Site icon Fanport

ഇന്ത്യയുടെ അഭിമാനം_ അനാഹത് സിംഗിന് സ്ക്വാഷ് ഓൺ ഫയർ ഓപ്പൺ കിരീടം

Resizedimage 2026 02 02 01 39 54 1


ഇന്ത്യൻ സ്ക്വാഷ് താരം അനാഹത് സിംഗ് ചരിത്രനേട്ടവുമായി തന്റെ കരിയറിലെ ഏറ്റവും വലിയ കിരീടം സ്വന്തമാക്കി. വാഷിംഗ്ടണിൽ നടന്ന പിഎസ്എ (PSA) ബ്രോൺസ് സ്ക്വാഷ് ഓൺ ഫയർ ഓപ്പൺ 2026 ഫൈനലിൽ ഒന്നാം സീഡും ലോക പത്താം നമ്പർ താരവുമായ ഇംഗ്ലണ്ടിന്റെ ജോർജിന കെന്നഡിയെയാണ് അനാഹത് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു 17-കാരിയായ അനാഹതിന്റെ തകർപ്പൻ വിജയം. സ്കോർ: 12-10, 11-5, 11-7.


ഏതാനും മാസങ്ങൾക്ക് മുൻപ് കാനഡ വനിതാ ഓപ്പൺ സെമിഫൈനലിൽ ജോർജിനയോട് നേരിട്ട തോൽവിക്ക് അനാഹത് മധുരപ്രതികാരം കൂടെയാണ് ഇവിടെ വീട്ടിയത്. കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവ് കൂടിയായ ജോർജിനയെ തന്റെ കൃത്യതയാർന്ന ഷോട്ടുകൾ കൊണ്ടും പതറാത്ത മാനസിക കരുത്ത് കൊണ്ടും അനാഹത് നിഷ്പ്രഭയാക്കി.

ആദ്യ ഗെയിമിലെ കടുത്ത പോരാട്ടത്തിന് ശേഷം പിന്നീട് വന്ന രണ്ട് ഗെയിമുകളിലും അനാഹത് പൂർണ്ണ ആധിപത്യം പുലർത്തി.
അനാഹതിന്റെ കരിയറിലെ ആദ്യ പിഎസ്എ ടൂർ കിരീടമാണിത്. ക്വാർട്ടർ ഫൈനലിൽ രണ്ട് ഗെയിമുകൾക്ക് പിന്നിലായ ശേഷം നടത്തിയ അവിശ്വസനീയമായ തിരിച്ചുവരവും, സെമിയിൽ ലോക 23-ാം നമ്പർ താരം സബ്രീന സോബിയെ അട്ടിമറിച്ചതും ഈ ടൂർണമെന്റിലെ അനാഹതിന്റെ പോരാട്ടവീര്യം വിളിച്ചോതുന്നു. ലോക റാങ്കിംഗിൽ 31-ാം സ്ഥാനത്തുള്ള അനാഹത് ഈ കിരീടനേട്ടത്തോടെ റാങ്കിംഗിലും വലിയ മുന്നേറ്റം നടത്തുമെന്ന് ഉറപ്പായി. ഇന്ത്യൻ സ്ക്വാഷിന്റെ പുതിയ ഇതിഹാസമാകാൻ താൻ ഒരുങ്ങിക്കഴിഞ്ഞുവെന്ന് തെളിയിക്കുന്ന പ്രകടനമാണ് അനാഹത് കാഴ്ചവെച്ചത്.


Exit mobile version