‘ലീഗ്’ കിട്ടാക്കനിയായ മലയാള ഫുട്‌ബോൾ പാരമ്പര്യം

ഏഷ്യൻ കപ്പിൽ ഫൈനലിലെത്തിയ ചരിത്രം പറയാനുണ്ടെങ്കിലും ഒളിമ്പിക്സിൽ സെമിഫൈനലിലെത്തിയ ചരിത്രം പറയാനുണ്ടെങ്കിലും ഏഷ്യൻ വമ്പൻമാരായ കൊറിയെയും ഇറാനെയും ജപ്പാനെയും തോൽപ്പിച്ച കഥ പറയാനുണ്ടെങ്കിലും ഇന്ത്യയിൽ ഇപ്പോഴും ഈ പ്രപഞ്ചത്തിൽ ദൈവം പടച്ച ദാരിദ്ര്യവും പട്ടിണിയും വരെ തോറ്റു പോവുന്ന ഫുട്‌ബോൾ എന്ന ബ്യൂട്ടിഫുൾ ഗെയിം ജനപ്രിയമല്ല. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടെ ഫുട്‌ബോൾ ജനപ്രിയമായെന്നും ഇന്ത്യൻ സ്പോർട്സിൽ ക്രിക്കറ്റിനോളം ഫുട്‌ബോൾ വളർന്നെന്നും കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി. ഒരു വർഷത്തിൽ രണ്ടര മാസം മാത്രം ഒതുങ്ങി പോവുന്ന സീസണൽ ജനപ്രീതി മാത്രമേ ഫുട്‌ബോളിന് ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും നാടുകളിലുമുള്ളൂ. എന്നാൽ ഇന്ത്യൻ ഫുട്‌ബോളിന്റെ കാമ്പായ രണ്ടു നാടുകളുണ്ട് കേരള – ബംഗാൾ ഫുട്‌ബോൾ സംസ്കാരങ്ങൾ താരതമ്യങ്ങളിലൂടെ ഒരു വിലയിരുത്തൽ

ഇന്ത്യൻ ഫുട്‌ബോളിന്റെ തകരാത്ത രണ്ടു സംസ്കാരങ്ങൾ

ബ്രിട്ടീഷുകാർ ഇന്ത്യയിൽ കാൽപ്പന്തുകളിയുടെയും ക്രിക്കറ്റിന്റെയും ഹോക്കിയുടെയും വിത്ത് പാകിയപ്പോൾ ബാറ്റിന്റെയും സ്റ്റമ്പിന്റെയും ഹോക്കി സ്റ്റിക്കുകളുടെയും പിറകെ പോവാതെ കാൽപ്പന്തുകളിയെ ജീവനു തുല്ല്യം സ്നേഹിച്ചു ആരാധനയോടെ നെഞ്ചിലേറ്റി തങ്ങളുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഒഴിച്ചുകൂടാനാവാത്ത ഭാഗമാക്കി മാറ്റി ഫുട്‌ബോളിന്റെ മനോഹാരിതയെയും തനിമയെയും തെല്ലും നഷ്ടപ്പെടുത്താതെ അന്ന് മുതൽ ഇന്ന് വരെ കാത്തുസൂക്ഷിച്ച് പോരുന്ന രണ്ട് നാടുകളുണ്ട് ഇന്ത്യാ മഹാരാജ്യത്ത്. ഇന്ത്യൻ ഫുട്‌ബോളിന് തേജസ്സും ഓജസ്സും നൽകി സംരക്ഷിച്ചു പോന്ന ജനവിഭാഗങ്ങൾ.

ഫുട്‌ബോൾ ദൈവം പെലെയുടെയും മറഡോണയുടെയും കാർലോസ് ആൽബർട്ടോയുടെയും ബെക്കൻബോവറുടെയും ലെവ് യാഷിന്റെയും ബയെൺ മ്യൂണിക്കിന്റെയും സ്പർശനം ഏറ്റുവാങ്ങാൻ ഭാഗ്യം ലഭിച്ച വംഗനാട് ആണ് ഒന്നാമത്തേതെങ്കിൽ റൊണാൾഡീന്യോയിലൂടെ ഫുട്‌ബോളിന്റെ മാന്ത്രിക സാന്നിധ്യം നേരിട്ട അനുഭവിച്ചറിഞ്ഞ ദൈവത്തിന്റെ സ്വന്തം നാടായ കേരളമാണ് രണ്ടാമത്തേത്.

ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിൽ അധികം ഭാഗ്യമില്ലാത്തവരാണ് നമ്മൾ മലയാളികളെങ്കിലും ബംഗാളികൾ ഇന്ത്യൻ ഫുട്‌ബോളിന്റെ കുലപതികളാണ്.ലോകത്തെ തന്നെ മൂന്ന് പഴക്കം ചെന്ന ക്ലബുകൾ കൊണ്ടും ഏറ്റവും പഴക്കം ചെന്ന ലീഗുകളിലൊന്നായ കൊൽക്കത്ത ഫുട്‌ബോൾ ലീഗ് കൊണ്ടും സമ്പന്നമാണ് വംഗനാടൻ ഫുട്‌ബോൾ പാരമ്പര്യം. ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടവരുടെ സ്റ്റേറ്റ് ലീഗിനെന്നുള്ള കാര്യം ഇന്ത്യയിലെ ബഹു ഭൂരിപക്ഷം പേർക്കുമറിയില്ല. കാൽപ്പന്തുകളിയിൽ അവരോട് മുട്ടിച്ചു നോക്കിയാലേ നമ്മൾ കേരളത്തിന്റ നേട്ടങ്ങളും പാരമ്പര്യവുമൊക്കെ എത്ര ചെറുതാണെന്ന് മനസ്സിലാവൂ.

