സപ്തതിയുടെ നിറവില്‍ ടോസ്റ്റാവോ

ഫുട്ബോൾ ചരിത്രത്തിലെ ഏതൊരു ടീമിന്റെയും ഏറ്റവും മികച്ച കാലമായി വിലയിരുത്തപ്പെടുന്ന പെലെ-ഗാരിഞ്ച-ദിദി ത്രിമൂർത്തികളങ്ങുന്ന ടീമിന്റെ സുവർണ കാലഘട്ടം കഴിഞ്ഞ ശേഷം ഫുട്ബോളിലെ ദൈവപരിവേഷമുണ്ടായിരുന്ന 25 കാരനായ പെലെയോടപ്പം സെലസാവൊയെ നയിക്കാൻ പുതിയ തലമുറയിൽ നിന്ന് ആരൊക്കെയാകും എന്ന് തീരുമാനിക്കപ്പെടുന്ന വർഷങ്ങളായിരുന്നു 1966 ലോകകപ്പിന് ശേഷമുള്ള 2 വർഷങ്ങൾ. ചുരുക്കി പറഞ്ഞാൽ 1966-1968 കാലയളവ് കാനറിപ്പടയുടെ തലമുറ കൈമാറ്റം നടന്ന കാലഘട്ടമായി കണക്കാക്കാം. ഒരു സുവർണ തലമുറയിൽ നിന്നും അടുത്ത സുവർണ തലമുറയിലേക്ക് ടീ മാറിയപ്പോഴും കാല്‍പ്പന്ത് കളിയുടെ ദൈവം പെലെ അനശ്വരനായി കാനറിപ്പടയിൽ ഉണ്ടായിരുന്നു.

ലോക ശ്രദ്ധ പിടിച്ചു പറ്റിയ 3 യുവ പ്രതിഭകളിലേക്കായിരുന്നു ഏവരുടെയും നോട്ടം

19 ആം വയസ്സിൽ1966 ലോകകപ്പിൽ ഹംഗറിക്കെതിരെ ഗോളടിച്ച് ലോകകപ്പ് അരങ്ങേറ്റം കുറിച്ച ക്രൂസെയ്റോയുടെ മൾട്ടി ടാലന്റഡ് (അറ്റാക്കിംഗ് മിഡ്ഫീൽഡറായും ഫോർവേഡ് ആയും ഒരുപോലെ കളിക്കുന്ന) ടോസ്റ്റാവോ.

തന്റെ 20 ആം വയസ്സിൽ ബ്രസീലിയൻ ഫുട്ബോളിലെ ഏറ്റവും മികച്ച യുവ പ്രതിഭയായിട്ടും1966 ലോകകപ്പ് സ്ക്വാഡിലേക്ക് നിർഭാഗ്യം കൊണ്ട് മാത്രം പരിഗണിക്കാതെ പോയ മികച്ച സാങ്കേതിക മികവുള്ള പ്ലേമേക്കറും ഇലാസ്റ്റികൊ , സ്റ്റെപ്പ് ഓവറുകൾ തുടങ്ങിയ ഒരുപാട് ട്രിക്കുകളും ടെക്ക്നിക്സും ഫുട്ബോളിൽ ജനപ്രിയമാക്കിയ ഫ്രീ കിക്ക് വിദഗ്ധൻ കൊറിന്ത്യൻസിന്റെ അറ്റാക്കിംഗ് പ്ലെമേക്കർ റിവലീന്യോ.

ഭാവിയിൽ ഗാരിഞ്ചയുടെ പൊസിഷനിലേക്ക് ബൊട്ടഫോഗോ അധികൃതറും സെലസാവോ അധികൃതറും കണ്ടു വെച്ച 21 ആം വയസ്സിൽ 1966 ലോകകപ്പിൽ ലോകകപ്പ് അരങ്ങേറ്റം കുറിച്ച മികച്ച ഡ്രിബ്ലിംഗും പേസും ഉള്ള വിംങറും ഇടതു-വലതു വിങുകളിൽ മാറി മാറി കളിക്കുന്ന വേണ്ടി വന്നാൽ അറ്റാക്കിംഗ് പ്ലേമേക്കറുടെ ജോലിയും ചെയ്യുന്ന ബൊട്ടഫോഗോയുടെ ജെർസീന്യോ. ഈ മൂന്ന് പേരുകൾ വളരെ വലിയ പ്രതീക്ഷകൾ ആണ് തലമുറ കൈമാറ്റം നടന്നു കൊണ്ടിരുന്ന 1966-1968 വർഷങ്ങളിൽ കാനറികൾക്ക് നൽകിയിരുന്നത്.

