അമേരിക്കയുടെ യുവതാരത്തിന്റെ കനത്ത വെല്ലുവിളി മറികടന്ന് ഇന്ത്യയുടെ ദീപിക കുമാരി പ്രീ ക്വാര്‍ട്ടറിലേക്ക്

നിര്‍ണ്ണായക ഘട്ടത്തിൽ പിഴവുകള്‍ വരുത്തിയെങ്കിലും അമേരിക്കന്‍ യുവ താരം ജെനീഫര്‍ മുച്ചീനോ ഫെര്‍ണാണ്ടസിനെ പരാജയപ്പെടുത്തി പ്രീ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്ന് ഇന്ത്യയുടെ ലോക ഒന്നാം നമ്പര്‍ താരം ദീപിക കുമാരി. 6-4ന് ആണ് ദീപികയുടെ വിജയം.

അവസാന ശ്രമത്തിൽ 10 പോയിന്റ് നേടിയിരുന്നുവെങ്കില്‍ മത്സരം ഷൂട്ട് ഓഫിലേക്ക് നീങ്ങുമെന്ന സാഹചര്യത്തിൽ 9 പോയിന്റ് മാത്രം അമേരിക്കന്‍ താരം നേടിയതാണ് ദീപികയുടെ മെഡൽ പ്രതീക്ഷ നിലനിര്‍ത്തിയത്.

ആദ്യ സെറ്റിലെ ആദ്യ ശ്രമം തന്നെ പിഴച്ച ദീപിക അമേരിക്കന്‍ താരത്തോട് ആ സെറ്റ് 25-26ന് അടിയറവ് പറ‍ഞ്ഞു. രണ്ടാം സെറ്റിലെ ആദ്യ ശ്രമം പിഴച്ചുവെങ്കിലും പിന്നീട് രണ്ട് പെര്‍ഫക്ട് ടെന്നുകളുടെ സഹായത്തോടെ ദീപിക സെറ്റ് സ്വന്തമാക്കി. ദീപിക സെറ്റ് 28-25ന് ആണ് സ്വന്തമാക്കിയത്.

മൂന്നാം സെറ്റിൽ ആദ്യ രണ്ട് ശ്രമങ്ങളിൽ 10ഉം 9ഉം പോയിന്റ് നേടിയ ദീപികയ്ക്ക് മൂന്നാം ശ്രമത്തിൽ വെറും 8 മാത്രം ലഭിച്ചപ്പോള്‍ അമേരിക്കന്‍ താരത്തിന് ആ ശ്രമം മെച്ചപ്പെടുത്തുവാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇന്ത്യ 27-25ന് മൂന്നാം സെറ്റ് നേടി മത്സരത്തിൽ 4-2ന്റെ ലീഡ് നേടി.

നാലാം സെറ്റിലെ രണ്ടാം ശ്രമത്തിൽ വെറും 6 പോയിന്റ് മാത്രം ദീപിക നേടിയതോടെ മത്സരം അഞ്ചാം സെറ്റിലേക്ക് നീങ്ങി. നാലാം സെറ്റ് 25-24ന് ആണ് അമേരിക്കന്‍ താരം സ്വന്തമാക്കിയത്. ഇതോടെ മത്സരം 4-4ന് ഒപ്പത്തിനൊപ്പമായി.

ദീപിക കുമാരി ആദ്യ റൗണ്ടിൽ ഭൂട്ടാന്റെ അമ്പെയ്ത്ത് താരത്തെ 6-0ന് പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ടിലേക്ക് എത്തിയത്.

ലോക ചാമ്പ്യനോട് പൊരുതി വീണ് പ്രവീൺ ജാധവ്

ലോക ഒന്നാം നമ്പര്‍ താരം യുഎസ്എയുടെ ബ്രേഡി ആലിസണിനോട് രണ്ടാം റൗണ്ടിൽ പരാജയപ്പെട്ട് ഇന്ത്യയുടെ പ്രവീൺ ജാധവ്. ആദ്യ റൗണ്ടിൽ ഇന്ത്യന്‍ താരം ലോക രണ്ടാം റാങ്കുകാരനെ പരാജയപ്പെടുത്തിയാണ് എത്തിയത്. നേരിട്ട് മൂന്ന് സെറ്റും സ്വന്തമാക്കിയാണ് അമേരിക്കന്‍ താരം അടുത്ത റൗണ്ടിലേക്ക് കടന്നത്.

