പതിവ് പോലെ ആന്ത്രോത്ത് 16 മതും ലക്ഷദ്വീപ് സ്‌കൂൾ ഗെയിംസ് ജേതാക്കൾ

- Advertisement -

ലക്ഷദ്വീപിന്റെ കായികഭൂപടത്തിൽ തങ്ങളുടെ സ്ഥാനം എന്തെന്ന് ഒരിക്കൽ കൂടി തെളിയിച്ചു ആന്ത്രോത്ത് ദ്വീപ്. 1990 ൽ തുടങ്ങിയ 29 വർഷത്തെ സ്‌കൂൾ ഗെയിംസ് ചരിത്രത്തിൽ തങ്ങളുടെ 22 മത്തെയും തുടർച്ചയായ 16 മത്തെയും കിരീടം ആണ് ആന്ത്രോത്ത് ദ്വീപ് ഇന്ന് സ്വന്തം മണ്ണിൽ ചൂടിയത്. പതിവ് പോലെ അത്ലറ്റിക്സിലെ തങ്ങളുടെ ആധിപത്യം തുടർന്ന ആന്ത്രോത്ത് ദ്വീപ് മറ്റുള്ളവർക്ക് എത്തിപ്പിടിക്കാൻ എത്താത്ത ഉയരം ആദ്യമെ എത്തി.

തുടർന്ന് രാത്രിയും പകലും ആഘോഷമായ ഫുട്‌ബോൾ, വോളിബോൾ, ബാഡ്മിന്റൺ, ടെന്നികോയിറ്റ്, ഹാന്റ് ബോൾ ഇനങ്ങളിലും മറ്റുള്ളവർക്ക് മുന്നിൽ വരാനുള്ള അവസരം ആന്ത്രോത്ത് ദ്വീപ് നൽകിയില്ല. വോളിബോളിൽ പതിവ് പോലെ സമഗ്രാധിപത്യം പുലർത്തിയ ആന്ത്രോത്ത് അണ്ടർ 19 ഫുട്‌ബോളിലും ജയം കണ്ടു. എന്നാൽ അവസാന ദിനം നടന്ന നീന്തൽ മത്സരങ്ങളിൽ ആയിരുന്നു ശരിയായ ഞെട്ടൽ വരാനിരുന്നത്. കഴിഞ്ഞ 13 വർഷമായി നീന്തലിൽ ആധിപത്യം പുലർത്തുന്ന കവരത്തിയെയും ആന്ത്രോത്ത് നീന്തലിൽ മറികടന്നതോടെ പോയിന്റ് നിലയിൽ വലിയ കുതിപ്പ് നടത്താനും ആന്ത്രോത്തിനു ആയി.

24 സ്വർണവും 14 വെള്ളിയും 7 വെങ്കലവുമായി 221.5 പോയിന്റുകൾ നേടിയ ആന്ത്രോത്ത് തങ്ങളുടെ 22 കിരീടം ഉറപ്പിച്ചപ്പോൾ നീന്തലിലെ പ്രകടനം രണ്ടാമത് എത്തിച്ച കവരത്തിക്ക് 11 സ്വർണവും 11 വെള്ളിയും 4 വെങ്കലവുമായി 108 പോയിന്റുകൾ മാത്രമെ നേടാൻ സാധിച്ചുള്ളൂ. അതേസമയം 8 സ്വർണവും 9 വീതം വെള്ളിയും വെങ്കലവും നേടിയ അമിനി 89 പോയിന്റുകൾ നേടി മൂന്നാമത് എത്തി. പതിവിലും വ്യത്യസ്തമായി മികച്ച പ്രകടനം അത്ലറ്റിക്സിൽ പുറത്തെടുത്ത കൾപ്പേനി ആണ് നാലാമത് എത്തിയത്. 9 സ്വർണവും 5 വീതം വെള്ളി വെങ്കലങ്ങൾ നേടിയ അവർ 80.5 പോയിന്റുകൾ നേടി.

പതിവ് പോലെ പങ്കാളിത്തം കൊണ്ട് കയ്യടി നേടിയ ചെറിയ ദ്വീപ് ആയ ബിത്രയും, കായിക മേളയെ ആവേശമാക്കിയ കായികവിദ്യാർത്തികളും എന്നത്തേയും പോലെ കായികമേളയെ നെഞ്ചേറ്റിയ കാണികളും ആന്ത്രോത്ത് ദ്വീപിനു ഒരിക്കലും മറക്കാൻ ആവാത്ത വലിയൊരു ഉത്സവം ആക്കി 2019 ലെ എൽ.എസ്.ജിയെ മാറ്റി. ഗ്രൈസ് മാർക്കിന്റെ അഭാവം വിദ്യാർത്ഥികളെ കല, കായിക മത്സരങ്ങളിൽ നിന്നകറ്റുന്ന കാലഘട്ടത്തിൽ പലപ്പോഴും സ്‌കൂൾ കായികമേളകളുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ തങ്ങളുടെ പ്രകടനങ്ങൾ കൊണ്ട് കളത്തിൽ അധികൃതർക്ക് മറുപടി പറയുകയാണ് ലക്ഷദ്വീപിലെ വിദ്യാർത്ഥികൾ.

Advertisement