യുവതാരം ടോസ്റ്റാവോയുടെ ലോക ശ്രദ്ധയാകർഷിച്ച പ്രകടനം

1966-68 കാലയളവിൽ നിരവധി മൽസരങ്ങൾ ബ്രസീൽ കളിച്ചിട്ടുണ്ട്.പെലെ ഇല്ലാതെയാണ് അക്കാലയളവിൽ സെലസാവോകൾ മിക്ക കളികളും കളിക്കാനിറങ്ങിയിരുന്നത്. അങ്ങനെ സാക്ഷാൽ പെലെ ഇല്ലാതെ സെലസാവോകൾ കളിക്കാനിറങ്ങിയ ഒരു പ്രധാനപ്പെട്ട മൽസരമായിരുന്നു
1968 ജൂലൈ 17 ന് നടന്ന പെറുവുമായുള്ള മൽസരം. യുവത്വം തുളുമ്പുന്ന ടീമിൽ 21 കാരനായ ടോസ്റ്റാവോ 22 കാരനായ റിവലീന്യോ 23 കാരനായ ജെർസീന്യോ ഈ മൂന്ന് യുവ പ്രതിഭകൾക്കൊപ്പം പരിചയ സമ്പന്നരായ സെൻട്രൽ പ്ലെമേക്കർ ജെർസണും പടനായകനായി അറ്റാക്കിംഗ് റൈറ്റ് വിങ് ബാക്ക് കാർലോസ് ആൽബർട്ടോ ടോറസ്സും ടീമിലുണ്ടായിരുന്നു.

കളി തുടങ്ങി ഫസ്റ്റ് ഹാഫിൽ തന്നെ ത്രിമൂർത്തികളിൽ ഇളയവനായ ടോസ്റ്റാവോ എതിരാളികളെ തകർത്തു.3 ഗോളുകൾ സ്കോർ ചെയ്ത് ടോസ്റ്റാവോ ബ്രസീലിനു വേണ്ടി നേടുന്ന ആദ്യ ഹാട്രിക്ക് ആയിരുന്നു അത്.സെക്കന്റ് ഹാഫിൽ ജെർസീന്യോ ഒരു ഗോളും കൂടി നേടിയതോടെ ബ്രസീൽ പെറുവിനെ 4 ഗോളുകൾക്ക് തോൽപിച്ചു.മിഡ്ഫീൽഡിൽ പ്ലേമേക്കറുടെ റോളിൽ തിളങ്ങി റിവലീന്യോയുടെ പെർഫോമൻസും ടീമിന്റെ വിജയത്തിൽ നിർണ്ണായകമായി.

ടോസ്റ്റാവോയുടെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസുകളിൽ ഒന്നാണ് പെറുവിനെതിരെ നേടിയ ഹാട്രിക്ക്.കരിയറിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ട താരം 24ആം വയസ്സിൽ കൊറിന്ത്യൻസിനെതിരെ നടന്ന മൽസരത്തിനിടെ കണ്ണിനേറ്റ പരിക്ക് താരത്തിന്റെ കരിയർ തന്നെ അവതാളത്തിലാക്കി.പ്ലേമേക്കറായും ഫോർവേഡായും കത്തി ജ്വലിച്ചു നിന്ന ടോസ്റ്റാവോയുടെ വിരമിക്കലിലേക്കാണ് ആ പരിക്ക് നയിച്ചത്.പെലെ വിരമിച്ച തൊട്ടടുത്ത വർഷം തന്നെ 26 ആം വയസ്സിൽ ഫുട്‌ബോളിനോട് വിട പറയാനായിരുന്നു മഹാ പ്രതിഭയുടെ വിധി.ടോസ്റ്റാവോയുടെ വിരമിക്കൽ ബാധിച്ചത് 1974 ലോകകപ്പ് പ്രകടനത്തെയായിരുന്നു.1974 ലോകകപ്പിൽ ടീമിന്റെയും ടൂർണമെന്റിലെയും മെയിൻ താരം ടോസ്റ്റാവോയാവുമെന്ന കരുതപ്പെട്ട ടീം അധികൃതർക്കേറ്റ കനത്ത നഷ്ടമായിരുന്നു ടോസ്റ്റാവോയുടെ പെട്ടെന്നുള്ള വിരമിക്കൽ.54 മൽസരങ്ങളിൽ നിന്നും 34 ഗോളുകളടിച്ച ബെലോ ഹൊറിസോണ്ടയിലെ ഈ അൽഭുത നക്ഷത്രം ക്രൂസെയ്റോ ക്ലബിന് വേണ്ടി ചുരുങ്ങിയ കാലത്തിനിടെ അടിച്ചു കൂട്ടിയത് കൂട്ടിയത് 250 ലധികം ഗോളുകളാണ്.ഇപ്പോഴും ഈ റെക്കോർഡ് നില നിൽക്കുന്നു. ലീഗിലെ എക്കാലത്തെയും ടോപ് സ്കോറർ പദവിയിലും മുൻ നിരയിൽ തന്നെയാണ് ടോസ്റ്റാവോയുടെ സ്ഥാനം.ഒരു പക്ഷേ 34- 36 വയസ്സു വരെ ഇദ്ദേഹം കളിച്ചിരുന്നേൽ വരും തലമുറകൾക്ക് തകർക്കാൻ യഥേഷ്ടം റെക്കോർഡുകൾ ഉണ്ടായേനെ.

ഫുട്‌ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ എഡ്വേർഡോ ഗോൺസാൽവസ് ഡി ആന്ത്രാഡേ എന്ന ടോസ്റ്റാവോക്ക് പിറന്നാൾ ആശംസകൾ.