ജാവലിൻ ത്രോയിൽ ഇന്ത്യൻ ആധിപത്യം!! സ്വർണ്ണം നേടി നീരജ്, വെള്ളി നേടി കിഷോർ ജെന

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ അഭിമാനം ഒരിക്കൽ കൂടെ ഉയർത്തി നീരജ് ചോപ്ര. ഇന്ന് ഹാങ്ങ്സുവിൽ തീർത്തും ആവേശകരമായ ഇന്ത്യൻ പോരാട്ടമാണ് കാണാൻ ആയത്. ഇന്ത്യയുടെ കിഷോർ ജെനയുടെ വലിയ വെല്ലുവിളി മറികടന്നാണ് നീരജ് സ്വർണ്ണം നേടിയത്. 88.88മി എറിഞ്ഞാണ് നീരജ് ഒന്നാമത് എത്തിയത്. കിഷോർ 87.54മി എറിഞ്ഞ് വെള്ളി നേടി. ഇന്ത്യയുടെ 17ആം സ്വർണ്ണമാണിത്.

നീരജ് ചോപ്ര തന്റെ ആദ്യ ത്രോയിൽ തന്നെ 88നു മുകളിൽ എറിഞ്ഞു എങ്കിലിം ടെക്നിക്കൽ പ്രശ്നം കാരണം അദ്ദേഹത്തിന്റെ വീണ്ടും ആ ത്രോ എറിയേണ്ടതായി വന്നു. അത് 82.38 മീറ്റർ മാത്രമെ എത്തിയുള്ളൂ. നീരജിന്റെ രണ്ടാം ത്രോ 84.49 മീറ്റർ എത്തി. നീരജിന്റെ മൂന്നാം ത്രോ മോശമായതിനാൽ അദ്ദേഹം അത് ഫൗൾ ആയി രേഖപ്പെടുത്തി.

ഇന്ത്യയുടെ കിഷീർ കുമാർ ജെന 81.26 മീറ്റർ എറിഞ്ഞ് ആദ്യം വെള്ളി പൊസിഷനിൽ ഉണ്ടായിരുന്നു. മൂന്നാം ത്രോയിൽ 86.77 എറിഞ്ഞ് കിഷോർ ജെന ഒന്നാം സ്ഥാനത്തേക്ക് എത്തി.

നീരജിന്റെ നാലാം ത്രോ 88.88 എത്തിയതോടെ നീരജ് ഒന്നാമത് എത്തി. കഷോർ ജെനയുടെ രണ്ടാം ത്രോ 87.54 മീറ്റർ ആണ് വന്നത്. ഇരു ഇന്ത്യൻതാരങ്ങളും ഇഞ്ചോടിഞ്ച് പോരാട്ടം. അഞ്ചാം ത്രോയിൽ കിഷോർ ജെന ഫൗൾ ആയി. നീരജിന്റെ ത്രോയും മികച്ചതായിരുന്നില്ല. 80.80 നീറ്റർ മാത്രമെ ആ ത്രോ സഞ്ചരിച്ചുള്ളൂ. നീരജിന്റെ അവസാന ത്രോ ഫൗക്ക് ആയിരുന്നു. കിഷോറിന്റെ അവസാന ത്രോയും നീരജിനെ മറികടക്കാത്തതോടെ സ്വർണ്ണം നീരജും വെള്ളി കിഷോറും സ്വന്തമാക്കി.

നീരജിന്റെ പ്രധാന എതിരാളിയാകുമായിരുന്ന പാകിസ്താൻ താരം അർഷാദ് നദീം പരിക്ക് കാരണം ഫൈനലിൽ നിന്ന് പിന്മാറിയിരുന്നു‌.

5000 മീറ്ററിലും ഇന്ത്യക്കായി മെഡൽ നേടി അവിനാശ് സാബ്ലെ

ഇന്ത്യക്ക് ഒരു മെഡൽ കൂടെ നേടിക്കൊടുത്ത് അവിനാശ് സാബ്ലെ. ഇന്ന് നടന്ന 5000 മീറ്റർ റേസിൽ വെള്ളിയാണ് അവിനാശ് നേടിയത്‌. 1982ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഈ ഇവന്റിൽ ഒരു മെഡൽ നേടുന്നത്. 13.21.09 മിനുട്ടിൽ ആണ് സാബ്ലെ ഫിനിഷ് ചെയ്തത്. ഇന്ത്യയുടെ മറ്റൊരു താരം ഗുൽവീർ നാലാമത് ഫിനിഷ് ചെയ്തു.

