വീണ്ടും ഉരുണ്ടു കളി, കുട്ടികളുടെ ഭാവി തുലാസ്സിൽ!

സ്പോർട്സ് ഹോസ്റ്റലുകൾ അടച്ചു പൂട്ടാനുള്ള തീരുമാനം വിവാദമായതോടെ സ്പോർട്സ് കൗൺസിലിന്റെ ഉരുണ്ടു കളി. ഹോസ്റ്റലുകൾ നന്നാക്കുക എന്ന ഉദ്ദേശത്തോടെയാണ് അടച്ചുപൂട്ടാൻ ഉത്തരവ് നൽകിയത് എന്നാണ് സ്പോർട്സ് കൗൺസിൽ പറയുന്നത്. അടച്ചു പൂട്ടാൻ തീരുമാനിച്ച 12 ഹോസ്റ്റലുകൾക്കും ഒരവസരം കൂടെ‌ നന്നാവാൻ കൊടുക്കാം എന്നാണ് സ്പോർട്സ് കൗൺസിലിന്റെ പുതുയ തീരുമാനം.

ഏറ്റവും മോശപ്പെട്ട രീതിയിൽ നടത്തുന്ന ഹോസ്റ്റലുകളാണ് ഇതെന്നും നന്നാക്കാൻ നിർദേശങ്ങൾ നൽകിയിട്ടും നടപടിയെടുക്കാത്തതിനാലാണ് പൂട്ടുന്നത് എന്നുമാണ് ന്യായം. നടത്തിപ്പുകാർ മോശമായതിന് അനുഭവിക്കാൻ പോകുന്നത് കുട്ടികളാണ് എന്നത് അധികൃതർക്ക് മനസ്സിലാവുന്നില്ലേ എന്നതാണ് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം. ഹോസ്റ്റലു നന്നാക്കാൻ ഉത്തരവാദിത്തപ്പെട്ടവരെ മാറ്റാതെ ഹോസ്റ്റലുകൾ അടച്ച് കുട്ടികളെ മാറ്റുന്നതിലൂടെ അവരുടെ ഭാവി അവതാളത്തിലാകും. പുതിയ പരിശീലകരും പരീക്ഷ അടുത്തിരിക്കുന്ന സമയത്തെ മാറ്റവും കുട്ടികൾക്ക് ദോഷം മാത്രമേ ചെയ്യൂ എന്നത് സ്പോർട്സ് കൗൺസിൽ പരിഗണിച്ചേ പറ്റൂ.

വിമർശനങ്ങൾ മാനിച്ച് എല്ലാ മാസവും ഇനി ഹോസ്റ്റലുകളിൽ അധികൃതരുടെ സന്ദർശനവും കർശന പരിശോധനയുമുണ്ടാകും എന്ന് കൗൺസിൽ തീരുമാനിച്ചു. എന്നാലും ഹോസ്റ്റലുകൾ അടച്ചു പൂട്ടുന്ന തീരുമാനത്തിലെ അപാകത തീരില്ല. അടുത്ത വർഷത്തെ സെലക്ഷൻ നടപടികൾക്കായി തിയ്യതികൾ തീരുമാനിച്ച ശേഷമാണ് സ്പോർട്സ്‌ കൗൺസിലിൻെറ ഈ നടപടി എന്നതും വിദ്യാർത്ഥികളേയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്.