ബംഗാളികൾ കൂടുതൽ പ്രൊഫഷനൽ സമീപനത്തോടെ ഫുട്‌ബോളിനെ സ്വീകരിച്ചെങ്കിൽ ഇവിടെ ഗ്രാമങ്ങളിലെ സെവൻസ് മൈതാനങ്ങളിൽ ഒതുങ്ങി പോവുന്നു. ഫുട്‌ബോളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നാടായിട്ടും മലയാളികളുടെ കാൽപ്പന്തു സ്നേഹത്തിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ടായിട്ടും ഒരു മോഹൻ ബഗാനോ ഒരു മുഹമ്മദൻസോ ഒരു ഈസ്റ്റ് ബംഗാളോ കേരളക്കരയിൽ പിറക്കാതെ പോയതിന് സ്വയം പഴിക്കുകയേ നിവൃത്തിയുള്ളൂ.ഫുട്‌ബോളിന്റെ ഈറ്റില്ലമായ മലപ്പുറമടക്കമുള്ള മലബാർ മേഖലയിൽ സെവൻസ് ഫുട്‌ബോളിന്റെ മികച്ച അടിത്തറയുണ്ടായിട്ടും അന്താരാഷ്ട്ര തലത്തിലേക്ക് താരങ്ങൾ വളരാതെ പോവുന്നതും മികച്ച ക്ലബുകളുടെയും അക്കാദമികളുടെയും അപര്യാപ്തത മൂലമാണ്.

കേരനാടും വംഗനാടും കളിക്കാരിലൂടെയും ക്ലബുകളിലൂടെയും

ഇന്ത്യയിലെ ആദ്യ പ്രൊഫഷനൽ ക്ലബെന്ന പേരിൽ തുടങ്ങിയ എഫ്.സി കൊച്ചിനും ഒളിംപ്യൻ റഹ്മാനെ പോലെയുള്ള പഴയ മലയാളി ഇന്ത്യൻ താരങ്ങളും നിരവധി ഇന്ത്യൻ താരങ്ങളെ സമ്മാനിച്ച കേരള പോലീസും പിന്നെ കുറച്ച് സന്തോഷ് ട്രോഫികളുമായിരിക്കും കേരള ഫുട്‌ബോൾ എന്ന് പറഞ്ഞാൽ മലയാളികളുടെയും ഫുട്‌ബോൾ ആരാധകരുടെയും മനസ്സിലേക്ക് വന്നെത്തുക.കുറച്ചു കൂടി കൂട്ടി പറഞാൽ എസ്.ബി.ടി യിലും വിവാ കേരളയിലും ചെന്നവസാനിക്കും.

പക്ഷേ ബംഗാളികൾക്ക് അങ്ങനെയല്ല.അതി സമ്പന്നവും വിശാലവുമായൊരു ഫുട്‌ബോൾ സംസ്കാരം തന്നെയുണ്ട് പറയാൻ.കൊൽക്കത്തയിലെ സാൾട്ട് ലേക്കിൽ തുടങ്ങി മുഹമ്മദൻസിലും മോഹൻബഗാനിലും ഈസ്റ്റ് ബംഗാളിലൂടെയും തുടങ്ങീ വമ്പൻ ക്ലബുകളിലൂടെയുള്ള പാരമ്പര്യം തന്നെയുണ്ടവർക്ക്.ഈ മൂന്ന് ക്ലബുകളുടെയും ചരിത്രം പറയുകയാണേൽ തീരുകയില്ല.മാത്രവുമല്ല ഇന്ത്യൻ ഫുട്‌ബോളിന് ഏറ്റവുമധികം സൂപ്പർതാരങ്ങളെ സംഭാവന ചെയ്തതും വംഗനാട്ടുകാർ തന്നെ.

ഇന്ത്യൻ ഉപഭുഖണ്ഡത്തിൽ നിന്ന് തന്നെ ആദ്യമായി യൂറോപ്യൻ ലീഗിൽ പോയി കളച്ച മുഹമ്മദ് സലീം. സെൽറ്റികീന്റെ മുന്നേറ്റനിരതാരമായിരുന്നു സലീം. പത്മ ശ്രീ പുരസ്കാരം സ്വന്തമാക്കിയ പ്രഥമ ഫുട്‌ബോളർ ചുനി ഗോസ്വാമി,ഇന്ത്യൻ മറഡോണയെന്ന വിളിപേര് സമ്പാദിച്ച കൃഷാനു ദേയ് ,ഇന്ത്യൻ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരമായി ഫിഫ തെരഞ്ഞെടുത്ത പ്രദീപ് കുമാർ ബാനർജി ,എക്കാലത്തെയും മികച്ച പ്രതിരോധനിര താരവും നായകനുമായ ശൈലൻ മന്നാ, സുദീപ് ചാറ്റർജീ , ഗോസ്തോ പാൽ എന്നിവരിൽ തുടങ്ങി യൂറോപ്യൻ ലീഗിൽ കളിക്കുന്ന ആദ്യ ഗോളിയായ മാറിയ ഇന്നത്തെ നമ്മുടെ ഗോൾ കീപ്പർ സുബ്രതോ പോളിൽ എത്തി നിൽക്കുന്നു കാൽപ്പന്തുകളിയിൽ ബംഗാളിന്റെ തിളക്കമാർന്ന പാരമ്പര്യം. വലിയൊരു യുവതലമുറയും അവിടെ വളർന്നു വരുന്നുമുണ്ട്.