നിലവിലെ ചാമ്പ്യനായിരുന്ന ബഹ്റൈൻ താരം ബാല്യു ഗെയിംസ് റെക്കോർഡുമായി സ്വർണ്ണം നേടി. 13‌.17.40 ആയിരുന്നു ബഹ്റൈൻ താരത്തിന്റെ സമയം. നേരത്തെ അവിനാശ് സാബ്ലെ 1000 മീറ്ററിലും ഇന്ത്യക്ക് സ്വർണ്ണം നേടിക്കൊടുത്തിരുന്നു‌. ഇന്ത്യക്ക് ഈ മെഡലോടെ 77 മെഡൽ ആയി. 16 സ്വർണ്ണം, 29 വെള്ളി, 32 വെങ്കലം എന്നിവയാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്.

800 മീറ്ററിൽ ഇന്ത്യക്കായി വെള്ളി നേടി ഹർമിലാൻ ബെയ്ൻസ്

ഇന്ത്യക്ക് ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഒരു മെഡൽ കൂടെ. ഇന്ന് 800 മീറ്റർ വനിതകളുടെ ഓട്ടത്തിൽ ഹർമിലാൻ ബെയിൻസ് വെള്ളി നേടി. 2.03.75 എന്ന സമയത്തിൽ ഫിനിഷ് ചെയ്താണ് ഹർമിലാൻ വെള്ളി നേടുയത്. അവസാന 25 മീറ്ററിൽ നടത്തിയ കുതിപ്പിലൂടെയാണ് നാലാം സ്ഥാനത്ത് നിന്ന് ഹർമിലാൻ രണ്ടാം സ്ഥാനത്തേക്ക് എത്തിയത്.

ശ്രീലങ്കയുടെ താരുശി സ്വർണ്ണവും ചൈനയുടെ വാങ് ചുന്യു വെങ്കലവും നേടി. ഹാർമിലാന്റെ രണ്ടാം മെഡൽ ആണിത്. കഴിഞ്ഞ ദിവസം 1500 മീറ്ററിൽ ഹാർമിലാൻ വെള്ളി നേടിയിരുന്നു. ഇന്ത്യക്ക് ഇതോടെ 76 മെഡൽ ആയി. 16 സ്വർണം, 28 വെള്ളി, 32 വെങ്കലം എന്നിവയാണ് ഇന്ത്യയുടെ ഇതുവരെയുള്ള നേട്ടം.

ഇന്ത്യൻ വനിതാ കബഡി ടീം സെമിയിൽ, മെഡൽ ഉറപ്പായി

ഇന്ത്യൻ വനിതാ കബഡി ടീം സെമി ഫൈനലിൽ. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ തായ്ലാന്റിനെ തോൽപ്പിച്ചു. 54-22 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം. രണ്ട് വിജയവും ഒരു സമനിലയും നേടിയാണ് ഇന്ത്യ ഗ്രൂപ്പ് ഘട്ടം കടന്ന് സെമിയിലേക്ക് മുന്നേറിയത്‌. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ ചൈനീസ് തായ്പയോട് അപ്രതീക്ഷിത സമനില വഴങ്ങിയിരുന്നു‌.

ആദ്യ മത്സരത്തിൽ കൊറിയയെ തോൽപ്പിക്കുകയും ചെയ്തു‌. ഇന്ത്യയുടെ സെമിയിലെ എതിരാളികൾ ഇതുവരെ തീരുമാനമായിട്ടില്ല. ഒക്ടോബർ 6നാകും സെമി ഫൈനൽ നടക്കുക.

കൊറിയയെ തോൽപ്പിച്ച് ഇന്ത്യ ഹോക്കി ടീം ഫൈനലിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഹോക്കി ടീം സ്വർണ്ണത്തിലേക്ക് അടുക്കുന്നു. ഇന്ന് നടന്ന സെമി ഫൈനലിൽ ഇന്ത്യ കൊറിയയെ തോൽപ്പിച്ചതോടെ സ്വർണ്ണത്തിനായുള്ള ഫൈനൽ മത്സരത്തിലേക്ക് യോഗ്യത ഉറപ്പിച്ചു. ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ 5-3 എന്ന സ്കോറിനാണ് ഇന്ത്യ വിജയിച്ചത്. മാൻ ജേ ജുങ്ങിന്റെ ഹാട്രിക്ക് പ്രകടനവും മറികടന്നാണ് ഇന്ത്യ ജയിച്ചത്.

ഇന്ത്യ അഞ്ചാം മിനുട്ടിൽ ഹാർദികിന്റെ ഗോളിലൂടെ ലീഡ് എടുത്തു. 11ആം മിനുട്ടിൽ മന്ദീപ് ലീഡ് ഇരട്ടിയാക്കി. 15ആം മിനുട്ടിൽ ലലിത് കുമാർ കൂടെ ഗോൾ നേടിയതോടെ ഇന്ത്യ 3-0ന് മുന്നിൽ എത്തി. മൂന്ന് മിനുട്ടിനടിയിൽ ജുങ്ങിലൂടെ കൊറിയ രണ്ട് ഗോൾ മടക്കിയപ്പോൾ 20 മിനുട്ടിൽ സ്കോർ 3-2 എന്നായി.

ഇന്ത്യ 24ആം മിനുട്ടിൽ അമിതിലൂടെ ഗോൾ നേടി സ്കോർ 4-2 എന്നാക്കി. വീണ്ടും കൊറൊയൻ ഗോൾ വന്നു. 43ആം മിനുട്ടിൽ സ്കോർ 4-3. അവസാനം 54ആം മിനുട്ടിലെ അഭിഷേകിന്റെ ഗോൾ ഇന്ത്യൻ വിജയം ഉറപ്പിച്ചു.

75kg വനിതാ ബോക്സിംഗ്, ഇന്ത്യയുടെ ലോവ്ലിനക്ക് വെള്ളി

ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന 2023ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡൽ ജേതാവ് ലോവ്ലിന ബോർഗോഹൈന് വെള്ളി. വനിതകളുടെ 75 കിലോഗ്രാം ബോക്‌സിംഗ് ഇനത്തിന്റെ ഫൈനലിൽ ലൊവ്ലിന ചൈനയുടെ ലി ക്വിയാനോട് പരാജയപ്പെട്ടു. ഇതോടെയാണ് ലൊവിന വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്‌‌ 5:0 എന്ന സ്കോറിനായിരുന്നു ചൈന താരത്തിന്റെ വിജയം.

തോറ്റു എങ്കിലും ഫൈനലിൽ എത്തിയതോടെ 2024ലെ പാരീസ് ഒളിമ്പിക് യോഗ്യത ലോവ്ലിന നേടിയിരുന്നു. ഒളിമ്പിക്‌സ് മെഡൽ ജേതാവും ലോക ചാമ്പ്യനുമായ ലോവ്‌ലിന ബോർഗോഹൈൻ സെമി ഫൈനലിൽ തായ്‌ലൻഡിന്റെ ബെയ്‌സൺ മനീക്കോണിനെ പരാജയപ്പെടുത്തിയിരുന്നു.

വനിത ബോക്സിംഗിൽ ഇന്ത്യയുടെ പർവീണ് വെങ്കലം

വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ പർവീൺ ഹൂഡ വെങ്കലം നേടി. സെമിഫൈനലിൽ ഇന്ന് ചൈനീസ് തായ്പയുടെ യു ടിംഗ് ലിന്നിനോട് പർവീൺ പരാജയപ്പെട്ടതോടെയാണ് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. 5-0 എന്ന സ്കോറിന് ആയിരുന്നു പരാജയം. ഈ മെഡൽ നേട്ടത്തോടെ ഇന്ത്യയുടെ മെഡൽ എണ്ണം 73 ആയി. 16 സ്വർണ്ണം, 26 വെള്ളി, 31 വെങ്കലം എന്നിവ ഇതുവരെ ഇന്ത്യ നേടി.

ക്വാർട്ടർ ഫൈനലിൽ വിധികർത്താക്കളുടെ ഏകകണ്ഠമായ തീരുമാനത്തിലൂടെ ഇന്ത്യൻ ബോക്സർ ഉസ്ബെക്കിസ്ഥാന്റെ സിറ്റോറ തുർഡിബെക്കോവയെ ആണ് പരാജയപ്പെടുത്തിയിരുന്നത്. സെമിയിൽ എത്തിയതോടെ 2024 ലെ പാരീസ് ഒളിമ്പിക്‌സിനുള്ള യോഗ്യത പർവീൺ നേടിയിരുന്നു.

സ്ക്വാഷിൽ ഇന്ത്യക്ക് ഒരു മെഡൽ കൂടെ നേടി തന്ന് അനാഹതും അഭയും

ഏഷ്യൻ ഗെയിംസിൽ സ്ക്വാഷിൽ ഇന്ത്യക്ക് ഒരു മെഡൽ കൂടെ. മിക്‌സഡ് ഡബിൾസിന്റെ സെമിയിൽ തോറ്റ യുവതാരങ്ങളായ അനാഹത് സിങ്ങും അഭയ് സിംഗും ആണ് വെങ്കലം നേടിയത്. മലേഷ്യൻ ജോഡിയോട് 1-2 എന്ന സ്കോറിന് തോറ്റതോടെയാണ് ഇന്ത്യ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. 11-8, 2-11, 9-11 എന്നായിരുന്നു ഗെയിമുകൾ അവസാനിച്ചത്.

15കാരിയായ അനാഹത് സിങ് നേരത്തെ വനിതാ ടീം ഇവന്റിൽ മെഡൽ നേടിയിരുന്നു. അഭയ് സിങ് പുരിഷ ടീം ഇവന്റിലും ഇന്ത്യക്ക് ആയി മെഡൽ നേടി. ഈ മെഡലോടെ ഇന്ത്യക്ക് 72 മെഡലുകൾ ആയി. 16 സ്വർണ്ണം, 26 വെള്ളി, 30 വെങ്കലം എന്നിവ ഇതുവരെ ഇന്ത്യ നേടി.

പി വി സിന്ധുവും ഏഷ്യൻ ഗെയിംസ് ക്വാർട്ടർ ഫൈനല

രണ്ട് തവണ ഒളിമ്പിക്‌സ് മെഡൽ ജേതാവായ ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു ഏഷ്യൻ ഗെയിംസിൽ ക്വാർട്ടറിലേക്ക് പ്രവേശിച്ചു. നേരിട്ടുള്ള ഗെയിം വിജയത്തോടെ ആണ് ബാഡ്മിന്റണിലെ വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിലേക്ക് സിന്ധു എത്തിയത്. പുത്രി കുസുമ വർദാനിക്കെതിരെ 21-16, 21-16 എന്ന സ്‌കോറിന് ആണ് പ്രീക്വാർട്ടറിൽ സിന്ധു വിജയിച്ചത്‌.

ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ഹി ബിംഗ്ജിയാവോയ്‌ക്കെതിരെ സിന്ധു കളിക്കുക. നേപ്പാളിന്റെ രസില മഹാർജനെതിരെ 21-10, 21-4 എന്ന സ്കോറിന് വിജയിച്ചാണ് ബിങ്ജിയാവോ ക്വാർട്ടറിൽ എത്തിയത്.

പ്രണോയ് ക്വാർട്ടർ ഫൈനലിൽ, മെഡൽ ഒരു ജയം അകലെ

മലയാളി താരം എച് എസ് പ്രണോയ് ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഇന്ന് കസാകിസ്താന്റെ വാർദാനി ദിമിത്രി പനാറിനെ ആണ് പ്രണോയ് പരാജയപ്പെടുത്തിയത്‌ 21-12, 21-13 എന്നായിരുന്നു സ്കോർ. ഇനി ഒരു മത്സരം കൂടെ വിജയിച്ചാൽ പ്രണോയ് ഒരു മെഡൽ ഉറപ്പിക്കും. നാളെ ആകും ക്വാർട്ടർ ഫൈനൽ നടക്കുക. ലോക ചാമ്പ്യനായ വിറ്റിഡ്സാർൻ പ്രണോയിയുടെ ക്വാർട്ടറിലെ എതിരാളി ആകാൻ സാധ്യത ഉണ്ട്. അങ്ങനെ എങ്കിൽ ശക്തമായ പോരാട്ടം പ്രണോയ് നേരിടും. ലീ സീ ജിയയുൻ കുൻലാവുട്ട് വിറ്റിഡ്സർൻ പ്രീക്വാർട്ടറിൽ ഇന്ന് ഏറ്റുമുട്ടുന്നുണ്ട്.

