സ്വർണ്ണം നമ്പർ 21!! അമ്പെയ്ത്തിൽ ഇന്ത്യൻ പുരുഷ ടീമിന് സ്വർണ്ണം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഒരു സ്വർണ്ണം കൂടെ സ്വന്തമാക്കി. ഇന്ന് അമ്പെയ്ത്ത് ടീം കോമ്പൗണ്ട് പുരുഷ വിഭാഗത്തിൽ ആണ് ഇന്ത്യ സ്വർണ്ണം നേടിയത്‌. ഇതേ വിഭാഗത്തിൽ ഇന്ത്യയുടെ വനിതാ ടീമും മിക്സ്ഡ് ടീമും നേരത്തെ സ്വർണ്ണം നേടിയിരുന്നു. പുരുഷന്മാരുടെ കോമ്പൗണ്ട് ടീം ആയ ഓജസ് ഡിയോട്ടലെ, അഭിഷേക് വർമ, പ്രഥമേഷ് ജാവ്കർ എന്നിവർ ആൺ. ഇന്ന് കൊറിയ തോൽപ്പിച്ചത്.

235-230 എന്നായിരുന്നു സ്കോർ‌. ഇന്ത്യയുടെ 21ആം സ്വർണ്ണമാണ് ഇത്. 2023ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഇതോടെ 84 മെഡലുകൾ ആയി. 21 ഗോൾഡും, 31 വെള്ളിയും, 32 വെങ്കലവും ഇന്ത്യ ഇതുവരെ നേടിയിട്ടുണ്ട്.

ചരിത്രത്തിൽ ആദ്യമായി ഇന്ത്യക്ക് 20 സ്വർണ്ണം, എഷ്യൻ ഗെയിംസിൽ ഇന്ത്യൻ പതാക ഉയരെ പറക്കുന്നു

ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ 20 സ്വർണ്ണം എന്ന നേട്ടത്തിൽ എത്തി. ഇന്ന് സ്ക്വാഷ് മിക്സ്ഡ് ഡബിൾസ് ഫൈനലിൽ ഇന്ത്യൻ സഖ്യമായ ദീപിക പല്ലിക്കലും ഹരീന്ദർപാൽ സിംഗും ജയിച്ചതോടെ ഇന്ത്യയുടെ സ്വർണ്ണ നേട്ടം 20 ആയത്. 2-0ന് മലേഷ്യൻ സഖ്യത്തെ ആണ് ഇന്ത്യൻ താരങ്ങൾ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ ഇന്നത്തെ രണ്ടാം സ്വർണ്ണമാണ്. നേരത്തെ അമ്പെയ്ത്തിലും ഇന്ത്യ സ്വർണ്ണം നേടിയിരുന്നു.

ആകെ ഇന്ത്യക്ക് ഈ ഏഷ്യൻ ഗെയിംസിൽ ഇതോടെ 83 മെഡൽ ആയി. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽ നേട്ടമാണ് ഇത്. 20 സ്വർണ്ണത്തോടൊപ്പം 31 വെള്ളിയും 32 വെങ്കലവും ഇന്ത്യ ഇതുവരെ നേടി. 100 മെഡലുകൾ എന്ന മാന്ത്രിക സംഖ്യയിൽ എത്തുക ആകും ഇന്ത്യൻ ടീമിന്റെ ഇനിയുള്ള ലക്ഷ്യം.

HS പ്രണോയ് സെമിയിൽ, ഇന്ത്യക്ക് 1982ന് ശേഷം പുരുഷ സിംഗിൾസിൽ മെഡൽ

ഏഷ്യൻ ഗെയിംസ് പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം എച് എസ് പ്രണോയ് സെമി ഫൈനലിലേക്ക് മുന്നേറി. ആവേശകരമായ മത്സരത്തിൽ മലേഷ്യയുടെ ലീ സി ജിയായെ മറികടന്നാണ് മലയാളി ആയ പ്രണോയ് സെമി ഉറപ്പിച്ചത്. 21-16, 21-23, 22-20 എന്നായിരുന്നു സ്കോർ. നേരിട്ട സെറ്റുകൾക്ക് തന്നെ പ്രണോയ് ജയിക്കിമായിരുന്നു. എന്നാൽ രണ്ട് മാച്ച് പോയിന്റുകൾ അദ്ദേഹത്തിന് രണ്ടാം സെറ്റിൽ നഷ്ടമായി. എന്നിട്ടും തളരാതെ പൊരുതി വിജയത്തിലെത്താൻ പ്രണോയിക്ക് ആയി.

ഇതോടെ പ്രണോയ് വെങ്കലം ഉറപ്പിച്ചു. എങ്കിലും താരം ഗോൾഡ് തന്നെയാകും ലക്ഷ്യമിടുന്നത്. 1982ന് ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസ് പുരുഷ സിംഗിൾസിൽ ഒരു മെഡൽ നേടുന്നത്. 1982ൽ സെയ്ദ് മോദി വെങ്കലം നേടിയിരുന്നു.

ഇന്ത്യക്ക് നിരാശ, പി വി സിന്ധു ക്വാർട്ടർ ഫൈനലിൽ പുറത്ത്

ഇന്ത്യക്ക് ഏഷ്യൻ ഗെയിംസിൽ ഒരു നിരാശ. മെഡൽ പ്രതീക്ഷ ആയിരുന്ന പി വി സിന്ധു ക്വാർട്ടർ ഫൈനലിൽ പുറത്തായി. നിലവിൽ 15-ാം റാങ്കുകാരിയായ സിന്ധുവിന് ഇന്ന് ബിംഗ്ജിയാവോയെ മറികടക്കാൻ ആയില്ല. 47 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ 16-21, 12-21 എന്ന സ്‌കോറിനാണ് സിന്ധു തോറ്റത്.

ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ പോരാട്ടത്തിൽ സിന്ധു നേരത്തെ ബിംഗ്ജിയാവോയെ തോൽപ്പിച്ചിരുന്നു. എന്നാൽ ഇന്ന് ഇത് ആവർത്തിക്കാൻ ആയില്ല. സിന്ധുവിന്റെ സമീപകാലത്തെ മോശം ഫോം കൂടിയാണ് ഇന്നത്തെ കളിയിൽ പ്രതിഫലിച്ചത്‌. 2014 ഇഞ്ചിയോണിൽ വെങ്കലവും 2018 ജക്കാർത്തയിൽ വെള്ളിയും നേടിയ സിന്ധുവിന് ഒരു ഏഷ്യൻ മെഡൽ കൂടെ നേടാതെ നിരാശയോടെ മടങ്ങേണ്ടി വന്നു.

ഇന്ത്യൻ കബഡി ടീം സെമിയിൽ, ചൈനീസ് തായ്പെയെയും തോൽപ്പിച്ചു

ഇന്ത്യൻ കബഡി ടീം തുടർച്ചയായ മൂന്നാം വിജയത്തോടെ ഏഷ്യൻ ഗെയിംസിൽ സെമി ഫൈനൽ ഉറപ്പിച്ചു‌. ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യ ചൈനീസ് തായ്പെയെ ആണ് തോൽപ്പിച്ചത്. 50-27 എന്നായിരുന്നു സ്കോർ. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും ഒപ്പം സെമി ഫൈനലും ഉറപ്പിച്ചു. വെങ്കല മെഡലും ഇന്ത്യക്ക് ഉറപ്പായി.

എന്നാൽ ഗോൾഡ് തന്നെയാകും കബഡിയിൽ ഇന്ത്യയുടെ ലക്ഷ്യം. സെമിയിൽ പാകിസ്താൻ ആകും ഇന്ത്യയുടെ വൈരികൾ. അതിനു മുമ്പ് ഇന്ത്യക്ക് ജപ്പാനെതിരെ ഒരു ഗ്രൂപ്പ് മത്സരം കൂടെ ബാക്കിയുണ്ട്. ഇന്ത്യയുടെ വനിതാ ടീമും കബഡിയിൽ സെമിയിൽ എത്തിയിട്ടുണ്ട്‌

ഇന്ത്യൻ വനിതാ ടീമിന് അമ്പെയ്ത്തിൽ സ്വർണ്ണം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മെഡൽ വേട്ട തുടരുന്നു. ഇന്ന് രാവിലെ അമ്പെയ്ത്തിൽ ഇന്ത്യ ഒരു സ്വർണ്ണം നേടി. ഫൈനലിൽ ചൈനീസ് തായ്‌പേയിയെ 230-229 എന്ന സ്‌കോറിന് തോൽപ്പിച്ച് ആണ് ഇന്ത്യൻ വനിതാ കോമ്പൗണ്ട് അമ്പെയ്ത്ത് ടീം ഏഷ്യൻ ഗെയിംസിൽ സ്വർണം ഉറപ്പിച്ചത്.

ഇന്ത്യയുടെ 19ആം സ്വർണ്ണം ആണിത്. ആകെ ഇന്ത്യക്ക് ഏഷ്യൻ ഗെയിംസിൽ 82 മെഡലും ആയി. ആവേശകരമായ ഫിനിഷാണ് അമ്പെയ്ത്തിൽ കണ്ടത്. അവസാനം ആദ്യ ഷോട്ട് എടുത്ത ഇന്ത്യക്ക് 230 പോയിന്റിലെത്തി. ചൈനീസ് തായ്‌പേയ്‌ക്ക് അവരുടെ അവസാന മൂന്ന് ഷോട്ടുകളിൽ നിന്ന് 30 റൺസ് വേണ്ടിയിരുന്നെങ്കിലും 29 റൺസ് മാത്രമാണ് നേടാനായത്.

വിരൺദീപ് സിംഗിന്റെ വിക്കറ്റ് നഷ്ടമായത് വിനയായി, മലേഷ്യയ്ക്ക് സെമി സ്ഥാനം നഷ്ടം, ഇന്ത്യ – ബംഗ്ലാദേശ് സെമി

ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിൽ മലേഷ്യയ്ക്കെതിരെ 2 റൺസ് വിജയത്തോടെ ഏഷ്യ കപ്പ് സെമി ഫൈനലില്‍ കടന്ന് ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 116 റൺസ് നേടിയപ്പോള്‍ മലേഷ്യയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് മാത്രമേ നേടാനായുള്ളു.

35 പന്തിൽ 52 റൺസ് നേടിയ വിരൺദീപ് സിംഗ് ക്രീസിൽ നിൽക്കുമ്പോള്‍ അവസാന ഓവറിൽ 5 റൺസ് മാത്രമായിരുന്നു വിജയത്തിനായി മലേഷ്യ നേടേണ്ടിയിരുന്നത്. അഫിഫ് ഹൊസൈന്‍ എറിഞ്ഞ അവസാന ഓവറിൽ ആദ്യ മൂന്ന് പന്തിൽ ഒരു റൺസും വിരൺദീപിന് നേടാനായില്ല. വലിയ ഷോട്ടിന് ശ്രമിച്ച് താരം പുറത്തായപ്പോള്‍ 39 പന്തിൽ 52 റൺസ് ആയിരുന്നു അദ്ദേഹത്തിന്റെ സ്കോര്‍. പിന്നീട് ലക്ഷ്യം 2 പന്തിൽ 5 ആയെങ്കിലും അവസാന രണ്ട് പന്തിൽ 2 സിംഗിള്‍ മാത്രമാണ് പിറന്നത്.

വിരൺദീപിന് പുറമെ വിജയ് ഉണ്ണി(14), ഐനൂള്‍ ഹാഫിസ്(14), സയ്യദ് അസീസ് മുബാറക്(20) എന്നിവരാണ് റൺസ് കണ്ടെത്തിയ മറ്റ് താരങ്ങള്‍. ബംഗ്ലാദേശിനായി റിപൺ മോണ്ടോലും അഫിഫ് ഹൊസൈനും മൂന്ന് വീതം വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 3/3 എന്ന നിലയിലേക്ക് വീണ ശേഷമാണ് 116 റൺസിലേക്ക് എത്തിയത്. 50 റൺസുമായി നായകന്‍ സൈഫ് ഹസന്‍ പുറത്താകാതെ നിന്നപ്പോള്‍ 14 പന്തിൽ 23 റൺസുമായി അഫിഫ് ഹൊസൈന്‍, 21 റൺസ് നേടി ഷഹ്ദത്ത് ഹൊസൈന്‍, 14 റൺസ് നേടി ജാക്കര്‍ അലി എന്നിവരാണ് ടീം സ്കോറിന് മാന്യത പകര്‍ന്നത്.

 

കിഷോർ ജെനയുടെ പ്രകടനം ഏറെ സന്തോഷം നൽകി എന്ന് നീരജ് ചോപ്ര

ഇന്ന് ഏഷ്യൻ ഗെയിംസിൽ കിഷോർ ജെന നടത്തിയ പ്രകടനം ഏറെ സന്തോഷം നൽകി എന്ന് നീരജ് ചോപ്ര. കിഷോർ ജെന 87 മീറ്റർ എറിഞ്ഞ് ഇന്ന് വെള്ളി നേടിയുരുന്നു. നീരജ് സ്വർണ്ണവും നേടി.

“ഇന്ന് കിഷോർ ജെനയെ ഓർത്ത് ഞാൻ വളരെ സന്തോഷവാനാണ്. അവൻ ലീഡ് ചെയ്യുകയായിരുന്നു, അവൻ നന്നായി എറിയുന്നു. ഞാൻ അവനുമായുള്ള ആ മത്സരം ആസ്വദിക്കുന്നു. അവനും ഒളിമ്പിക്‌സിന് യോഗ്യത നേടി. ഞാൻ വളരെ സന്തോഷവാനാണ്. ഞങ്ങൾ പരസ്പരം പുഷ് ചെയ്യുക ആയിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. .

“ഞങ്ങൾ പരസ്പരം മത്സരിക്കുന്നു. അവസാന ത്രോ വരെ അതിൽ ഞങ്ങൾ പോരാട്ടം ഉണ്ടെന്ന് വിശ്വസിക്കണം. കിഷോർ ജെന ഇന്ന് മത്സരം കൂടുതൽ ആസ്വാദ്യകരമാക്കി” നീരജ് ചോപ്ര പറഞ്ഞു.

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്, സെമിയിൽ ഇന്ത്യയുടെ എതിരാളികൾ ബംഗ്ലാദേശ്

ഏഷ്യൻ ഗെയിംസ് സെമിയിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും‌. നാളെ ആകും മത്സരം നടക്കുക. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ അവസാന ഓവർ ത്രില്ലറിൽ മലേഷ്യയ്‌ക്കെതിരെ വിജയിച്ചു കൊണ്ടാണ് ബംഗ്ലാദേശ് സെമി ഉറപ്പിച്ചത്. രണ്ട് റൺസിന്റെ വിജയമാണ് ബംഗ്ലാദേശ് നേടിയത്‌.

മത്സരത്തിന്റെ അവസാന ഓവറിൽ 5 റൺസ് മാത്രമെ മലേഷ്യക്ക് വിജയിക്കാൻ വേണ്ടിയിരുന്നുള്ളൂം എന്നാൽ അഫീഫ് ഹൊസൈൻ ആ 5 റൺസ് വിജയകരമായി പ്രതിരോധിച്ചു. 117 റൺസ് എന്ന ചെറിയ പിന്തുടർന്ന മലേഷ്യ 7 വിക്കറ്റ് നഷ്ടത്തിൽ 112 എന്ന നിലയിലായിരുന്നു അവസാന ഓവറിൽ എത്തിയത്‌. അഫീഫിന്റെ അവസാന ഓവറിൽ ആദ്യ നാലു പന്തിലും ഒരു റൺസ് പോലും മലേഷ്യ എടുത്തില്ല. ഒപ്പം വീരൺദീപ് സിംഗിന്റെ വിക്കറ്റും നഷ്ടമായി.

അവസാന 2 പന്തിൽ ആകട്ടെ ആകെ 2 റൺസ് മാത്രമേ അവർ എടുത്തുള്ളൂ. ഇന്ത്യ നേരത്തെ നേപ്പാളിനെ തോൽപ്പിച്ച് സെമിയിൽ എത്തിയിരുന്നു.

വനിത റിലേയിൽ വെള്ളി മെഡലുമായി ഇന്ത്യ

ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനം നടക്കുമ്പോള്‍ ഇന്ന് വനിതകളുടെ 4×400 മീറ്റര്‍ റിലേയിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ കൂടി മെഡൽ പട്ടികയിലേക്ക് ഇന്ത്യ ചേര്‍ത്തിട്ടുണ്ട്. വിത്യ രാംരാജ്, ഐശ്വര്യ കൈലാശ് മിശ്ര, പ്രാചി, ശുഭ വെങ്കടേശന്‍ എന്നിവരടങ്ങുന്ന സംഘമാണ് വെള്ളി മെഡൽ നേടിയത്.