നിലവിൽ ഇന്ത്യൻ ടീമിൽ ബഹു ഭൂരിഭാഗവും ബംഗാളികൾ തന്നെ.മെഹ്താബ് ഹുസൈൻ,ജുവൽ രാജാ,സയ്യിദ് റഹീം നബി ,മുഹമ്മദ് റഫീഖ് ,അർണാബ് മൊണ്ടൽ ഇങ്ങനെ നീണ്ടു പോകുന്നു മെൻ ഇൻ ബ്ലൂവിലെ വംഗനാടൻ സാന്നിദ്ധ്യങ്ങൾ. മറിച്ച് ബംഗാളിന്റെ അത്രയില്ലെങ്കിലും കേരളവും നൽകിയിട്ടുണ്ട് ഇന്റർനാഷനൽ താരങ്ങളെ. ഒളിമ്പിക് ഫുട്‌ബോളിൽ നാലാം സ്ഥാനത്തായിപ്പോയ ഇന്ത്യൻ ടീമിലെ മലബാർ കരുത്ത് ഒളിംപ്യൻ റഹ്മാൻ. “കറുത്ത മുത്ത്” എന്ന വിളി പേരുമായി മുന്നേറ്റനിരയിലെ വേഗവും കൃത്യതയും ഫിനിഷിംഗ് കൊണ്ടും ഇന്ത്യയിൽ ഏറെ ആരാധകരെ സൃഷ്ടിച്ച ഈയടുത്ത കാലത്ത് വരെ 40 ഗോളുകളോടെ ഇന്ത്യയുടെ എക്കാലത്തെയും ടോപ് സ്കോറർ പദവി അലങ്കരിച്ചിരുന്ന 3 തവണ ഇന്ത്യൻ ഫുട്ബോളർ ആയി തെരഞ്ഞെടുക്കപ്പെട്ട് റെക്കോർഡ് സൃഷ്ടിച്ച ഏഷ്യൻ ഫുട്‌ബോളിലെയും ലോക ഫുട്‌ബോളിലെയും എക്കാലത്തെയും വേഗതയാർന്ന ഗോളുകളിലൊന്ന് സ്കോർ ചെയ്ത ഇന്ത്യൻ ഫുട്‌ബോളിലെ ഇതിഹാസ നക്ഷത്രം ഐ.എം വിജയൻ.

ഫുട്‌ബോൾ ഗ്രാമമായ അരീക്കോട് നിന്നുമുള്ള കരുത്തുറ്റ പ്രതിരോധനിരക്കാൻ ഷറഫലിയും ജാബിറും , മധ്യനിരക്കാരനും വിജയന്റെ സുഹൃത്തും കൂട്ടാളിയുമായ ജോപോൾ, പാപ്പച്ചൻ , വി.പി സത്യൻ ,കുരികേശ് മാത്യൂ , ……. പ്രദീപ് അജയൻ ഹക്കീം തുടങ്ങി നിരവധി പ്രതിഭകൾ കേരളമണ്ണിൽ നിന്നും ഇന്ത്യൻ ടീമിലേക്കുള്ള സംഭാവനകളാണ്. റാഫി , വിനീത് ,അനസ് , റിനോ തുടങ്ങിയവർ ഇന്ത്യൻ ഫുട്‌ബോളിൽ നിലവിൽ ന്യൂ ജെൻ മലയാളി സാന്നിദ്ധ്യമാകുന്നു.

Photos: ISL

ദേശീയ ലീഗും സന്തോഷ് ട്രോഫിയും

കൊൽക്കത്തൻ ഫുട്‌ബോളിലെ ബിഗ് ത്രീയായ മുഹമ്മദൻസ്, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എന്നീ മൂന്ന് ക്ലബുകളും ഞാനടക്കമുള്ള പല ഫുട്‌ബോൾ ആരാധകരുടെയും ചെറുപ്പകാലത്ത് ആവേശമായിരുന്നു. ദേശീയ ലീഗിലെ മാച്ചുകളിലധികവും തൽസമയം കണ്ടത് ഇന്നും ഓർക്കുന്നു. അന്ന് നടന്നൊരു മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും തമ്മിലുള്ള കൊൽക്കത്ത ഡെർബിയിൽ ഒന്നേ കാൽ ലക്ഷത്തോളം കാണികളാണ് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ തടിച്ചു കൂടിയിരുന്നത്. ഇതൊരു റെക്കോർഡ് ആണ്. ദേശീയ ലീഗിലും ഡ്യൂറാന്റ് കപ്പിലും ഫെഡറേഷൻ കപ്പിലും തുടങ്ങി ഇന്ത്യൻ ഫുട്‌ബോളിന്റെ സമസ്ത മേഖലകളിലും ആധിപത്യം സ്ഥാപിച്ചവരായിരുന്നു കൊൽക്കത്തൻ ക്ലബുകൾ.

