ഐ എസ് എല്ലിലെ പുതിയ ടീമുകൾ, തിരക്കഥ നന്നായി എഴുതിയ നാടകം!!

ഐ എസ് എല്ലിൽ പത്തു നഗരങ്ങളിൽ നിന്ന് ടീമുകളെ ക്ഷണിച്ചു എങ്കിലും യഥാർത്ഥത്തിൽ ആരൊക്കെയാണ് ഐ എസ് എല്ലിലേക്ക് വരാൻ പോകുന്നത്? ഐ ലീഗ് – ഐ എസ് എൽ മെർജർ എന്ന എ ഐ എഫ് എഫിന്റേയും റിലയൻസിന്റേയും സ്വപ്നത്തിന് ഐസോൾ കൊടുത്ത അടി മറികടക്കാനുള്ള ബുദ്ധിപരമായ നീക്കമായിട്ടാണ് ഇന്ത്യൻ ഫുട്ബോളിനെ വിലയിരുത്തുന്നവർ ഈ ടീമുകളുടെ ക്ഷണത്തെ കാണുന്നത്.

കൊൽക്കത്തൻ ശക്തികളായ ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, ഇന്ത്യൻ ഫുട്ബോളിലെ പുതിയ ശക്തികളായ ബെംഗളൂരു എഫ് സി എന്നീ ടീമുകളെ ഐ എസ് എല്ലിൽ എത്തിക്കാനുള്ള എ ഐ എഫ് എഫിന്റെ പുതിയ തന്ത്രമാണിത്. ഇന്നലെ ടീമുകളെ ക്ഷണിക്കുന്നതിനു മുന്നോടിയായി ബംഗാൾ ടീമുകളും ബെംഗുളുരു ടീമിന്റെ ഉടമകളായ ജെ എസ് ഡബ്ല്യു അധികൃതരുമായും ചർച്ച നടത്തിയാതാണ് വിവരം. ഒന്നു മുതൽ മൂന്നു ടീമുകളെ ആണ് പുതുതായി ഉൾപ്പെടുത്തുക എന്നാണ് ഐ എസ് എൽ പറഞ്ഞത് എങ്കിലും ഈ മൂന്നു ഐ ലീഗ് ക്ലബുകളും ടാറ്റയുടെ വക ഒരു ക്ലബും ഉൾപ്പെടെ നാലു പുതിയ ടീമുകളാകും ഇത്തവണ ഐ എസ് എല്ലിന് എത്തുക.

എ എഫ് സി കപ്പിലേക്കോ എ എഫ് സി ചാമ്പ്യൻസ് ലീഗിലേക്കോ യോഗ്യത ലഭിക്കാതെ ഐ എസ് എല്ലിലേക്ക് വരില്ല എന്ന തീരുമാനവുമായി നിന്നിരുന്ന ഐ ലീഗിലെ ഈ മൂന്നു വൻ ക്ലബുകൾക്കും ഏഷ്യൻ യോഗ്യത ഉറപ്പു കൊടുക്കാനാകുമെന്ന വിശ്വാസത്തിലാണ് പ്രഫുൽ പട്ടേലും സംഘവും. സൂപ്പർ കപ്പ് വഴിയോ അല്ലായെങ്കിൽ ഐ എസ് എല്ലിന് നേരിട്ട് എ എഫ് സി ചാമ്പ്യൻസ് ലീഗ് ക്വാളിഫയറിലേക്ക് അവസരം ഒരുക്കാനോ ആണ് പ്രഫുൽ പട്ടേൽ ശ്രമിക്കുന്നത്.

ദുർഗാപൂരും സിലിഗുരിയും ആയിരിക്കും മോഹൻ ബഗാന്റെയും ഈസ്റ്റു ബംഗാളിന്റേയും ഹോം ആവുക. രണ്ടു വർഷത്തേക്കെങ്കിലും ഈ ബംഗാൾ ക്ലബുകൾക്ക് കൊൽകത്തയ്ക്കു പുറത്തു കളിക്കേണ്ടി വരും. അതിന് ബഗാനും ഈസ്റ്റു ബംഗാളും സമ്മതിച്ചിട്ടുണ്ട്. ബംഗ്ലൂർ ബെംഗളൂരു എഫ് സിയുടെതാകുമ്പോൾ ടാറ്റ ടീമിനെ ഇറക്കാൻ നോക്കുന്നത് ജംഷദ്പൂരിലാണ്. വർഷങ്ങളായി സ്വന്തമായി ഫുട്ബോൾ അക്കാദമിയും സ്റ്റേഡിയവും ഉള്ള ടാറ്റയുടെ ഐ എസ് എല്ലിലേക്കുള്ള വരവ് ഐ എസ് എല്ലിനെ വിമർശിക്കുന്നവർ വരെ സ്വാഗതം ചെയ്യുന്നുണ്ട്.

ഐ ലീഗിലെ മൂന്നു വമ്പന്മാരും ഐ എസ് എല്ലിലേക്ക് വരുന്നതോടെ ഐ എസ് എൽ- ഐ ലീഗ് ലയനമില്ലാതെ തന്നെ ഐ ലീഗ് രണ്ടാം ഡിവിഷൻ ആകും. മികച്ച താരങ്ങളൊക്കെ ഐ ലീഗിനു മുകളിൽ ഐ എസ് എല്ലിനെ തിരഞ്ഞെടുക്കുന്നതോടെ ഐ ലീഗിന് ഇപ്പോഴുള്ള നിറം കൂടെ ഇല്ലാതാവുകയാകും ചെയ്യുക.

ഫലത്തിൽഈ അപ്രഖ്യാപിത ലയനത്തിലൂടെ നഷ്ടം സംഭവിക്കുന്നത് നോർത്ത് ഈസ്റ്റിനും അവരുടെ ചാമ്പ്യൻ ക്ലബായ ഐസോൾ എഫ് സിക്കും ആകും. നേരത്തെ ഐ ലീഗിനെ തരം താഴ്ത്തുന്നതിൽ ഐസോൾ നടത്തിയ പ്രതിഷേധങ്ങൾ ലോക ശ്രദ്ധ തന്നെ ആകർഷിച്ചിരുന്നു. ആ പ്രതിഷേധങ്ങളേയും ഈ പുതിയ നീക്കത്തിലൂടെ ടാക്കിൾ ചെയ്തു വീഴ്ത്തിയിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ.

തിരുവനന്തപുരം ഉൾപ്പെടെ മറ്റു നഗരങ്ങൾക്കും ടീമുകളെ ക്ഷണിക്കാനുള്ള അവസരം ഐ എസ് എൽ കൊടുക്കുന്നുണ്ട് എങ്കിലും അധികൃതർ മനസ്സിൽ കണക്കാക്കിയ നാലു ടീമുകൾക്കപ്പുറം വേറൊരു നഗരത്തിനും ഇത്തവണ ഐ എസ് എൽ പ്രവേശനം ലഭിക്കുമെന്ന് കരുതേണ്ടതില്ല. മെയ് 12 മുതൽ 25 വരെയെ ബിഡ് സ്വീകരിക്കൂ എന്നതു തന്നെ ഇതിന്റെ തെളിവാണ്. ഇത്രയും വലിയ ഒരു കാര്യത്തിന് വെറും പതിമൂന്നു ദിവസങ്ങളുടെ സമയം കൊടുത്തത് ആദ്യമേ ഫ്രാഞ്ചൈസ് തുകയുമായി ഒരുങ്ങിയിരിക്കുന്നവരെ മുന്നിൽ കണ്ടുകൊണ്ട് തന്നെ ആയിരിക്കണം.