ഇൻഡോർ ട്രിപ്പിൾ ജമ്പിൽ 16 വർഷത്തെ ലോക റെക്കോർഡ് തിരുത്തി യൂലിമർ റോഹാസ്‌

- Advertisement -

വനിതകളുടെ ഇൻഡോർ ഗെയിംസിലെ ട്രിപ്പിൾ ജമ്പിൽ പുതിയ ലോകറെക്കോഡ് സൃഷ്ടിച്ചു വെനസ്വേലയുടെ യൂലിമർ റോഹാസ്‌. 2 തവണ ലോകജേതാവ് ആയ റോഹാസ്‌ മാഡ്രിഡിൽ നടന്ന ഇൻഡോർ അത്ലറ്റിക് മീറ്റിൽ ആണ് പുതിയ റെക്കോർഡ് കുറിച്ചത്. തന്റെ ആറാമത്തെയും അവസാനത്തെയും ശ്രമത്തിൽ 15.43 മീറ്റർ ചാടിയാണ് റോഹാസ്‌ പുതിയ ലോകറെക്കോർഡ് സൃഷ്ടിച്ചത്. 2004 ൽ റഷ്യയുടെ തത്യാന ലെബദേവയുടെ റെക്കോർഡ് 7 സെന്റീമീറ്റർ വ്യത്യാസത്തിൽ ആണ് 24 കാരിയായ റോഹാസ്‌ മറികടന്നത്.

2016 ലെ ഒളിമ്പിക്‌സിൽ ട്രിപ്പിൾ ജമ്പിൽ വെള്ളിമെഡൽ ജേതാവ് കൂടിയായ താരം ഈ മാസം തുടക്കത്തിൽ ലാറ്റിനമേരിക്കൻ റെക്കോർഡ് കൂടി തിരുത്തിയിരുന്നു. എന്നാൽ ഇപ്പോഴും 1995 ൽ 15.50 മീറ്റർ ചാടിയ സ്വീഡന്റെ ഇന്നസ ക്രാവർട്ട്സിന്റെ പേരിൽ തന്നെയാണ് ട്രിപ്പിൾ ജമ്പിലെ ഔട്ട്ഡോർ ലോകറെക്കോഡ്. നിലവിൽ മികച്ച ഫോമിലുള്ള യൂലിമർ റോഹാസ്‌ ഈ വർഷത്തെ ടോക്കിയോ ഒളിമ്പിക്‌സിൽ ഈ ഇനത്തിൽ സ്വർണം നേടാൻ ആവും പരിശ്രമിക്കുക.

Advertisement