Site icon Fanport

റിച്ചാർലസിന് ഇരട്ട ഗോൾ, സൗദിയെ തോൽപിച്ച് ബ്രസീൽ ക്വാർട്ടറിൽ

ഒളിമ്പിക്‌സ് പുരുഷ ഫുട്‌ബോളിൽ ബ്രസീൽ ക്വാർട്ടറിലേക്ക് കടന്നു. ഇന്ന് ഗ്രൂപ്പ് ഡിയിൽ നടന്ന അവസാന മത്സരത്തിൽ സൗദി അറേബ്യയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് ബ്രസീൽ ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും ക്വാർട്ടറും ഉറപ്പിച്ചത്. എവർട്ടൻ സ്‌ട്രൈക്കർ റിച്ചാർലിസന്റെ ഇരട്ട ഗോളുകളാണ് ബ്രസീലിന് ഇന്ന് കരുത്തായത്. ഇന്ന് തുടക്കത്തിൽ 14ആം മിനുട്ടിൽ കുൻഹയിലൂടെ ആണ് ബ്രസീൽ ലീഡ് എടുത്തത്. എന്നാൽ ഈ ഗോളിന് 27ആം മിനുട്ടിൽ അൽ അംറിയിലൂടെ സൗദി മറുപടി പറഞ്ഞു. പിന്നീട് രണ്ടാം പകുതിയിലായിരുന്നു ബ്രസീലിന്റെ ബാക്കി രണ്ടു ഗോളുകൾ വന്നത്.

76ആം മിനിറ്റിലും 91ആം മിനിറ്റിലും ആയിരുന്നു റിച്ചാർലിസന്റെ ഗോളുകൾ. താരം ഇന്നത്തെ രണ്ടു ഗോളുകൾ ഉൾപ്പെടെ ആകെ അഞ്ചു ഗോളുകൾ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ നേടി. മൂന്ന് മത്സരങ്ങളിൽ 7 പോയിന്റുമായാണ് ബ്രസീൽ ഒന്നാമത് എത്തിയത്. അഞ്ചു പോയിന്റുമായി ഐവറി കോസ്റ്റ ഗ്രൂപ്പിൽ രണ്ടാമത് ഫിനിഷ് ചെയ്തു

Exit mobile version