സന്തോഷ് ട്രോഫിലാണെൽ പിന്നെ പറയേണ്ടല്ലോ 30 ലേറെ തവണയാണ് ബംഗാൾ ടീം ചാമ്പ്യൻമാരായത്. സന്തോഷ് ട്രോഫിയിൽ തന്നെയായിരുന്നു കേരളവും ബംഗാളും തമ്മിലുള്ള ക്ലാസികോ ആരാധകർക്ക് കാണാൻ കഴിഞത്. 90 കളിലും 2000ങളിലുമായിരുന്നു ബംഗാളിന്റെ സന്തോഷി ട്രോഫിയിലെ അപ്രമാദിത്വത്തിന് കുറച്ചെങ്കിലും തടയിടാൻ കേരളത്തിന് സാധിച്ചിരുന്നത്. കേരളത്തിൽ വമ്പൻ ക്ലബ് ഇല്ലാത്തതിനാൽ മലയാളികളായ ഭൂരിഭാഗം ഇന്ത്യൻ താരങ്ങളും കളിച്ചിരുന്നത് കൊൽക്കത്തൻ ക്ലബുകളിലായിരുന്നു. ദേശീയ ലീഗിൽ കൊൽക്കത്തൻ മേധാവിത്വത്തെ അൽപ്പമെങ്കിലും വെല്ലുവിളിച്ച് നിന്നത് പഞ്ചാബും ഗോവൻ ക്ലബുകളുമായിരുന്നു. കേരളത്തിൽ നിന്ന് ആകെയൊരു വെല്ലുവിളി ഉണ്ടായിരുന്നത് എഫ്.സി കൊച്ചിനിലൂടെയായിരുന്നു. വിജയനും രാമൻ വിജയനും ജോപോളും കാൾട്ടൻ ചാപ്മാനും എല്ലാം കളം നിറഞ്ഞു കളിച്ച കൊച്ചിൻ ക്ലബ് മലയാളികളുടെ അക്കാലത്തെ സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു.

ഡ്യൂറന്റ് കപ്പൊക്കെ സ്വന്തമാക്കി പ്രതീക്ഷകൾ വാനോളം തന്നൊരു ക്ലബായിരുന്നത്. എഫ്.സി കൊച്ചിനിലെ ഒരു സൺഡേസിയയെ ഞാനിന്നും ഓർക്കുന്നു. ബഗാന്റെ ബ്രസീലിയൻ സ്ട്രൈക്കർ ജോസ് റാമിറെസ് ബാരേറ്റോക്ക് എഫ്.സി കൊച്ചിന്റെ മറുപടി ആയിരുന്നു ലൈബീരിയക്കാരൻ ഫോർവേഡായിരുന്ന സൺഡേസിയ.ഇത്പോലെ തന്നെ മറ്റു രണ്ട് മികവുറ്റ ആഫ്രിക്കൻ താരങ്ങളും ടീമിലുണ്ടായിരുന്നു.അവരുടെ പേര് ഓർക്കുന്നില്ല. ബൈച്ചുംഗ് ബൂട്ടിയ പോലും അക്കാലത്ത് കളിക്കണമെന്ന് അതിയായ ആഗ്രഹം പ്രകടിപ്പിച്ച ക്ലബായിരുന്നു എഫ്.സി കൊച്ചിൻ. എന്നാൽ സാമ്പത്തിക പ്രതിസന്ധിയലകപ്പെട്ട് എഫ്.സി കൊച്ചിൻ ചരിത്രത്തിലേക്ക് മറഞ്ഞതോടെ മലയാള ഫുട്‌ബോളിലെ വരും തലമുറക്ക് താലോലിക്കാനൊരു ക്ലബ് എന്നത് സ്വപ്നം മാത്രമായി അവശേഷിച്ചു. 1980s 1990s കാലഘട്ടങ്ങൾ കഴിഞ്ഞതോടെ കേരള പോലീസും എഫ്സി കൊച്ചിനും ഇന്ത്യൻ ഫുട്‌ബോളിൽ നിന്നു മറഞ്ഞു പോയെങ്കിലും സന്തോഷ് ട്രോഫിയിൽ കേരളത്തിന് അഭിമനിക്കേറെ വകയുണ്ടായിരുന്നു. കേരള പോലീസ് താരങ്ങളുടെ മികവിൽ 2 തവണ ചാമ്പ്യൻമാരായി. കുരികേശ് മാത്യൂ, ഷറഫലി പാപ്പച്ചൻ, സത്യൻ ജാബിർ വിജയൻ തുടങ്ങിയവരായിരുന്നു ടീമിന്റെ കരുത്ത്. 1973 ലെ പ്രഥമ സന്തോഷ് ട്രോഫി നേടയതിന് ശേഷം ആദ്യമായിട്ടായിരുന്നു കേരളം ഈ നേട്ടം സ്വന്തമാക്കിയത്. നിരവധി പ്രാവിശ്യം ഇക്കാലയളവിൽ ഫൈനലിൽ തോറ്റത് നിരാശജനകമാണ്. മലപ്പുറം താരങ്ങളുടെ കരുത്തിൽ മുൻ ഇന്ത്യൻ താരമായ നജീബിന്റെ ശിക്ഷണത്തിൽ എസ്.ബി.ടി ഉയർന്നു വന്നതോടെ ദേശീയ ലീഗിൽ മലയാള സ്വപ്നങ്ങൾക്ക് വീണ്ടുനിറം വെച്ചു തുടങ്ങി.പൂർണമായും മലയാളികളായ എസ്.ബി.ടിയിലെ പ്രധാന താരങ്ങളായിരുന്നു ആസിഫ് സഹീർ ബഷീർ , ജസീർ , ഷബീറലി ,ഇഗ്നേഷ്യസ് നൗഷാദ് ,ഹക്കീം, ലയണൽ തോമസ് ബിനീഷ് തുടങ്ങിയവരെല്ലാം ഇന്നുമോർക്കുന്നു.

1990s ലെ തലമുറയിലെ അവസാനകണ്ണികളായിരുന്ന വിജയന്റെയും ജോപോളിന്റെയും സാന്നിധ്യത്തോടെ ഈ യുവതാരങ്ങളുടെ കരുത്തിൽ കേരള ഫുട്‌ബോളിന്റെ സുവർണ കാലഘട്ടം നിലനിർത്താൻ കഴിഞ്ഞു. ഇക്കാലയളവിൽ സന്തോഷ് ട്രോഫിയിൽ രണ്ടു തവണ മുത്തമിടുകയും രണ്ടു തവണ ഫൈനലിലെത്തുകയും ചെയ്തു.1999 ൽ തൃശൂരിൽ വെച്ച് നടന്ന ട്രോഫിയിൽ വിജയനും ഇഗ്നേഷ്യസും സഹീറും നൗഷാദുമൊക്കെ കളിച്ച കേരളത്തെ ഖാലിദ് ജമീലിന്റെയും അൻസാരിയുടെയും മഹാരാഷ്ട്ര യോട് ഒരുഗോളിന് തോറ്റത് ചെറുപ്പകാലത്തെ എന്റെ മായാത്ത ഓർമ്മകളാണ്.മലയാളി താരം നജീബ് ആയിരുന്നു അന്ന് മഹാരാഷ്ട്രക്ക് വേണ്ടി ഗോളടിച്ചിരുന്നത്.മറുനാടൻ സംസ്ഥാനങ്ങൾക്ക് വേണ്ടിയും നിരവധി മലയാളി താരങ്ങൾ കളിച്ചിരുന്നുവെന്നത് കേരളത്തിന് ഇന്ത്യൻ ഫുട്‌ബോളിലുള്ള വ്യാപ്തി മനസ്സിലാക്കാവുന്നതാണ്.പിന്നീട് 2002 ലും ഹക്കീമിന്റെയും ആസിഫ് സഹീറിന്റെ ഗോളടി മികവിൽ ഗോവയെ തോൽപിച്ച് കേരളം ചാമ്പ്യൻമാരായി.2003 ൽ മണിപ്പൂരിൽ നടന്ന ചാമ്പ്യൻഷിപ്പിൽ നിർഭാഗ്യം കൊണ്ട് മാത്രം കേരളം ഫൈനലിൽ തോറ്റു. ആസിഫും നൗഷാദും ഹക്കീമിന്റെയും മികവിൽ ഫൈനലിലെത്തിയ ടീം മണിപ്പൂരിനെ സമനിലയിൽ പിടിച്ചെങ്കിലും തോംബാ സിംഗിന്റെ ഗോൾഡൻ ഗോളിൽ തോൽക്കുകയായിരുന്നു.2005 ൽ വീണ്ടും ഈ സുവർണതലമുറ തന്നെ ചാമ്പ്യൻപട്ടം കരസ്ഥമാക്കി.

2005 ആയിരുന്നു കേരളത്തിന്റെ അവസാന സന്തോഷ് ട്രോഫി വിജയം.അപ്പോഴും എസ്.ബി.ടി ടീം ദേശീയലീഗിൽ പിടിച്ചു നിൽക്കാൻ പാടു പെടുകയായിരുന്നു.
എസ്ബിടിയുടെ ഹോം ഗ്രൗണ്ട് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയമാക്കിയതോടെ അക്കാലത്ത് മലപ്പുറത്ത് നിന്നും കോഴിക്കോട്ടേക്ക് ജനസാഗരമായിരുന്നു കോർപ്പറേഷൻ സ്റ്റേഡിയത്തിലേക്ക്.എന്റെ ഓർമ ശരിയാണേൽ രണ്ടോ മൂന്നോ സീസണുകളിലെ ഹോം മാച്ചുകൾ മുഴുവനും കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടത്തിയിട്ടുണ്ട്.ഒരു കളി പോലും ഞാനന്ന് നഷ്ടപ്പെടുത്തിയിരുന്നില്ല. തിരുവനന്തപുരത്ത് ആളില്ലാതെ കളിക്കേണ്ടി വന്ന എസിബിടിക്ക് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ജനസാഗരങ്ങളുടെ പിന്തുണയാണ് ലഭിച്ചിരുന്നത്.ഈ തലമുറയുടെ കാലം കഴിഞ്ഞതോടെ എസിബിടിയുടെ ദേശീയ ലീഗിലെ സാന്നിദ്ധ്യം അവസാനിച്ചു.

ഐ ലീഗിലെ പ്രാതിനിധ്യം

തുടർന്ന് ദേശീയ ലീഗ് പരിഷ്കരിച്ച് ജപ്പാനിലെ ജെ-ലീഗ് മാതൃകയാക്കി കൂടുതൽ പ്രൊഫഷനലിസത്തോടെ ഐ ലീഗ് വന്നതോടെ കേരളത്തിന്റെ ഏക പ്രതീക്ഷയായി മാറിയത് വിവ കേരളയെന്ന പുത്തൻ ക്ലബായിരുന്നു.വിവ കേരളയുടെയും ഹോം ഗ്രൗണ്ട് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയമായിരുന്നു.
അരീക്കോട്കാരായ സക്കീർ സലീൽ സിറാജ് വയനാട് സ്വദേശി സബീത് കോഴികോട്കാരൻ ഷിബിൻ തുടങ്ങിയ യുവ താരങ്ങളായിരുന്നു വിവയുടെ മലയാളി കരുത്ത്.പിന്നെ ബാബാ തുണ്ടെ എന്ന ഘാനക്കാരൻ ഫോർവേഡും.താരതമ്യേന തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിന് മുന്നിലായിരുന്നു വിവയുടെ എല്ലാം ഹോം മാച്ചുകളും ക്ലാസ് ഒഴിവാക്കി എല്ലാ മത്സരങ്ങളും കണ്ടത് ഇന്നും മനസിലെ മായാത്ത ഓർമകളാണ്. ഇന്ത്യൻ ഫുട്‌ബോളിൽ കേരള പോലീസിന്റെയോ എഫ്.സി കൊച്ചിന്റെയോ അത്ര ഡൊമിനേഷനൊന്നും നടത്തിയില്ലെങ്കിലും എസ്ബിടിയും വിവ കേരളയും ഒരു കാലത്ത് മലയാളിയുടെ മരുപ്പച്ചയായിരുന്നു. ദേശീയ ലീഗിനും ഐ ലീഗിനും ഫെഡറേഷൻ കപ്പീനും സന്തോഷ് ട്രോഫിയുമെല്ലാം നേരിട്ട് കണ്ട് മറക്കാത്ത നൊസ്റ്റാൾജിയ ആണ് കോർപ്പറേഷൻ സ്റ്റേഡിയം ഞാനടക്കമുള്ള മലയാളികൾക്ക് സമ്മാനിച്ചത്. എന്നാൽ ഐ ലീഗ് വന്നതോടെ കൊൽക്കത്തൻ ബിഗ് ത്രീ കൾക്ക് ഗോവൻ ക്ലബുകൾ കനത്ത തിരിച്ചടി നൽകിയിരുന്നു. ഡെപോയും ചർച്ചിലും സ്പോർട്ടിംഗും പഴയ സാൽഗോക്കറും ഇന്ത്യൻ ഫുട്‌ബോളിൽ ഗോവൻ അപ്രമാദിത്വം അരക്കെട്ടുറപ്പിച്ചു കഴിഞ്ഞിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവ് – കേരള ബ്ലാസ്റ്റേഴ്സിന്റെ ജനനം

കേരളത്തിൽ നിന്നൊരു ഐ ലീഗ് ക്ലബ് വീണ്ടും വരില്ലെന്ന യാഥാർഥ്യത്തോടെ നിൽക്കുമ്പോഴായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗെന്ന ആശയവുമായി റിലയൻസ് വിപ്ലവം സൃഷ്ടിച്ചത്. ഇതോടെ ഫുട്‌ബോളിന്റെ ഈറ്റില്ലമായ കേരളത്തിനും ഒരു ക്ലബ് ലഭിച്ചു. കേരള ബ്ലാസ്റ്റേഴ്സ്.ആദ്യ സീസണിൽ തന്നെ കാവ്യനീതി പോലെ ഇന്ത്യൻ ഫുട്‌ബോളിന്റെ കാമ്പായ രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു കലാശകളി. കേരളത്തിന്റെ ബ്ലാസ്റ്റേഴ്സും ബംഗാളിന്റെ അതലറ്റികോയും എന്നാൽ അവിടെയും കിട്ടാക്കനിയായ കേരളത്തിനൊരു ലീഗ് കീരിടമെന്ന നേട്ടം യാഥാർഥ്യമായില്ല.2015 സീസണിൽ നിരാശ പെടുത്തിയപ്പോൾ.2016 സീസണിൽ തിരിച്ചുവരുകയായീരുന്നു ബ്ലാസ്റ്റേഴ്സ് കണ്ണൂർകാരൻ വിനീതിന്റെയും ഹെയതികാരൻ ബെൽഫോർട്ടിന്റെയും ഗോളടി മികവിലും ഹെങ്ബർട്ടിന്റെയും ഹൂഗ്സിന്റെയും പ്രതിരോധ മികവിലും ഫൈനലിലേക്ക് കുതിക്കുകയായിരുന്നു സച്ചിന്റെ ക്ലബ്.

സെമിയിൽ ഡൽഹിക്കെതിരെ ഭാഗ്യത്തിന്റെ അകമ്പടിയുണ്ടായീരുനേലും ഫൈനലിൽ വീണ്ടും രണ്ട് ഫുട്‌ബോൾ സംസ്കാരങ്ങളുടെയും പാരമ്പര്യത്തിന്റെയും ഏറ്റുമുട്ടലിന് ഒരുങ്ങുകയായിരുന്നു കൊച്ചി കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം. കാണികളുടെ മികവിലും ആരാധന പിന്തുണയിലും വംഗനാടിന്റെ ആവേശത്തെ മറികടന്നാണ് മലയാളികൾ കൊച്ചിയിലേക്കൊഴുകി കൊണ്ടിരുന്നത്.

Crowd stand for the national anthem during match 4 of the Indian Super League (ISL) season 2 between Kerala Blasters FC and NorthEast United FC held at the Jawaharlal Nehru Stadium, Kochi, India on the 6th October 2015.
Photo by Sandeep Shetty / ISL/ SPORTZPICS

ദേശീയ ലീഗും ഐ ലീഗും കിട്ടാക്കനിയായ കേരളത്തിന് ബ്ലാസ്റ്റേഴ്സിലൂടെ ഇന്ത്യൻ സൂപ്പർ ലീഗ് നേടേണ്ടത് അനിവാര്യമായിരുന്നു. അത് സാധൂകരിക്കും വിധമായിരുന്നു ഇന്ത്യൻ താരം റാഫിയുടെ ഗോൾ. എന്നാൽ കൊൽക്കത്ത ക്കാർ സമനില പിടിച്ചതോടെ ഭാഗ്യത്തിന്റെ കളിയിലേക്ക് നീങ്ങിയ മൽസരത്തിൽ കേരളത്തിന് വീണ്ടും അടിപതറി.
സമ്മർദ്ദ ഘട്ടങ്ങളെ തരണം ചെയ്യാനുള്ള കഴിവ് കേരള ഫുട്‌ബോൾ പാരമ്പര്യത്തിനില്ലെന്നത് ബ്ലാസ്റ്റേഴ്സിലൂടെയും തുടർന്നു. അതേ സമയം സമ്മർദത്തെ അതിജീവിക്കുന്നതിൽ ബംഗാളികൾക്ക് പ്രത്യേക കഴിവു തന്നെയുണ്ട്.അതവരുടെ ഫുട്‌ബോൾ നേട്ടങ്ങൾ തെളിയിക്കുന്നതാണ്.സന്തോഷ് ട്രാഫിയിലായാലും ദേശീയ ലീഗായാലും ഐ ലീഗായാലും ഡ്യൂറാന്റ് കപ്പായാലും ഫെഡറേഷൻ കപ്പായാലും കിരീട നേട്ടത്തിൽ ബംഗാൾ ടീമും ബംഗാൾ ക്ലബുകളും എത്രയോ മുൻപന്തിയിലാണ്.കേരളത്തിന് പറയാനുള്ളത് കുറച്ച് സന്തോഷ് ട്രോഫികളും എഫ്സി കൊച്ചിന്റെ ഡ്യൂറന്റ് കപ്പും കേരള പോലീസിന്റെ ഫെഡറേഷൻ കപ്പ് വിജയങ്ങളും മാത്രം.ഇപ്പോഴിതാ ഇന്ത്യൻ സൂപ്പർ ലീഗിലും ബംഗാൾ പാരമ്പര്യം തുടരുന്നു.മൂന്ന് പതിപ്പുകളിലും രണ്ടിലും കിരീടം അവർക്കാണ്.ചുരുക്കി പറഞ്ഞാൽ ഇന്ത്യൻ ഫുട്‌ബോളിൽ വരും കാലങ്ങളിൽ മാറ്റത്തിന് നാന്ദി കുറിച്ചേക്കാവുന്ന ഇന്ത്യൻ സൂപ്പർ ലീഗിലും അവർ വമ്പൻ ഡൊമിനേഷൻ തുടങ്ങിക്കഴിഞ്ഞെന്നർത്ഥം.

ഇന്ത്യൻ സൂപ്പർ ലീഗ് കഴിഞ്ഞാലും ബംഗാളിലും കേരളത്തിലും ഗോവയിലും ഫുട്‌ബോൾ ആവേശം കൂടുകയല്ലാതെ കുറയുകയില്ല.എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ വെറും സീസണൽ ഭക്തി മാത്രമാണ് കാൽപ്പന്തു കളിയോട്. ഈയൊരു പോരായ്മ നികത്തണമെങ്കിൽ അടിത്തട്ട് മുതലുള്ള മാറ്റം അനിവാര്യമാണ്.ക്രിക്കറ്റിന്റെ വേരുകൾ ആഴത്തിൽ ഇറങ്ങിപോയ ബാക്കി ഇരുപത്തിഞ്ചോളം സംസ്ഥാനങ്ങളിലും കാൽപ്പന്തുകളിയുടെ സ്വാധീനം വളരാനുള്ള സാധ്യത വിരളമാണ്.അത് കൊണ്ട് തന്നെ അധികൃതർ പ്രാധാന്യം കൊടുക്കേണ്ടത് കേരളം ബംഗാൾ ഗോവ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലാണ്.

2016 – അഭിമാന വർഷം

ഒരു ലീഗ് കിരീടമെന്ന നേട്ടം കേരള ഫുട്‌ബോളിന് കിട്ടാക്കനിയായി തുടരുന്നുവെങ്കിലും 2016 വർഷം ഇന്ത്യൻ ഫുട്‌ബോളിനും കേരള ഫുട്‌ബോളിനും അഭിമാന വർഷമാണ്.
ബാംഗ്ലൂർ എഫ്.സി എന്ന 2013 ൽ മാത്രം സ്ഥാപിതമായ ക്ലബ് ഇന്ത്യൻ നായകൻ ഛേത്രിയുടെ നേതൃത്വത്തിൽ ഏഷ്യയുടെ യൂറോപ്പാ ലീഗായ എ.എഫ്.സി കപ്പിന്റെ ഫൈനലിൽ കടന്ന് ചരിത്രം തീർത്ത വർഷം.ഒരിന്ത്യൻ ക്ലബിന്റെ എ.എഫ്.സി ചാമ്പ്യൻഷിപ്പുകളിലെ ആദ്യ ഫൈനൽ പ്രവേശനമായിരുന്നത്.
കൊൽക്കത്തൻ വമ്പൻമാർക്ക് വരെ ഇതുവരെ സാധിക്കാത്ത നേട്ടമാണ് ബാംഗ്ലൂർ എഫ്സി സ്വന്തമാക്കിയത്.

കാൽപ്പന്തുകളിയിൽ കേരളത്തിന്റെ റിയോയും സാവോപോളോയും ബ്യൂണസ് അയേഴ്സും എല്ലാമായ ഒരു നാടുണ്ട്. ഫുട്‌ബോൾ മെക്കയായ മലപ്പുറം. ആ മലപ്പുറത്ത് നിന്നും പത്തൊൻപതുകാരൻ പയ്യൻ സ്പാനിഷ് ലാ ലീഗ ക്ലബിൽ പന്തു തട്ടിയിരിക്കുന്നുത് 2016 വർഷത്തിലാണ്. ലാ ലീഗാ കരുത്തരായ വിയ്യാ റയലാണ് ആഷിഖ് കുരുണിയാനെ സ്വന്തമാക്കിയത്.

മികച്ച പ്രകടനം നടത്തിയാൽ വിയ്യാ റയലിന്റെ യൂത്ത് ടീമിൽ തുടരാനും ലാ ലീഗയിൽ പന്തുതട്ടാനുമുള്ള ഭാഗ്യമാണ് ആഷിഖിനെ കാത്തിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇന്ത്യൻ ഉപഭൂഖഡ്ഢത്തിൽ നിന്നും ഒരു താരം ലാ ലിഗ ക്ലബിലേക്ക് തെരഞ്ഞെടുക്കുന്നത്. ഇന്ത്യൻ ഫുട്‌ബോളിന്റെ ചരിത്രത്തിൽ ആദ്യമായി വിദേശത്ത് പോയി കളിച്ചത് മുഹമ്മദ് സലീമായിരുന്നു. അതും കരുത്തരായ സെൽറ്റികിന് വേണ്ടി. ഒരു കാലത്ത് മലപ്പുറം കോഴിക്കോട് പ്രദേശങ്ങളുടെ ആവേശമായിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ടൂർണമെന്റുകളിലൊന്നായിരുന്ന സേഠ് നാഗ്ജീ കപ്പ് ഫുട്‌ബോൾ മാന്ത്രികൻ റൊണാൾഡീന്യോയുടെ കൈകളാൽ കോർപറേഷൻ സ്റ്റേഡിയത്തിലേക്ക് തിരികെയെത്തിയ വർഷം കൂടിയായിരുന്നിത്.

സപ്പോർട്ട് ചെയ്യാൻ കേരളത്തിൽ നിന്നോ ഇന്ത്യയിൽ നിന്നൊ ഒരു ക്ലബ് പോലും ഈ വർഷത്തെ നാഗ്ജി കപ്പിൽ ഇല്ലാതിരുന്നിട്ടു കൂടി സ്റ്റേഡിയം നിറഞ്ഞത് മലപ്പുറം കോഴിക്കോട് പ്രദേശങ്ങളിലെ ജനങ്ങൾ ഫുട്‌ബോളിനെ സ്വന്തം ജീവിതത്തിന്റെ ഭാഗമായി കണ്ടതുകൊണ്ടാണ്. വരും വർഷങ്ങളിൽ കൂടുതൽ കരുത്തുറ്റ ടീമുകളുമായി നാഗ് ജീ കപ്പ് നടത്തപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

അടുത്ത സീസണിലെങ്കിലും മലയാളികൾക്ക് നെഞ്ചിലേറ്റാൻ ഒരു ലീഗ് കിരീടം ലഭിക്കുമെന്ന പ്രതീക്ഷയോടെ.

റീമാർക്ക് : – ഇന്ത്യൻ ഫുട്‌ബോളിനെ താങ്ങി നിർത്തുന്നതിൽ നിർണായക സ്വാധീന ശക്തികളാണ് ബംഗാളും കേരളവും.എന്നാൽ മറ്റു ചില സ്റ്റേറ്റുകളും ക്ലബുകളും കളിക്കാരുമായി വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. ഇന്ദർ സിംഗിനെപോലെ പഴയകാല ഫുട്‌ബോൾ താരങ്ങളെ സമ്മാനിച്ച പഞ്ചാബ് ,മൻദീപ് ഗർപ്രീത് അൻവർ അലി ബൽജിത് ജിങ്കൻ തുടങ്ങി നിരവധി പഞ്ചാബി താരങ്ങൾ ഇന്ത്യൻ ടീമിലുണ്ട്.ഗോവൻ ഫുട്‌ബോൾ സംസ്കാരത്തിനും ഇന്ത്യൻ ഫുട്‌ബോളിൽ നിർണായക സ്വാധീനമുണ്ട്.ചർച്ചിൽ സാൽഗോക്കർ സ്പോർട്ടിംഗ് ഡെംപോ വാസ്കോ തുടങ്ങി നിരവധി ക്ലബുകളാണ് ദേശീയ ലീഗിനെയും ഐലീഗിനെയും സമ്പന്നമാക്കിയിരുന്നത്. ബ്രൂണോ കോട്ടീന്യോ റോബർടോ ഫെർണാണ്ടസ് മഹേഷ് ഗാവലി ലോറൻസ് തുടങ്ങി നിരവധി മുൻ താരങ്ങൾ ഗോവയിൽ നിന്നുള്ളവരാണ്.ഖാലിദ് ജമീലിനെയും അഖീൽ അൻസാരിയെയും സ്റ്റീവൻ ഡയസിനെയും സമ്മാനിച്ച മഹാരാഷ്ട്ര. തോംബാ സിംഗിനെയും റെനഡി സീംഗിനെയും സമ്മാനിച്ച മണിപ്പൂർ. എക്കാലത്തെയും മികച്ച ഗോൾ സ്കോറർ നമ്മുടെ നായകൻ ഛെത്രിയെ സമ്മാനിച്ച ഹൈദരാബാദ്. മെഹ്റാജുദീൻ വാഡുവിന്റെ കാശ്മീർ.

മുൻ ഇതിഹാസ നായകൻ സിക്കിമിന്റെ ബൈച്ചുംഗ് ബൂട്ടിയ വർത്തമാന ഇന്ത്യൻ ഫുട്‌ബോളിലെ യുവപ്രതിഭ മിസോറാമിന്റെ ജെജെ ലാൽപെഖുലെയും വടക്കു കിഴക്കൻ ഫുട്‌ബോളിന്റെ പ്രതിനിധി കളാണ്. കേരള-ബംഗാൾ ഫുട്‌ബോൾ പാരമ്പര്യം പറയുമ്പോൾ മറ്റുള്ളവർ നൽകിയ സംഭാവനകളും നേട്ടങ്ങളും സ്മരിക്കാതെ പോവുന്നില്ലെന്ന് മാത്രം.

To read more from Danish Javed Fenomeno – http://danishfenomeno.blogspot.in/?m=1