കഴിഞ്ഞ റൗണ്ടിൽ മംഗോളിയയുടെ ബറ്റ്‌ദാവ മുൻഖ്ബാത്തിനെ 25 മിനിറ്റിനുള്ളിൽ 21-9 21-12 എന്ന സ്‌കോറിന് മറികടന്നായിരുന്നു പ്രണോയ് പ്രീക്വാർട്ടറിലേക്ക് കടന്നത്.

ത്രില്ലറിൽ ശ്രീലങ്കയെ മറികടന്ന് അഫ്ഗാനിസ്ഥാന്‍, ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് സെമിയിൽ.

ഏഷ്യന്‍ ഗെയിംസ് ടി20 ക്രിക്കറ്റിന്റെ പുരുഷ സെമിയിൽ കടന്ന് അഫ്ഗാനിസ്ഥാന്‍‍. ശ്രീലങ്കയ്ക്കെതിരെ 8 റൺസ് വിജയം ആണ് ടീം നേടിയത്.. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 116 റൺസ് മാത്രം നേടിയുള്ളുവെങ്കിലും ശ്രീലങ്കയെ പ്രതിരോധത്തിലാഴ്ത്തി അവരുടെ 9 വിക്കറ്റുകള്‍ വീഴ്ത്തുവാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചു.

അവസാന ഓവറിൽ 9 റൺസായിരുന്നു ഒരു വിക്കറ്റ് അവശേഷിക്കുമ്പോള്‍ ശ്രീലങ്ക നേടേണ്ടിയിരുന്നത്. നുവാന്‍ തുഷാരയെ പുറത്താക്കി കരീം ജനത് അവസാന വിക്കറ്റ് നേടിയപ്പോള്‍ ശ്രീലങ്കയ്ക്ക് 108 റൺസ് മാത്രമേ 19.1 ഓവറിൽ നേടാനായുള്ളു. അഫ്ഗാനിസ്ഥാനായി ഗുൽബാദിന്‍ നൈബ് 3 വിക്കറ്റ് നേടി. 22 റൺസ് നേടിയ സഹന്‍ അരാചിഗേയാണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍.

51 റൺസ് നേടിയ നൂര്‍ അലി സദ്രാന്‍ ആയിരുന്നു അഫ്ഗാനിസ്ഥാന്റെ ബാറ്റിംഗിൽ തിളങ്ങിയത്. ഷാഹിദുള്ള 14 പന്തിൽ 23 റൺസ് നേടി. ശ്രീലങ്കയ്ക്കായി നുവാന്‍ തുഷാര 4 വിക്കറ്റ് നേടി.

35km റേസ് മിക്സ്ഡ് നടത്തത്തിൽ ഇന്ത്യൻ ടീമിന് വെങ്കലം

ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്സിൽ ഇന്ത്യക്ക് ഒരു മെഡൽ കൂടെ. 35 കിലോമീറ്റർ റേസ് മിക്സ്ഡ് നടത്തത്തിൽ ആണ് ഇന്ത്യ വെങ്കലം നേടിയത്‌. 5 മണിക്കൂർ 51 മിനിറ്റും 14 സെക്കൻഡും കൊണ്ട് ഫിനിഷ് ചെയ്ത് ഇന്ത്യൻ അത്‌ലറ്റുമാരായ മഞ്ജു റാണിയും രാം ബാബുവും ആണ് മിക്‌സഡ് ടീം വെങ്കല മെഡൽ നേടിയത്.


35 കിലോമീറ്റർ റേസ് വാക്ക് മിക്‌സഡ് ടീം ഇനത്തിൽ 5:16:41 എന്ന ടൈമിൽ ഫിനിഷ് ചെയ്ത് ചൈന സ്വർണ്ണ മെഡൽ ഉറപ്പിച്ചു, തൊട്ടുപിന്നാലെ 5:22:11 സമയത്തിൽ ജപ്പാൻ വെള്ളി മെഡലും നേടി.

അത്ലറ്റിക്സിൽ ഇന്ത്യക്ക് ഇത് 23ആം മെഡൽ ആണ്‌. നാല് സ്വർണവും പത്ത് വെള്ളിയും ഒമ്പത് വെങ്കലവും ഉൾപ്പെടെ ആണ് 23 മെഡലുകൾ അത്‌ലറ്റിക്‌സിൽ ഇന്ത്യ ഇതുവരെ നേടിയത്‌.

Exit mobile version