ആദ്യ സെറ്റിൽ 27-28ന് ജാധവ് പിന്നിൽ പോയപ്പോള്‍ രണ്ടാം സെറ്റിൽ ആദ്യ രണ്ട് ആരോയിലും മികച്ച പ്രകടനം പുറത്തെടുത്ത ജാധവിന്റെ മൂന്നാം ശ്രമം ഏഴ് പോയിന്റ് മാത്രമായപ്പോള്‍ 26-27ന് ഇന്ത്യന്‍ താരം പിന്നിൽ പോയി.

മൂന്നാം സെറ്റിൽ ജാധവിന് മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ പോയപ്പോള്‍ ബ്രേഡി ആലിസൺ അനായാസം 6-0ന്റെ വിജയം നേടി. 26-23ന് ആണ് മൂന്നാം സെറ്റ് ബ്രേഡി സ്വന്തമാക്കിയത്.

അട്ടിമറിയോടെ പ്രവീൺ ജാധവ് രണ്ടാം റൗണ്ടിലേക്ക്,ലോക രണ്ടാം നമ്പര്‍ താരത്തെ പരാജയപ്പെടുത്തി

അമ്പെയ്ത്തിൽ ഇന്ത്യന്‍ താരം പ്രവീൺ ജാധവിന് ജയം. നേരിട്ടുള്ള സെറ്റുകളിൽ 6-0ന്റെ വിജയം ആണ് റഷ്യന്‍ ഒളിമ്പിക്സ് കൗൺസിൽ താരത്തെ പരാജയപ്പെടുത്തി പ്രവീൺ അടുത്ത റൗണ്ടിലേക്ക് കടന്നത്. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരനായ റഷ്യന്‍‍ ഒളിമ്പിക്സ് കൗൺസിൽ താരത്തെയാണ് പ്രവീൺ അട്ടിമറിച്ചത്.

നാല് പെര്‍ഫെക്ട് ടെന്നുകളും 5 9 പോയിന്റുകളും നേടിയ പ്രവീൺ ആദ്യ സെറ്റിൽ 29 പോയിന്റും അടുത്ത രണ്ട് റൗണ്ടുകളിലും 28 വീതം പോയിന്റുമാണ് നേടിയത്. റഷ്യയുടെ ഗാല്‍സന്‍ ബാസാര്‍സാപോവ് 27, 27, 24 എന്നീ സ്കോറുകളാണ് നേടിയത്.

അമേരിക്കയുടെ ലോക ഒന്നാം നമ്പര്‍ താരം ബ്രേഡി എല്ലിസൺ ആണ് പ്രവീൺ ജാധവിന്റെ എതിരാളിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

ഷൂട്ട് ഓഫിൽ തരുണ്‍ദീപ് റായിയെ പരാജയപ്പെടുത്തി ഇസ്രായേലിന്റെ ഇറ്റായ് ഷാനി

അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി. 5-6 എന്ന സ്കോറിനാണ് തരുണ്‍ദീപ് ഇസ്രായേലിന്റെ ഇറ്റായ് ഷാനിയോട് പരാജയമേറ്റു വാങ്ങുന്നത്. ഒളിമ്പിക്സിൽ ഇസ്രായേലിന്റെ അമ്പെയ്ത്തിലെ ആദ്യ പ്രതിനിധിയാണ് ഇറ്റായ് ഷാനി. അഞ്ച് റൗണ്ട് കഴിയുമ്പോള്‍ ഇരു താരങ്ങളും 5-5ന് ഒപ്പമായിരുന്നു.

മത്സരത്തിൽ തന്നെക്കാള്‍ റാങ്ക് കുറഞ്ഞ താരത്തോട് ആദ്യ സെറ്റ് കൈവിട്ട തരുൺ അടുത്ത സെറ്റ് വിജയിക്കുകയായിരുന്നു. മൂന്നാം സെറ്റിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ നാലാം സെറ്റ് സ്വന്തമാക്കി തരുണ്‍ ലീഡ് നേടി. ലോക റാങ്കിംഗിൽ 92ാം സ്ഥാനത്താണ് ഇസ്രായേലിന്റെ ഷാനി

5-3ന് അഞ്ചാം റൗണ്ടിലേക്ക് മത്സരം കടക്കുമ്പോള്‍ തരുണ്‍ദീപ് റായ് മുന്നിലായിരുന്നു. എന്നാൽ അവസാന റൗണ്ട് സ്വന്തമാക്കി ഇസ്രായേലിന്റെ ഷാനി മത്സരം ഷൂട്ട് ഓഫിലേക്ക് കൊണ്ടു പോകുകയായിരുന്നു.

ഷൂട്ട് ഓഫിൽ ഒറ്റ അമ്പെയ്ത്തിൽ സെന്ററിന് ഏറ്റവും അടുത്തെത്തുന്നവര്‍ ജയിക്കുമെന്നിരിക്കവേ തരുൺ നേടിയത് 9 പോയിന്റാണെങ്കിൽ പത്ത് പോയിന്റ് നേടി ഷാനി ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി.

നേരത്തെ ആദ്യ റൗണ്ടിൽ തരുൺദീപ് ഉക്രൈന്റെ ഒലെസ്കി ഹുന്‍ബിന്നിനെ പരാജയപ്പെടുത്തിയാണ് പ്രീക്വാര്‍ട്ടറിലേക്ക് എത്തിയത്. 6-4ന് ആയിരുന്നു വിജയം.

അമ്പെയ്ത്തിൽ കൊറിയ മാത്രം! ടീമിനത്തിൽ എല്ലാ സ്വർണവും തൂത്തുവാരി

അമ്പെയ്ത്ത് തങ്ങളുടെ സ്വന്തം ആണെന്ന ദക്ഷിണ കൊറിയയുടെ പ്രഖ്യാപനം ഒരിക്കൽ കൂടി ഒളിമ്പിക്സ് വേദിയിൽ ആവർത്തിച്ചു. ഇത് വരെ മെഡൽ നൽകപ്പെട്ട മൂന്നു ടീം ഇനങ്ങളിലും കൊറിയ തന്നെ സ്വർണം സ്വന്തമാക്കി. ഒളിമ്പിക്‌സിൽ ആദ്യമായി ഉൾപ്പെടുത്തിയ മിക്സഡ് ഇനത്തിൽ നേരത്തെ നേതാർലന്റ്സിനെ 5-3 നു വീഴ്ത്തി സ്വർണം നേടിയ ദക്ഷിണ കൊറിയ പിന്നീട്‌ വനിതകളും പുരുഷന്മാരിലും തങ്ങളുടെ ആധിപത്യം ഒരിക്കൽ കൂടി ഉറപ്പിച്ചു.

വനിതകളിൽ റഷ്യൻ ഒളിമ്പിക് ടീമിനെ എതിരില്ലാത്ത 6-0 നു ആണ് കൊറിയൻ ടീം തോൽപ്പിച്ചത്. 1988 ൽ ഒളിമ്പിക്‌സിൽ ഈ ഇനം ഉൾപ്പെടുത്തിയ ശേഷം മറ്റൊരു ടീമും ഇതിൽ സ്വർണം നേടിയിട്ടില്ല. തുടർച്ചയായ ഒമ്പതാം ഒളിമ്പിക് സ്വർണം ആയി കൊറിയക്ക് ഇത്. അതേസമയം സെമിയിൽ നേരിയ വ്യത്യാസത്തിൽ ഫൈനലിൽ എത്തിയ പുരുഷ വിഭാഗത്തിൽ ചൈനീസ് തായ്പേയെ പക്ഷെ കൊറിയ വലിയ പ്രായാസം ഇല്ലാതെയാണ് ഫൈനലിൽ ജയിച്ചത്. 6-0 എന്ന ഏകപക്ഷീയമായ സ്കോറിന് ആയിരുന്നു കൊറിയൻ ജയം. വ്യക്തിഗത ഇനങ്ങളിലും തുടർന്നും ഈ ആധിപത്യം തുടരാൻ ആവും കൊറിയൻ ശ്രമം.

അമ്പെയ്ത്തിന്റെ ആവേശം കണ്ട മത്സരം, സെന്റിമീറ്ററുകളുടെ ആനുകൂല്യത്തിൽ കൊറിയ ഫൈനലിൽ

കരുത്തരായ കൊറിയയെ വിറപ്പിച്ച് കീഴടങ്ങി ആതിഥേയരായ ജപ്പാന്‍. നാല് സെറ്റുകള്‍ അവസാനിച്ചപ്പോള്‍ രണ്ട് സെറ്റ് വീതം നേടി 4-4 എന്ന സ്കോറിന് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ മത്സരം ഷൂട്ട് ഓഫിലേക്ക് പോകുകയായിരുന്നു. ഷൂട്ട് ഓഫിലും ഇരു ടീമുകളും തുല്യത പാലിച്ചപ്പോള്‍ സെന്റര്‍ പോയിന്റിനോട് ഏറ്റവും അടുത്ത് കൊള്ളിച്ചതിനാൽ കൊറിയ ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു.

ആദ്യ സെറ്റ് 58-54ന് കൊറിയ നേടിയപ്പോള്‍ രണ്ടാം സെറ്റ് 55-54ന് ജപ്പാന്‍ ഒപ്പം പിടിച്ചു. മൂന്നാം സെറ്റിൽ 58-55ന് കൊറിയ മുന്നിലെത്തിയപ്പോള്‍ അവസാന സെറ്റിൽ 56-53 എന്ന നിലയിൽ ജപ്പാന്‍ മുന്നിലെത്തി.

ഷൂട്ട് ഓഫിലും ഇരു ടീമുകളും ഒപ്പം നിന്നപ്പോള്‍ സെന്റിമീറ്റര്‍ വ്യത്യാസത്തിൽ ജയം കൊറിയ സ്വന്തമാക്കി. ഷൂട്ട് ഓഫിൽ പെര്‍ഫെക്ട് 10 നേടിയ 17 വയസ്സുകാരന്‍ കിം ജെ ഡിയോക് ആണ് നിര്‍ണ്ണായകമായ പ്രകടനം പുറത്തെടുത്തത്. ഫൈനലിൽ ചൈനീസ് തായ്പേയ് ആണ് കൊറിയയുടെ എതിരാളികള്‍. നെതര്‍ലാണ്ട്സിനെ 6-0ന് പരാജയപ്പെടുത്തിയാണ് തായ്പേയ് ഫൈനലിലേക്ക് എത്തുന്നത്.

കൊറിയ കരുത്തര്‍ തന്നെ, ഇന്ത്യയെ 6-0ന് പരാജയപ്പെടുത്തി

അമ്പെയ്ത്തിൽ പുരുഷന്മാരുടെ ക്വാര്‍ട്ടര്‍ ഫൈനലിൽ ഇന്ത്യയെ 6-0ന് പരാജയപ്പെടുത്തി കൊറിയ സെമിയിലേക്ക്. കരുത്തരായ കൊറിയയ്ക്കെതിരെ ഇന്ത്യയ്ക്ക് യാതൊരുവിധത്തിലുമുള്ള പ്രതീക്ഷയില്ലായിരുന്നു. 59-54, 59-57, 56-54 എന്ന നിലയിലാണ് മൂന്ന് സെറ്റുകളും വിജയിച്ച് കൊറിയ മുന്നേറിയത്.

ആദ്യ രണ്ട് സെറ്റുകളില്‍ അഞ്ച് വീതം പെര്‍പെക്ട് ടെന്നുകളാണ് കൊറിയന്‍ സംഘം നേടിയത്. ഇന്ത്യയ്ക്ക് മത്സരത്തിൽ ആകെ നേടാനായത് ആറ് പെര്‍ഫെക്ട് ടെന്നുകളായിരുന്നു. ഇത് തന്നെ കൊറിയ എത്ര മാത്രം കരുത്തരാണെന്നത് കാണിക്കുന്നു.

അമ്പെയ്ത്തിൽ കസാഖിസ്ഥാനെ വീഴ്‌ത്തി ഇന്ത്യൻ പുരുഷ ടീം, ക്വാട്ടറിൽ കൊറിയ എതിരാളി

ആർച്ചറിയിൽ പുരുഷ ടീമിന് ജയം. റൗണ്ട് ഓഫ് 16 എലിമിനേഷനിൽ ആണ് ഇന്ത്യൻ പുരുഷ ടീം കസാഖിസ്ഥാനെ വീഴ്‌ത്തി ക്വാർട്ടർ ഫൈനലിൽ എത്തിയത്. അതാനു ദാസ്, പ്രവീൺ ജാദവ്, തരുന്ദീപ്‌ റായ് എന്നിവർ അടങ്ങിയ ടീം ആണ് കസാഖിസ്ഥാനെ 6-2 നു മറികടന്നു ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്.

അതാനു ദാസിന്റെ നിർണായക ഘട്ടത്തിലെ മിന്നും പ്രകടനം ആണ് ഇന്ത്യക്ക് മികച്ച ജയം സമ്മാനിച്ചത്. ക്വാർട്ടർ ഫൈനലിൽ ആർച്ചറിയിലെ എക്കാലത്തെയും വലിയ ശക്തിയായ ദക്ഷിണ കൊറിയ ആണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ന് 10 മണിക്ക് ശേഷം ആണ് ഈ മത്സരം.

കൊറിയയെ തോൽപ്പിക്കാൻ ആവില്ല മക്കളെ! ആർച്ചറിയിൽ ദീപിക-പ്രവീൺ സഖ്യം പുറത്ത്

പ്രതീക്ഷിച്ച പോലെ ക്വാർട്ടർ ഫൈനലിൽ ആർച്ചറിയിലെ ലോകത്തിലെ എക്കാലത്തെയും വലിയ ശക്തിയായ കൊറിയയോട് തോറ്റ് ഇന്ത്യയുടെ മിക്സഡ് ഡബിൾസ് ടീം പുറത്ത്. ഇന്ത്യയുടെ സൂപ്പർ സ്റ്റാർ ദീപിക കുമാരി-പ്രവീൺ ജാദവ് സഖ്യം ആണ് കൊറിയൻ സഖ്യമായ സൂപ്പർ സ്റ്റാർ ആൻ സാൻ- കിം ജെ ഡിയോക് സഖ്യത്തോട് ആണ് തോൽവി വഴങ്ങിയത്.

തങ്ങളുടെ മികവിലേക്ക് ഉയരാൻ ആവാത്ത ഇന്ത്യൻ സഖ്യത്തെ കൊറിയൻ സഖ്യം 6-2 നു ആണ് പരാജയപ്പെടുത്തിയത്. യോഗ്യതയിൽ ഒമ്പതാം സ്ഥാനത്ത് എത്തിയത് ആണ് മെഡൽ പ്രതീക്ഷയുള്ള ഇനത്തിൽ ഇന്ത്യക്ക് വിനയായത്. ഇനി ദീപിക കുമാരിയുടെ വ്യക്തിഗത ഇനത്തിലും വനിതാ ഇനത്തിലും ഇന്ത്യക്ക് പ്രതീക്ഷയുണ്ട്.

ആർച്ചറിയിൽ മിക്സഡ് ഇനത്തിൽ ഇന്ത്യ ക്വാർട്ടറിൽ

ഇന്ത്യയുടെ വലിയ പ്രതീക്ഷയായ ആർച്ചറിയിൽ മിക്സഡ് ഇനത്തിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ. ദീപിക കുമാരി, പ്രവീൺ യാദവ് എന്നിവർ അടങ്ങിയ ടീം ആണ് ചൈനീസ് തായ്പേയെ ആദ്യ സെറ്റ് കൈവിട്ട ശേഷം 5-3 നു തോൽപ്പിച്ചു ക്വാർട്ടറിലേക്ക് മുന്നേറിയത്. ഭർത്താവ് അത്തനു ദാസിനെക്കാൾ യോഗ്യതയിൽ മികവ് കാണിച്ച പ്രവീൺ യാദവ് ആണ് ദീപികക്ക് പങ്കാളി ആയി എത്തിയത്.

3-1 പിന്നിൽ നിന്ന സമയത്ത് പ്രഫക്റ്റ് 10 പോയിന്റുകൾ വേണ്ട സമയത്ത് അത് സമ്മാനിച്ച ദീപികയുടെ മികവ് ആണ് ഇന്ത്യയെ ക്വാർട്ടറിൽ എത്തിച്ചത്. അതേസമയം ഇന്ന് ഇന്ത്യൻ സമയം 11 മണിക്ക് നടക്കുന്ന ക്വാർട്ടറിൽ ബംഗ്ലാദേശ് അല്ലെങ്കിൽ ആർച്ചറിയിലെ ഏറ്റവും വലിയ ശക്തിയായ ദക്ഷിണ കൊറിയ ആണ് ഇന്ത്യൻ എതിരാളികൾ. മിക്കവാറും ദക്ഷിണ കൊറിയ എതിരാളി ആവും എന്നതിനാൽ ക്വാർട്ടറിൽ ഇന്ത്യ ജയിക്കാൻ അത്ഭുതം തന്നെ സംഭവിക്കണം.

ആർച്ചറി ലോകകപ്പിൽ മൂന്നു സ്വർണ മെഡൽ നേട്ടവുമായി ദീപിക കുമാരി, മികസഡിൽ നേട്ടം ഭർത്താവിനൊപ്പം

ആർച്ചറി ലോകകപ്പിൽ ഇന്ത്യക്ക് മികച്ച നേട്ടം സമ്മാനിച്ചു ലോക ഒന്നാം നമ്പർ താരം ആയ ദീപിക കുമാരി. പാരീസിൽ നടക്കുന്ന ലോകകപ്പിൽ റികർവ് ഇനത്തിൽ ആണ് ദീപികയുടെ ചരിത്ര നേട്ടം. വ്യക്തിഗത നേട്ടത്തിന് ഒപ്പം വനിതാ വിഭാഗം, മിക്സഡ് വിഭാഗം എന്നിവയിലും ദീപിക സ്വർണ നേട്ടം കയ്യിലാക്കി. റികർവ് ഇനത്തിൽ വനിത ടീമിനത്തിൽ ദീപികയും കൊമോളിക ബാരി, അങ്കിത ഭട്ടക് എന്നിവർ അടങ്ങിയ ടീമാണ് 5-1 നു മെക്സിക്കോയെ മറികടന്നു സ്വർണമെഡൽ നേടിയത്.

ഇതിനു മുമ്പ് നടന്ന മിക്സഡ് ഇനത്തിൽ വരുന്ന ജൂൺ 30 തിനു ആദ്യ വിവാഹവാർഷികം ആഘോഷിക്കുന്ന ദീപികയും ഭർത്താവ് അതനു ദാസും നെതർലന്റിസിനെ മറികടന്നു സ്വർണമെഡൽ നേടിയിരുന്നു. 0-2 നു പിറകിൽ നിന്ന ശേഷം ആണ് ഡച്ചുകാർക്ക് എതിരെ 5-3 നു ഇന്ത്യൻ ദമ്പതിമാരുടെ തിരിച്ചു വരവ് ഉണ്ടായത്. തുടർനാണ് വ്യക്തിഗത ഇനത്തിൽ റഷ്യൻ അമേരിക്കൻ അമ്പഴ്‌ത്തുകാരെ മറികടന്നു ദീപിക സ്വർണ മെഡൽ നേടിയത്. ഇതോടെ വ്യക്തിഗത ഇനത്തിൽ ലോക ഒന്നാം നമ്പർ ആയും ദീപിക മാറി. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷകളിൽ ഒന്നാണ് ദീപിക കുമാരി.

സ്വര്‍ണ്ണവും ഒളിമ്പിക്സ് യോഗ്യതയും ഉറപ്പാക്കി ഇന്ത്യയുടെ ദീപിക കുമാരി

ടോക്കിയോ ഒളിമ്പിക്സിനുള്ള യോഗ്യത നേടി ഇന്ത്യയുടെ ദീപിക കുമാരി. ഏഷ്യന്‍ കോണ്ടിനെന്റല്‍ അമ്പെയ്ത്ത് യോഗ്യത ടൂര്‍ണ്ണമെന്റിന്റെ റീകര്‍വ് ഇനത്തിലാണ് ഇന്ത്യയുടെ തന്നെ അങ്കിത ഭകടിനെ ഫൈനലില്‍ 6-0ന് പരാജയപ്പെടുത്തി സ്വര്‍ണ്ണം ദീപിക സ്വന്തമാക്കിയത്.

ഇതോടെ ഈ വിഭാഗത്തില്‍ ടോക്കിയോ ഒളിമ്പിക്സിനുള്ള യോഗ്യത ദീപിക ഉറപ്പാക്കുകയായിരുന്നു.

Exit mobile version