പുതിയ ദേശീയ റെക്കോര്‍ഡ് കൂടി 3:27:85 എന്ന സമയം കുറിച്ച് ഇവര്‍ നേടി. ബഹ്റൈന്‍ ആണ് സ്വര്‍ണ്ണം നേടിയത്.

18ആം സ്വർണ്ണം, 4*400 റിലേയിലും ഇന്ത്യൻ കരുത്ത്

ഇന്ത്യക്ക് അത്ലറ്റിക്സിൽ ഒരു സ്വർണ്ണം കൂടെ. 4*400 റിലേയിൽ ഇന്ത്യൻ പുരുഷ സംഘം സ്വർണ്ണം നേടി. ബുഡാപെസ്റ്റിൽ ഏഷ്യൻ റെക്കോർഡ് തകർത്ത ഇന്ത്യൻ ടീം ഇന്നും പൂർണ്ണ ആധിപത്യത്തോടെയാണ് ഓടിയത്. മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മൽ, രാജേഷ് രമേശ് എന്നിവരാണ് ഇന്ത്യക്ക് ഈ അഭിമാന സ്വർണ്ണം നൽകിയത്.

ആദ്യ ലാപ് മുതൽ ഇന്ത്യ ലീഡ് എടുത്തു. മുഹമ്മദ് അനസ് യഹിയ ആണ് ഇന്ത്യക്ക് ആയി ആദ്യം ഓടിയത്‌. ബാറ്റൺ ഏറ്റുവാങ്ങിയ അമോജ് ജേക്കബ് ആ ലീഡ് വർധിപ്പിച്ചു. മുഹമ്മദ് അജ്മൽ ശക്തമായ പോരാട്ടം നേരിട്ടു എങ്കിലും ആ ലീഡ് കുറയാതെ അവസാനം രാജേഷിനെ ബാറ്റൺ ഏല്പിച്ചു. രാജേഷിന്റെ കയ്യിൽ എത്തിയതോടെ ഇനി ആരും ഇന്ത്യയെ മറികടക്കില്ല എന്ന് ഉറപ്പായിരുന്നു. സമ്മർദ്ദം ഒന്നും ക്ഷണിക്കാതെ വ്യക്തമായ ലീഡോടെ ഇന്ത്യ ഒന്നാമത് ഫിനിഷ് ചെയ്തു. ഇന്ത്യയുടെ 18ആം സ്വർണ്ണമാണിത്. ഇന്ത്യയുടെ ആകെ മെഡൽ 81ഉം ആയി.

ഗ്രീക്കോ – റോമന്‍ ശൈലിയിൽ ഇന്ത്യയ്ക്ക് മെഡൽ നേട്ടം 2010ന് ശേഷം, ഇന്ത്യയ്ക്ക് വെങ്കലം നേടിക്കൊടുത്തു സുനിൽ കുമാര്‍

ഏഷ്യന്‍ ഗെയിംസ് 2022ലെ ഗുസ്തിയിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേടി സുനിൽ കുമാര്‍. ഗ്രീക്കോ റോമന്‍ ശൈലിയിൽ 87 കിലോ വിഭാഗത്തിൽ കിര്‍ഗിസ്ഥാന്‍ ഗുസ്തിക്കാരനെ 2-1ന് വീഴ്ത്തി ഇന്ത്യന്‍ താരം മെഡൽ നേടിയപ്പോള്‍ ഇന്ത്യയ്ക്ക് അത്ര മേധാവിത്വമുള്ള ഒരു ശൈലിയല്ല ഗ്രീക്കോ റോമന്‍ എന്നത് ഓര്‍ക്കണം.

2010ന് ശേഷം ഇത് ആദ്യമായാണ് ഇന്ത്യയ്ക്ക് ശൈലിയിലുള്ള ഗുസ്തിയിൽ ഒരു മെഡൽ നേട്ടം സ്വന്തമാക്കാനാകുന്നത്.

Exit mobile version