പിഎസ്എ ബ്രോൺസ് സ്ക്വാഷ് ഓൺ ഫയർ ഓപ്പണിൽ ലോക 17-ാം നമ്പർ താരം ഈജിപ്തിന്റെ സന ഇബ്രാഹിമിനെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാര താരം അനാഹത് സിംഗ് സെമിഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ ആദ്യ രണ്ട് ഗെയിമുകൾ നഷ്ടപ്പെട്ട ശേഷം അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയാണ് അനാഹത് വിജയം സ്വന്തമാക്കിയത്. സ്കോർ: 8-11, 8-11, 11-7, 11-8, 11-7.
ഏഴാം സീഡായ അനാഹത്, തന്നെക്കാൾ റാങ്കിംഗിൽ ഏറെ മുന്നിലുള്ള രണ്ടാം സീഡ് താരത്തെയാണ് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ തുടക്കത്തിൽ രണ്ട് ഗെയിമുകൾ കൈവിട്ട് വലിയ സമ്മർദ്ദത്തിലായിരുന്ന അനാഹത്, മൂന്നാം ഗെയിം മുതൽ കൃത്യമായ തന്ത്രങ്ങളിലൂടെ കളിയിലേക്ക് തിരിച്ചുവരികയായിരുന്നു. നിർണ്ണായകമായ അവസാന ഗെയിമിൽ 11-7 എന്ന സ്കോറിന് വിജയിച്ചാണ് താരം സെമി ടിക്കറ്റ് ഉറപ്പാക്കിയത്.
സെമിഫൈനലിൽ അമേരിക്കയുടെ സബ്രീന സോബിയാണ് അനാഹതിന്റെ എതിരാളി.