര്‍ഡുമായി.

അതുപോലൊരു അവസാനമാണ് വേഗതയുടെ രാജാവിനെയും കാത്തിരുന്നത്. ലണ്ടനിലെ ലോക് അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് ഇവന്റുകളിലാണ് ബോള്‍ട്ട് പങ്കെടുത്തത്. ഓഗസ്റ്റ് ആറിനു ലണ്ടനില്‍ തന്റെ അവസാന വ്യക്തിഗത മത്സരത്തിനിറങ്ങിയ ബോള്‍ട്ടിനു മൂന്നാം സ്ഥാനം മാത്രമാണ് ലഭിച്ചത്. ലണ്ടന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു. ഗാറ്ലിനും കോള്‍മനും പിന്നിലായി ആ ഇതിഹാസം ഫിനിഷ് ചെയ്തപ്പോള്‍ കായിക ലോകം ആ മഹാന്റെ സിഗ്നേച്ചര്‍ മൂവ് കാണാനാകാത്ത വിഷമത്തിലാണന്ന് സ്റ്റേഡിയം വിട്ടത്.

തന്റെ അവസാന മത്സരയോട്ടത്തിനു ഇന്ന് പുലര്‍ച്ചെയാണ് ബോള്‍ട്ട് ഇറങ്ങിയത്. ജമൈക്കയുടെ 4*100 റിലേ ടീമിന്റെ ഭാഗമായി താരം വിജയപ്രതീക്ഷയുമായി മത്സരത്തിനു ഇറങ്ങി. എന്നാല്‍ വീണ്ടും അതാവര്‍ത്തിച്ചു, ആരും അമാനുഷികരല്ല വെറും മനുഷ്യര്‍ മാത്രമെന്ന് നമ്മെയെല്ലാം ഓര്‍മ്മപ്പെടുത്തുന്ന ആ നിമിഷങ്ങളാണ് ട്രാക്കില്‍ ഇന്ന് അരങ്ങേറിയത്.

റിലേയുടെ അവസാനലാപ്പില്‍ തന്റെ കുതിപ്പ് ആരംഭിക്കുവാന്‍ ബോള്‍ട്ട് തുടങ്ങിയ ആ നിമിഷത്തിലാണ് പേശിവലിവ് വില്ലനായി എത്തിയത്. തന്റെ അവസാന മത്സരത്തിന്റെ 20ല്‍ താഴെ ചുവടുകള്‍ ബോള്‍ട്ട് വെച്ചിട്ടുണ്ടാവും പേശികള്‍ വലിഞ്ഞു മുറുകി ആരും പ്രതീക്ഷിക്കാത്ത, ആഗ്രഹിക്കാത്ത ഒരു പര്യവസാനമാണ് കായിക ലോകത്തെ ഇതിഹാസത്തെ കാത്തിരുന്നത്. എന്നാല്‍ ആ ദുഖകരമായ കാഴ്ചയ്ക്കിടയിലും ലണ്ടനില്‍ ബ്രിട്ടന്‍ തങ്ങളുടെ ആദ്യ 4*100 കിരീടം നേടി, ബ്രിട്ടീഷ് ആരാധകര്‍ക്ക് സന്തോഷിക്കുവാനുള്ള വക നല്‍കി.

8 ഒളിമ്പിക് ഗോൾഡ് മെഡലുകൾക്കും 11 ലോക ചാമ്പ്യൻഷിപ്പുകൾക്കും 100‌ മീറ്ററിലും 200 മീറ്ററിലും ലോക റെക്കൊർഡിനുടമയുമായ ഉസൈൻ ബോൾട്ട് വിടവാങ്ങുകയാണ്. ഇനി ട്രാക്കുകളില്‍ ആ അത്ഭുത പുരുഷന്റെ സാന്നിധ്യമുണ്ടാകില്ല. കായിക പ്രേമികളായ നമുക്ക് കാത്തിരിക്കാം പുത്തന്‍ താരോദയങ്ങള്‍ക്കായി, പുതിയ ബോള്‍ട്ടിനായി, പുതിയ ബ്രാഡ്മാനായി.

ബോള്‍ട്ടിന്റെ അവസാന റേസ്:

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial