കോളിസ് കിംഗ്: ഒരു ലോകകപ്പ് ഫൈനലിനായി മാത്രം ജനിച്ച താരം

ഒരു ലോകകപ്പ് ഫൈനലിനായി ജനിച്ച താരം. കോളിസ് കിംഗ് എന്ന വിന്‍ഡീസ് താരം അറിയപ്പെടുക അങ്ങനെയായിരിക്കാം. അതിനു മുമ്പോ അതിന് ശേഷമോ അയാള്‍ക്ക് ഓര്‍ത്തെടുക്കാന്‍ പ്രകടനങളില്ല. സാക്ഷാല്‍ വിവ് റിച്ചാര്‍ഡ്സ് നേടിയ 1979 ലോകപ്പ് ഫൈനലിലെ 138 പോലും അന്നത്തെ കിംഗിന്റെ 66 ബോളില്‍ 86 ന് മുന്നില്‍ നിക്ഷ്പ്രഭമാകുകയായിരുന്നു. ബാറ്റിംഗ് സ്ട്രൈക്ക് റേറ്റ് 50നു താഴെ നിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ആ ഇന്നിങ്സ് എന്നോര്‍ക്കണം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങ് തിരെഞ്ഞെടുത്ത വിന്‍ഡീസിന് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. 99 റണ്‍സിനിടയില്‍ അവര്‍ക്ക് 4 വിക്കറ്റ് നഷ്ടമായി. ഇംഗ്ലീഷ് പേസ് ബൗളര്‍മാരായ ബോതവും ഓള്‍ഡും ഹെന്‍റിക്കും വിന്‍ഡീസിനെ വിരിഞ്ഞ് കെട്ടി. ഒരു വശത്ത് റിച്ചാര്‍ഡ്സ് നിന്നിരുന്നത് മാത്രമായിരുന്നു അവര്‍ക്കാശ്വാസം. നിശബ്ദനായി ക്രീസിലോട്ട് നടന്ന് നീങ്ങിയ കിംഗിനെ നോക്കി റിച്ചാര്‍ഡ്സ് പറഞ്ഞു. ‘take it easy we have plenty of time’. അതിന് മുമ്പ് കളിച്ച 27 ഫസ്റ്റ് ക്ളാസ് ഇന്നിംഗ്സില്‍ ഒരിക്കല്‍ പോലും സെഞ്ച്വറി നേടാത്ത, ഏകദിനത്തില്‍ അതിലും മോശമായ കിങ് മറുപടി പറഞ്ഞു. ‘Smokey , I ain’t gonna let Geoffery (Boycott) get this, man. In the league there would be no mercy, so why should this be any different?’

ഒരിക്കലും ഇല്ലാത്ത പോലെ ആത്മവിശ്വാസം അന്നയാളില്‍ നിറഞ്ഞിരുന്നു. റിച്ചാര്‍ഡ്സിന്‍റെ ഉപദേശം കണക്കിലെടുക്കാതെ ഇയാന്‍ ബോതത്തിന്‍റെ ഫസ്റ്റ് ബോള്‍ ഒരു ലൂപ്പിങ് കട്ട് ഷോട്ടിലൂടെ സ്ക്വയര്‍ലെഗില്‍ ബൗണ്ടറി നേടി. പിന്നീട് അവിടെ കണ്ടത് ഇംഗളീഷ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിക്കുന്ന കിംഗിനെയാണ്. ഇംഗളണ്ടിന്‍റെ പാര്‍ട്ട് ടൈം ബൗളേഴ്സിനെ(ബോയ്കോട്ട്, ഗൂച്ച്, ലര്‍ക്കിന്‍സ്) അയാള്‍ തിരെഞ്ഞെടുത്തൂ പ്രഹരിച്ചു. അവരുടെ 12 ഓവറില്‍ പിറന്നത് 86 റണ്‍സാണ്. 139 റണ്‍സിന്‍റെ കൂട്ടുകെട്ടില്‍ റിച്ചാര്‍ഡ്സ് അധിക സമയവും കാഴ്ചകാരനായിരുന്നു.സൗന്ദര്യത്തേകാള്‍ വന്യതയായിരുന്നു ആ ഇന്നിംഗ്സിന്‍റെ പ്രത്യേകത. ‘He Cut, Pulled, glanced, and drove with grace’അയാളുടെ ഓരോ ഷോട്ടും ഫുട്ബോളില്‍ വിന്നിങ് ഗോളടിച്ചതു പോലെ കാണികള്‍ ആഘോഷിച്ചു. ഓരോ ഷോട്ടിനും കാണികള്‍ ഗ്രൗണ്ടിലേക്ക് കാണികള്‍ ഓടി കയറാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.

77 മിനിറ്റ്സ് 66 ബോള്‍സ് 86 റണ്‍സ് . ഒടുവില്‍ എഡ്മണ്‍ഡ്സിന്‍റെ ബോളില്‍ റാന്‍റെല്‍ പിടിച്ചു പുറത്താകുമ്പോള്‍ ഗ്രൗണ്ടില്‍ ഉണ്ടായിരുന്ന ഇംഗളീഷ് കാണികള്‍ ആഘോഷിച്ചു. ഒരു നിമിക്ഷം അവര്‍ ആഘോഷം മതിയാക്കി എഴുന്നേറ്റു കയ്യടിച്ചു. ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ചൊരു ബാറ്റിങ് വിരുന്നാണ് തങ്ങള്‍ കണ്ടെതെന്ന വിശ്വാസം 23000 കാണികള്‍ക്കും ഉണ്ടായിരുന്നു. കുറേ പേര്‍ ഗ്രൗണ്ടിലേക്ക് ഓടികയറി അവര്‍ അയാളെ പവലിയനിലേക്ക് ആനയിച്ചു. റിച്ചാര്‍ഡ്സ് ബാറ്റില്‍ കൈയടിച്ച് അയാളെ അഭിനന്ദിച്ച് പകുതി ദൂരം പുറകെ ചെന്നു.

നിശബ്ദനായി കിങ് ഗ്രൗണ്ടിലെത്തിയപ്പോള്‍ കളി ഇംഗളണ്ടിന്‍റെ കൈയിലായിരുന്നു. എന്നാല്‍ കാണികളുടെ അകമ്പടിയോടെ നിര്‍ത്താത്ത കരഘോഷത്തോടെ അയാള്‍ പവനിലയിലേക്ക് നടക്കുമ്പോള്‍ ഇംഗളണ്ടിന് കളി നഷ്ടപെട്ടു കഴിഞ്ഞിരുന്നു. ”എനിക്ക് കളി ഞങ്ങളുടെ കൈയില്‍ നിന്ന് നഷ്ടപെട്ടു പോകുന്നത് മനസ്സിലായി , പക്ഷേ ഒന്നും ചെയ്യാനില്ലായിരുന്നു’ ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യപ്റ്റന്‍ എന്നറിയപ്പെടുന്ന മൈക്ക് ബിയര്‍ലി നിസംഗതയോടെ ആത്മഗതം ചെയ്തു.

കിംഗ് പോയ ശേക്ഷം വന്ന ബാറ്റസ്മാന്‍മാര്‍ ആരും രണ്ടക്കം കടന്നില്ലെങ്കിലും വിവ് റിച്ചാര്‍ഡ്സ് ഒരു വശത്ത് നിന്ന് അന്നത്തെ കൂറ്റന്‍ സ്കോര്‍ ആയ 286 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒരിക്കലും ചിത്രത്തിലില്ലായിരുന്നു. ആദ്യ വിക്കറ്റില്‍ ബിയര്‍ലിയും ബോയ്കോട്ടും 135 റണ്‍സെടുത്തെങ്കിലും അവരുടെ മെല്ലെപോക്ക് പിന്നീട് ഉളള ബാറ്റസ്മാന്‍മാരെ സമ്മര്‍ദ്ധത്തിലാക്കി. 2/183 എന്ന നിലയില്‍ നിന്ന് അവര്‍ 194ന് നാടീയമായി ഓള്‍ ഔട്ടാവുകയും ചെയ്തു.

 

ആകെ 9 ടെസ്റ്റും 18 ഏകദിനവും മാത്രം കളിച്ച ഒരു ചെറിയ കരിയര്‍. പറയത്തക്ക നേട്ടങ്ങളൊന്നുമില്ല. 1980 ന് ശേഷം അയാള്‍ വിന്‍ഡീസ് ടീമിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടിട്ടും ഇല്ല. പക്ഷേ അന്നത്തെ ദിവസം അയാളുടേതായിരുന്നു. ആ ഒരു ലോകകപ്പ് ഫൈനലിന് മാത്രമായായിരിക്കാം ദൈവം അയാളെ ക്രിക്കറ്റ് താരമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial