സ്കൂൾ പാഠ്യപദ്ധതിയിൽ യോഗ ഒരത്യാവശ്യമോ!?

യോഗ പാഠ്യ പദ്ധതിയുടെ ഭാഗമാക്കാൻ പോകുന്നു എന്നു കേൾക്കുന്നു.എന്നാൽ യോഗ പാഠ്യപദ്ധതിയുടെ ഭാഗമാകുമ്പോൾ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ ഗൗരവമായി തന്നെ പരിശോധിക്കേണ്ടതുണ്ട് എന്നു തോന്നുന്നു. ഇന്ന് സ്കൂൾ കോളേജ് വിദ്യാർത്ഥികൾ പഴയ കാലങ്ങളിലെ പോലെ കളികളിൽ ഏർപ്പെടുന്നില്ല എന്നത് ഒരു പ്രധാന ആരോഗ്യ പ്രശ്നമായി മാറിയിട്ടുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ മാത്രമാണ് ഇന്ന് കളികളിലും മറ്റു ശാരീരിക വ്യായാമങ്ങളിലും കാര്യമായി താത്പര്യം കാണിക്കുന്നുള്ളൂ എന്നതാണ് വാസ്തവം.

മുമ്പൊന്നും ഇങ്ങിനെയായിരുന്നില്ല. ഇന്ന് പല സ്കൂളുകളിലും കോളേജുകളിലും മൈതാനങ്ങൾ ഉപയോഗിക്കപ്പെടാതെ കാടുപിടിച്ച് കിടക്കുന്നത് കാണാം. അതുപോലെ സ്കൂളുകളുടെ കളി സ്ഥലങ്ങളിലേക്ക് കുട്ടികളെ നിർബന്ധിക്കാനും മൈതാനങ്ങൾ മോഡി പിടിപ്പിക്കാനും, പേരിന് പോലും കായികാധ്യാപകരില്ലാത്ത സർക്കാർ സ്കൂളുകളിലെല്ലാം കുട്ടികൾക്ക് വളരെ അത്യാവശ്യമാ കായികാധ്യാപകരുടെ സേവനം ലഭ്യമാക്കി കൊടുക്കാനും, ഉള്ള കായികാധ്യാപകർ തന്നെ നിശ്ക്രിയരാണെങ്കിൽ അവരെ ഇക്കാലത്ത് അവർ ആ തൊഴിലിൽ കാണിക്കേണ്ട സാമൂഹിക പ്രാധാന്യം ഓർമ്മിപ്പിക്കാനുമെല്ലാം മുൻ കയ്യെടുക്കേണ്ട School PTA, സർക്കാർ Aided സ്കൂളുകളാണെങ്കിൽ Management കൾ പോലുള്ള ഉത്തരവാദപ്പെട്ട സമിതികൾ തന്നെ ഇന്ന് മൈതാനങ്ങളിൽ വലിയ വലിയ ബഹുനില കെട്ടിടങ്ങൾ കെട്ടി പൊക്കുന്നതിൽ മത്സരിച്ചു കൊണ്ടിരിക്കുകയുമാണ്. പലയിടത്തും അതിന് പിന്നിൽ അവരുടെ വളരെ ഇടുങ്ങിയ സാമ്പത്തിക താൽപ്പര്യങ്ങൾ കൂടി കാണാറുണ്ട് എന്നത് മറ്റൊരു കാര്യം. കുട്ടികളിൽ വ്യായാമം കുറയുന്നതിന്റെ ഫലമായി അമിതഭാരമുള്ള കുട്ടികളുടെ എണ്ണം അപകടമായ വിധത്തിൽ വർധിച്ച് വരുന്നുണ്ട്.

പിൽ കാലത്ത് ഇവരിൽ പലരും പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങളൾക്ക് അടിപ്പെടുന്നു കൂടാതെ നിശ്ക്രിയത്വം കാരണം വിഷാദം പോലുള്ള മാനസിക രോഗങ്ങൾക്കും ഇവർ വിധേയരാകുന്നു. കൂടാതെ കുട്ടികൾ ഇന്ന് ഒഴിവ് വേളകൾ വളരെ മോശമായ മാർഗ്ഗങ്ങിൽ ചിലവഴിക്കുന്ന കാരണത്താൽ ചെറിയ പ്രായത്തിൽ തന്നെ വളരെയധികം കുറ്റവാസനക്കാരും ദുർനടപ്പുകാരുമായ കൂട്ടു കെട്ടുകളിൽ അകപ്പെട്ട് മദ്യത്തിനും മയക്കു മരുന്നുകൾക്കും അടിപ്പെട്ടു പോകുന്നു. ഇവർ മറ്റു പല ഗുരുതരമായ സാമൂഹ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇപ്പോൾ ഇതാ വിദ്യാലയങ്ങളിൽ യോഗ പാഠ്യ പദ്ധതിയാക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇതിനൊരു ഗുണകരമല്ലാത്ത പ്രത്യാഘാതമുണ്ടാകാനിടയുള്ളത് പരിഗണിക്കേണ്ടതാണ്.

കുട്ടികളെ കളിക്കളത്തിൽ നിന്നകറ്റി വീണ്ടും മുറികളിലേക്കെത്തിക്കുന്നതിലേക്ക് ഒരു പാഠ്യ പദ്ധതി എന്ന നിലയ്ക്കുള്ള യോഗാ പരിശീലനം കാരണമാകും എന്നുറപ്പാണ്. പിന്നെ അതിലും A+ ആയിരിക്കും കുട്ടികളുടെ ലക്ഷ്യം !!!

“മുതിർന്നവരും അധ്യാപകരും യോഗ പരിശീലിക്കട്ടെ യോഗ ചെയ്യട്ടെ. കുട്ടികൾ ഓടിയും ചാടിയും വിവിധ കായിക വിനോദങ്ങൾ പരിശീലിക്കട്ടെ ചെയ്യട്ടെ, കുട്ടികളുടെ പഠനത്തിനും കളിക്കും ഏകാഗ്രത കിട്ടാനും അനുയോജ്യമായ ഒരൽപ്പം യോഗാ മുറകൾ കായികാധ്യാപകർ വഴിയോ മറ്റധ്യാപകർ വഴിയോ പകർന്നു നൽകട്ടെ എന്നല്ലാതെ കുട്ടികൾക്ക് മുമ്പിൽ യോഗ തന്നെ ഒരു പാഠ്യ വിഷയമാക്കി അവതരിപ്പിക്കേണ്ട കാല ഘട്ടത്തിലൂടെ അല്ല നാം കടന്നു പോകുന്നത് എന്നു തോന്നുന്നു. കുട്ടികൾ ഇട വേളകളിലും, വൈകുന്നേരങ്ങളിലും അവധി കാലങ്ങളിലും എല്ലാം തുറന്ന മൈതാനങ്ങളിലോ സ്കൂൾ മുറ്റങ്ങളിലോ ഓടിയും ചാടിയും ഉള്ള കളികളിലൂടെ അവരുടെ ശരീരത്തിനാവശ്യമായ വ്യായാമം ചെയ്യട്ടെ, അവരുടെ കളികളും വ്യായാമങ്ങളും കൂടി ഇന്നത്തെ പഠന കാര്യങ്ങൾ പോലെ തന്നെ അടച്ചിട്ട ക്ലാസ്സ് മുറികൾക്കുള്ളിലാക്കരുതേ”.

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് വളരൂ എന്ന ആപ്തവാക്യം ഒരു ജീവ ശാസ്ത്ര യാഥാർത്യം കൂടിയാണെന്നോർക്കേണ്ട കാലമാണിത്.

Photo: Garodia Education & Kareem Koduvally

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial