നീരജ് ചോപ്ര സൂപ്പർ സ്റ്റാർ!! ആദ്യ ത്രോയിൽ തന്നെ ഫൈനൽ യോഗ്യത

പാരീസ് ഒളിമ്പിക്സ് 2024ൽ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിന് യോഗ്യത നേടി‌. എന്നാൽ ഗ്രൂപ്പ് എയിൽ 9ആമത് ഫിനിഷ് ചെയ്ത ഇന്ത്യയുടെ മറ്റൊരു താരമായ കിഷോർ ജെനയ്ക്ക് ഫൈനൽ യോഗ്യത നേടാൻ ആയില്ല.

നീരജ് ചോപ്ര 89.34 എന്ന മികച്ച ത്രോയോടെ ആണ് ഫൈനൽ ഉറപ്പിച്ചത്. നീരജിന്റെ ആദ്യ ത്രോ തന്നെ താരത്തിന്റെ യോഗ്യത ഉറപ്പിച്ചു. 89.34 എറിഞ്ഞാണ് നീരജ് ആദ്യ ത്രോയിൽ തന്നെ യോഗ്യത ഉറപ്പിച്ചത്. നീരജിന്റെ സീസൺ ബെസ്റ്റ് ത്രോ ആണ് ഇത്.

കിഷോർ ജെനയുടെ ഏറ്റവും മികച്ച ത്രോ 80.73 ആയിരുന്നു.

More to follow

വിനേഷ് ഫൊഗാട്ട് അത്ഭുതം!! ഒന്നാം സീഡിനെ മലർത്തിയടിച്ച് ക്വാർട്ടറിലേക്ക്

പാരീസ് 2024 ഒളിമ്പിക്സ് 2024ൽ അത്ഭുത വിജയം നേടി ഇന്ത്യൻ താരം വിനേഷ് ഫോഗട്. ഒളിമ്പിക്സിലെ ഒന്നാം സീഡായ ലോകത്തിലെ തന്നെ ഏറ്റവും മികച്ച റെസ്ലറായി കണക്കാക്കപ്പെടുന്ന ജപ്പാന്റെ യുയി സുസാകിയെ ആണ് വിനേഷ് ഫോഗട് 50kg വിഭാഗത്തിൽ തോൽപ്പിച്ചത്‌.

തോൽപ്പിക്കാൻ അത്ര പ്രയാസമുള്ള താരത്തെ 3-2 എന്ന സ്കോറിനാണ് വിനേഷ് തോൽപ്പിച്ചത്‌. സുസാകിയുടെ കരിയറിലെ നാലാമത്തെ തോൽവി മാത്രമാണിത്. ടോക്കിയോ ഒളിമ്പിക്സിലെ ഗോൾഡ് മെഡലിസ്റ്റ് ആണ് സുസാകി. ഈ വിജയത്തോടെ വിനേഷ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.

ഇനി ഇന്ന് ക്വാർട്ടർ ഫൈനലിൽ ഒക്സാന ലിവാച്ചിനെയോ അല്ലെങ്കിൽ അക്‌ടെൻഗെ കെയുനിംജേവയെയോ ആകും വിനേഷ് ക്വാർട്ടറിൽ നേരിടുക.

സ്വര്‍ണ്ണ ജേതാവിനെതിരെ ശരത് ഒരു ഗെയിം നേടിയത് മാത്രം ആശ്വാസം, ചൈനയ്ക്കെതിരെ പിടിച്ച് നിൽക്കാനാകാതെ ഇന്ത്യ ആദ്യ റൗണ്ടിൽ പുറത്ത്

പാരിസ് ഒളിമ്പിക്സ് ടേബിള്‍ ടെന്നീസ് ടീം ഇവന്റിൽ ഇന്ത്യയ്ക്ക് തോൽവി. ലോക ഒന്നാം നമ്പര്‍ ടീമായ ചൈനയോട് ഇന്ത്യ 0-3 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്.

ആദ്യ മത്സരത്തിൽ ഡബിള്‍സിൽ ഇന്ത്യയുടെ മാനവ് തക്കര്‍ – ഹര്‍മീത് ദേശായി കൂട്ടുകെട്ട് 0-3 എന്ന സ്കോറിന് പരാജയപ്പെടുകയായിരുന്നു. ആദ്യ രണ്ട് ഗെയിമിൽ ചൈനയെ നേരിടുവാന്‍ ഇന്ത്യ പാടുപെട്ടപ്പോള്‍ മൂന്നാം ഗെയിമിൽ ഇന്ത്യ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. 2-11, 3-11, 7-11 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ ഡബിള്‍സ് ടീമിന്റെ തോൽവി.

ആദ്യ സിംഗിള്‍സിൽ ശരത് കമാൽ ഒളിമ്പിക്സ് സ്വര്‍ണ്ണ ജേതാവ് ഫാന്‍ ചെംഗ്ഡോംഗിനെ ആദ്യ ഗെയിമിൽ വീഴ്ത്തിയാണ് തുടങ്ങിയത്. അടുത്ത ഗെയിമിൽ ചൈനീസ് താരം തിരിച്ചുവരവ് നടത്തി. മൂന്നാം ഗെയിമും ഫാന്‍ നേടിയതോടെ മത്സരം ഇന്ത്യയുടെ കൈകളിൽ നിന്ന് അകന്ന് തുടങ്ങി. 11-9, 7-11, 7-11, 5-11 എന്ന സ്കോറിനായിരുന്നു ശരത്തിന്റെ പരാജയം.

രണ്ടാം സിംഗിള്‍സിൽ വാംഗ് ച്യുഖിന്‍ മാനവ് തക്കറിനെ 3-0ന് പരാജയപ്പെടുത്തിയതോടെ ഇന്ത്യ പുറത്തായി. സ്കോര്‍: 9-11, 6-11, 9-11 ആദ്യ ഗെയിമിലും മൂന്നാം ഗെയിമിലും മാനവ് പൊരുതി നോക്കിയെങ്കിലും ചൈനയ്ക്ക് വെല്ലുവിളിയുയര്‍ത്തുവാന്‍ ഇത് മതിയാകുമായിരുന്നില്ല.

മെഡൽ പ്രതീക്ഷ, ഇന്ത്യൻ ഹോക്കി ടീമിന് ഇന്ന് സെമി ഫൈനൽ

ഇന്ന് പാരീസ് ഒളിമ്പിക്സിൽ മെഡൽ പ്രതീക്ഷയുമായി ഇന്ത്യ ഇറങ്ങും. ഇന്ന് സെമി ഫൈനലിൽ ജർമ്മനിയെ ആണ് ഇന്ത്യ നേരിടുന്നത്. ഇന്ന് വിജയിച്ചാൽ ഇന്ത്യക്ക് മെഡൽ ഉറപ്പാകും. ഇന്ന് പരാജയപ്പെട്ടാൽ പിന്നെ വെങ്കല മെഡലിനായി വീണ്ടും ഇറങ്ങേണ്ടി വരും. ക്വാർട്ടറിൽ ബ്രിട്ടണെ തോൽപ്പിച്ച് ആയിരുന്നു ഇന്ത്യ ഫൈനലിൽ എത്തിയത്. അന്ന് 10 പേരുമായി പൊരുതി ആയിരുന്നു ഇന്ത്യയുടെ വിജയം.

ബ്രിട്ടണ് എതിരെ ചുവപ്പ് കണ്ട രോഹിദാസ് ഇന്ന് ടീമിനൊപ്പം ഉണ്ടാകില്ല. ക്വാർട്ടർ ഫൈനലിലെ ഹീറോ ശ്രീജേഷിലും ക്യാപ്റ്റൻ ഹർമൻപ്രീതിലും ആയിരിക്കും ഇന്ത്യയുടെ ഇന്നത്തെയും പ്രതീക്ഷ. ഇന്ന് രാത്രി 10.30നാണ് സെമി ഫൈനൽ നടക്കുന്നത്‌‌. കളി തത്സമയം ജിയോ സിനിമയിൽ കാണാം. മറ്റൊരു സെമിയിൽ സ്പെയിൻ നെതർലന്റ്സിനെയും നേരിടും.

വീണ്ടും പോൾവോൾട്ടിൽ ലോക റെക്കോർഡ് തിരുത്തി അർമാൻഡ് ഡുപ്ലാന്റിസ്

പോൾവോൾട്ടിൽ തന്റെ ഇതിഹാസ പദവി ഒരിക്കൽ കൂടി ഉറപ്പിച്ചു അർമാൻഡ് ഡുപ്ലാന്റിസ്. 2020 ലെ സ്വർണ മെഡൽ ജേതാവ് ആയ സ്വീഡിഷ് താരം പുതിയ ലോക റെക്കോർഡ് കുറിച്ചാണ് സ്വർണം സ്വന്തം പേരിലാക്കിയത്. ലോക റെക്കോർഡ് തിരുത്തുന്നത് ശീലമാക്കിയ തന്നോട് തന്നെ മത്സരിക്കാൻ ഇറങ്ങിയ ഡുപ്ലാന്റിസ് 6.25 മീറ്റർ എന്ന ഉയരം ആണ് ഇത്തവണ മറികടന്നത്. 5.95 മീറ്റർ ചാടി വെള്ളിമെഡൽ നേടിയ അമേരിക്കയുടെ സാം കേൻഡ്രിക്സ് 6 മീറ്റർ താണ്ടാൽ പരാജയപ്പെട്ടപ്പോൾ ഡുപ്ലാന്റിസ് സ്വർണം ഉറപ്പിച്ചു. തുടർന്ന് 6 മീറ്റർ 6.10 മീറ്റർ എന്നിവ ആദ്യ ശ്രമത്തിൽ മറികടന്ന താരം 6.25 മീറ്റർ ചാടാൻ ആണ് ശ്രമിച്ചത്. തന്റെ ആദ്യ 2 ശ്രമങ്ങൾ പരാജയപ്പെട്ട ശേഷം മൂന്നാം ശ്രമത്തിൽ 6.25 മീറ്റർ ചാടി താരം പുതിയ ലോക റെക്കോർഡ് കുറിക്കുക ആയിരുന്നു. 5.90 മീറ്റർ ചാടിയ ഗ്രീക്ക് താരം കരാലിസ് ആണ് ഈ ഇനത്തിൽ വെങ്കലം നേടിയത്.

ഡുപ്ലാന്റിസ്
Keely Hodgkinson

അത്‌ലറ്റിക്സിലെ മറ്റു ഫൈനലുകളിൽ വനിതകളുടെ ഡിസ്കസ് ത്രോയിൽ 69.50 മീറ്റർ എറിഞ്ഞ അമേരിക്കൻ താരം വലരി ആൽമൻ സ്വർണം നേടിയപ്പോൾ 67.51 മീറ്റർ എറിഞ്ഞ ചൈനയുടെ ഫെങ് ബിൻ വെള്ളിയും അതേദൂരം തന്നെ താണ്ടിയ ക്രൊയേഷ്യയുടെ സാന്ദ്ര വെങ്കലവും നേടി. ഇവരിൽ മികച്ച രണ്ടാമത്തെ ദൂരം കുറിച്ചത് ആണ് ചൈനീസ് താരത്തിന് വെള്ളി നേടി നൽകിയത്. വനിതകളുടെ 800 മീറ്റർ ഓട്ടത്തിൽ 1 മിനിറ്റ് 56.72 സെക്കന്റിൽ ഓടിയെത്തിയ ബ്രിട്ടീഷ് താരം കീലി ഹോഡ്കിൻസൻ ആണ് സ്വർണം നേടിയത്. 22 കാരിയായ താരത്തിന്റെ ആദ്യ ഒളിമ്പിക് സ്വർണം ആണ് ഇത്. എത്യോപ്യൻ താരം സിഗെ ഡുഗ്മ വെള്ളി മെഡൽ നേടിയപ്പോൾ കെനിയയുടെ മേരി മോറായാണ് 800 മീറ്ററിൽ വെങ്കല മെഡൽ നേടിയത്.

Beatrice Chebet, Faith Kipyegon, Sifan Hassan

ലോക ജേതാവും ഒളിമ്പിക് ജേതാവും അടക്കം സൂപ്പർ താരങ്ങൾ അണിനിരന്ന വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ ബിയാട്രിസ് ചെബറ്റ് സ്വർണം നേടി. തന്റെ ഒളിമ്പിക്സ് അരങ്ങേറ്റത്തിൽ 14 മിനിറ്റ് 28.56 സെക്കന്റിൽ ആണ് ബിയാട്രിസ് 5000 മീറ്റർ പൂർത്തിയാക്കിയത്. 5000 മീറ്ററിലെ മുൻ ലോക റെക്കോർഡ് ഉടമയായ കെനിയയുടെ തന്നെ ഫെയ്ത്ത് കിപയോങ് ആണ് ഈ ഇനത്തിൽ വെള്ളിമെഡൽ നേടിയത്. 1500 മീറ്ററിൽ 2 തവണ ഒളിമ്പിക് സ്വർണം നേടിയ താരം 5000 മീറ്ററിൽ ആദ്യമായി ആണ് ഒളിമ്പിക് മെഡൽ നേടുന്നത്. ടോക്കിയോ ഒളിമ്പിക്സിൽ 5000, 10,000 മീറ്ററുകളിൽ സ്വർണം നേടിയ ഡച്ച് താരം സിഫാൻ ഹസൻ ഇത്തവണ 5000 മീറ്ററിൽ വെങ്കല മെഡൽ നേടി തൃപ്തിപ്പെടുക ആയിരുന്നു.

ഒളിമ്പിക് ഫുട്‌ബോൾ ഫൈനലിൽ സ്‌പെയിൻ, ഫ്രാൻസ് പോരാട്ടം

ഒളിമ്പിക് ഫുട്‌ബോൾ ഫൈനലിൽ സ്വർണ മെഡലൈനായി സ്‌പെയിൻ ഫ്രാൻസ് പോരാട്ടം. രാത്രി നടന്ന മത്സരത്തിൽ ഈജിപ്തിനെ എക്സ്ട്രാ സമയത്തേക്ക് നീണ്ട മത്സരത്തിൽ ആണ് ആതിഥേയരായ തിയറി ഒൻറിയുടെ ടീം 3-1 എന്ന സ്കോറിന് മറികടന്നത്. ഫ്രാൻസ് ആധിപത്യം കണ്ട മത്സരത്തിൽ ഈജിപ്തും മികച്ച അവസരങ്ങൾ ആണ് ഉണ്ടാക്കിയത്. തുടർന്ന് രണ്ടാം പകുതിയിൽ മഹ്മൗദ് സാബറിലൂടെ ഈജിപ്ത് ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. എന്നാൽ 83 മത്തെ മിനിറ്റിൽ ടൂർണമെന്റിൽ അതുഗ്രൻ ഫോമിലുള്ള ജീൻ മറ്റെറ്റ മൈക്കിൾ ഒലീസയുടെ പാസിൽ നിന്നു ഫ്രാൻസിന് സമനില ഗോൾ സമ്മാനിച്ചു. 90 മിനിറ്റിനു ശേഷം മത്സരം എക്സ്ട്രാ സമയത്തിലേക്ക് നീണ്ടു.

മറ്റെറ്റ

രണ്ടാം പകുതിയുടെ ഇഞ്ച്വറി സമയത്ത് ആദ്യ മഞ്ഞ കാർഡ് കണ്ട ഈജിപ്ത് പ്രതിരോധതാരം ഒമർ ഫയദ് എക്സ്ട്രാ സമയത്തിന്റെ തുടക്കത്തിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്ത് പോയതോടെ അവർ 10 പേരായി ചുരുങ്ങി. ഇത് മുതലാക്കിയ ഫ്രാൻസ് പിന്നെ ആക്രമണം അഴിച്ചു വിട്ടു. 99 മത്തെ മിനിറ്റിൽ കിലിയൻ സിദിലയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ മറ്റെറ്റ ഫ്രാൻസിനെ മത്സരത്തിൽ ആദ്യമായി മുന്നിൽ എത്തിച്ചു. എക്സ്ട്രാ സമയത്തിന്റെ രണ്ടാം പകുതിയിൽ ഡിസയർ ഡൗയുടെ പാസിൽ നിന്നു ടൂർണമെന്റിലെ താരമായ മൈക്കിൾ ഒലീസ ലിയോണിൽ ഫ്രഞ്ച് ജയം പൂർത്തിയാക്കുക ആയിരുന്നു. മറ്റെറ്റയുടെയും ഒലീസയുടെയും മിന്നും ഫോമാണ് ഫൈനലിൽ സ്പെയിനിന് എതിരെയും ഫ്രഞ്ച് പ്രതീക്ഷ. അതേസമയം വെങ്കല മെഡലിന് ആയുള്ള പോരാട്ടത്തിൽ ഈജിപ്ത്, മൊറോക്കോയെ ആണ് നേരിടുക.

തിരിച്ചു വന്നു മൊറോക്കോയെ വീഴ്ത്തി സ്‌പെയിൻ ഒളിമ്പിക്സ് ഫൈനലിൽ

പാരീസ് ഒളിമ്പിക്സ് ഫുട്‌ബോൾ ഫൈനലിലേക്ക് മുന്നേറി സ്‌പെയിൻ. മൊറോക്കോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ആണ് സ്‌പെയിൻ സ്വർണ മെഡലിന് ആയുള്ള പോരാട്ടത്തിന് ടിക്കറ്റ് എടുത്തത്. ആദ്യ പകുതിയിൽ ആമിർ റിച്ചാർഡ്സനെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ടു 37 മത്തെ മിനിറ്റിൽ സോഫിയാനെ റഹീമിയിലൂടെ മൊറോക്കോ ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. ഒളിമ്പിക്സിൽ താരത്തിന്റെ ആറാം ഗോൾ ആയിരുന്നു ഇത്.

രണ്ടാം പകുതിയിൽ സ്പാനിഷ് തിരിച്ചു വരവ് ആണ് കാണാൻ ആയത്. 65 മത്തെ മിനിറ്റിൽ ലഭിച്ച അവസരത്തിൽ നിന്നു ഇടൻ കാലൻ അടിയിലൂടെ ഗോൾ നേടിയ ബാഴ്‌സലോണ താരം ഫെർമിൻ ലോപ്പസ് സ്‌പെയിനിനെ മത്സരത്തിൽ ഒപ്പം എത്തിച്ചു. താരത്തിന്റെ ഒളിമ്പിക്സിലെ നാലാം ഗോൾ ആയിരുന്നു ഇത്. തുടർന്ന് 85 മത്തെ മിനിറ്റിൽ സ്‌പെയിൻ വിജയഗോൾ കണ്ടെത്തുക ആയിരുന്നു. ഇത്തവണ ഫെർമിൻ ലോപ്പസിന്റെ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ ജുആൻലു സാഞ്ചസ് സ്പെയിനിന് വിജയം സമ്മാനിക്കുക ആയിരുന്നു. ഫൈനലിൽ ഫ്രാൻസ്, ഈജിപ്ത് വിജയിയെ ആണ് സ്‌പെയിൻ നേരിടുക.

3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിൽ അവിനാശ് സാബ്ളേ, അഞ്ചാം സ്ഥാനക്കാരനായി ഫൈനലിലേക്ക് യോഗ്യത!!!

പാരിസ് ഒളിമ്പിക്സിലേ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിൽ അവിനാശ് സാബ്ളേ ഫൈനലിലേക്ക് യോഗ്യത നേടി. മത്സരത്തിന്റെ രണ്ടാം ഹീറ്റ്സിലെ അഞ്ചാം സ്ഥാനക്കാരനായാണ് സാബ്ളേ യോഗ്യത നേടിയത്.

ഓരോ ഹീറ്റ്സിലെയും ആദ്യ അഞ്ച് സ്ഥാനക്കാരാണ് ഫൈനലിലേക്ക് യോഗ്യത നേടുന്നത്. ആദ്യ ലാപ്പുകളിൽ ഒന്നാം സ്ഥാനത്തായിരുന്ന സാബ്ളേ മൂന്ന് റൗണ്ട് ബാക്കിയുള്ളപ്പോള്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവസാന രണ്ട് ലാപ്പിലേക്ക് മത്സരം കടന്നപ്പോള്‍ ഇന്ത്യന്‍ താരം രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.

അവസാന ലാപ്പിലേക്ക് കടന്നപ്പോള്‍ ഇന്ത്യന്‍ താരം മൂന്നാമതായിരുന്നുവെങ്കിലും അഞ്ചാം സ്ഥാനത്ത് താരം ഫിനിഷ് ചെയ്ത് ഫൈനലിലേക്ക് യോഗ്യത നേടി.

ബാഡ്മിന്റൺ രാജാവ്! വീണ്ടും ഒളിമ്പിക് സ്വർണം നേടി വിക്ടർ ആക്സൽസെൻ

തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും സ്വർണം നേടി ഡെന്മാർക്ക് സൂപ്പർ താരം വിക്ടർ ആക്സൽസെൻ. മികച്ച ഫോമിൽ ഫൈനൽ വരെ എത്തിയ തായ്‌ലൻഡ് താരം വിറ്റിസാർനെ ഒരവസരവും നൽകാതെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ആക്സൽസെൻ സ്വർണം നേടിയത്. 21-11, 21-11 എന്ന തീർത്തും ഏകപക്ഷീയമായ മത്സരം ആണ് ഫൈനലിൽ കണ്ടത്.

വിക്ടർ ആക്സൽസെൻ

ഈ ഒളിമ്പിക്സിൽ സെമിഫൈനലിൽ ലക്ഷ്യ സെൻ മാത്രമാണ് ആക്സൽസെന്നിനു അൽപ്പം എങ്കിലും വെല്ലുവിളി ഉയർത്തിയത്. 2016 റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ആക്സൽസെൻ ടോക്കിയോ ഒളിമ്പിക്സിലും പാരീസ് ഒളിമ്പിക്സിലും സ്വർണം നേടി ഇതിഹാസ പദവിയിലേക്ക് ആണ് ഉയരുന്നത്. 30 കാരനായ ആക്സൽസെൻ അടുത്ത ഒളിമ്പിക്സിലും ഒന്നു പൊരുതാൻ ഉറച്ചാവും ഇറങ്ങുക എന്നുറപ്പാണ്.

വിങ്ങലായി നിഷ ദഹിയ!!! 8-1ന് മുന്നിട്ട് നിന്ന ശേഷം തോൽവി, വില്ലനായത് പരിക്ക്

നോര്‍ത്ത് കൊറിയയുടെ സോള്‍ പാകിനോട് 8-10ന് തോൽവിയേറ്റ് വാങ്ങി ഇന്ത്യയുടെ നിഷ ദഹിയ. വനിതകളുടെ 68 കിലോ ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി മത്സരത്തിലായിരുന്നു ഇന്ത്യയുടെ ഹൃദയഭേദകമായ തോൽവി. മത്സരത്തിൽ നിഷ ഒരു ഘട്ടത്തിൽ 8-2ന് മുന്നിലായിരുന്നുവെങ്കിലും അവിടെ നിന്ന് താരം വേദന കടിച്ചമര്‍ത്തി പൊരുതിയെങ്കിലും അവസാന നിമിഷം തോൽവിയിലേക്ക് വീഴുകയായിരുന്നു.

ആദ്യ പിരീഡ് അവസാനിക്കുമ്പോള്‍ നിഷ 4-0ന് മുന്നിലായിരുന്നു. രണ്ടാം പിരീഡിൽ നോര്‍ത്ത് കൊറിയന്‍ താരം ആദ്യ പോയിന്റ് നേടിയെങ്കിലും നിഷ വീണ്ടും രണ്ട് ടെക്നിക്കൽ പോയിന്റ് നേടി 6-1ന് മുന്നിലെത്തി. മത്സരം അവസാന മിനുട്ടിലേക്ക് കടന്നപ്പോള്‍ ഇന്ത്യന്‍ താരത്തിന് 8-1ന്റെ ലീഡായിരുന്നു കൈവശമുണ്ടായിരുന്നത്.

എന്നാൽ പരിക്ക് താരത്തിന്റെ മേൽക്കൈ നഷ്ടപ്പെടുത്തുന്നതാണ് മത്സരത്തിൽ കണ്ടത്. അവസാന 40 സെക്കന്‍ഡിൽ 6 പോയിന്റുകളുമായി വടക്കന്‍ കൊറിയന്‍ താരം ഒപ്പത്തിനൊപ്പമെത്തി. 12 സെക്കന്‍ഡുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ വീണ്ടും താരത്തിനെ പരിക്ക് അലട്ടിയപ്പോള്‍ അവസാന സെക്കന്‍ഡിൽ 10-8ന് കൊറിയന്‍ താരം വിജയം നേടി.

നിഷ ദഹിയയുടെ മികവുറ്റ തിരിച്ചുവര്!!! ക്വാര്‍ട്ടറിലെത്തി താരം

വനിത ഗുസ്തിയിൽ ഇന്ത്യയുടെ പ്രതീക്ഷയായി നിഷ ദഹിയ. മുന്‍ യൂറോപ്യന്‍ ചാമ്പ്യന്‍ ഉക്രൈന്റെ ടെറ്റിയാന റിസ്ഖോയ്ക്കെതിരെ 6-4 എന്ന സ്കോറിനാണ് നിഷയുടെ വിജയം. ആദ്യ പിരീഡിൽ 1-4ന് ഇന്ത്യന്‍ താരം പുറകിലായിരുന്നുവെങ്കിലും രണ്ടാം പിരീഡിലെ 5 പോയിന്റാണ് താരത്തിനെ വിജയത്തിലേക്ക് നയിച്ചത്.

വനിതകളുടെ 68 കിലോ ഫ്രീ സ്റ്റൈൽ വിഭാഗത്തിലാണ് നിഷ ഇന്ത്യയുടെ പ്രതീക്ഷയായി നിലകൊള്ളുന്നത്.

വീണ്ടും മെഡൽ അവസരം നഷ്ടപ്പെടുത്തി ലക്ഷ്യ സെൻ!! നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടാം

പാരീസ് ഒളിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ വെങ്കല മെഡൽ നഷ്ടപ്പെടുത്തി. ഇന്ന് നടന്ന മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ മലേഷ്യയുടെ ലി സി ജിയയോട് ആണ് ലക്ഷ്യ സെൻ തോറ്റത്. 21-13, 21-16, 21-11 എന്നായിരുന്നു സ്കോർ.

ലക്ഷ്യ സെൻ

ഒളിമ്പിക്സിൽ പുരുഷ ബാഡ്മിന്റൺ സിംഗിൾസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറാനുള്ള അവസരമാണ് ഇതോടെ ലക്ഷ്യ സെന്നിന് നഷ്ടമായത്. ഇന്നലെ സെമി പോരാട്ടത്തിൽ വിക്ടർ ആക്സൽസെന്നിനെതായ തോൽവിയുടെ നിരാശയുടെ തുടർച്ചയായി ഈ തോൽവി.

ആദ്യ ഗെയിമിൽ തുടക്കം മുതൽ ലക്ഷ്യ സെൻ ആധിപത്യം പുലർത്തി. 21-13ന് ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിലും ലക്ഷ്യ നന്നായി തുടങ്ങി. 8-3ന്റെ ലീഡിൽ നിന്ന് ലക്ഷ്യ സെൻ 12-8ന് പിറകിലേക്ക് പോയി. 9 തുടർ പോയിന്റുകൾ ആണ് മലേഷ്യൻ താരം നേടിയത്. 12-8 എന്ന സ്കോറിൽ നിന്ന് ലക്ഷ്യസെൻ തിരിച്ചുവരവ് തുടങ്ങി. എന്നാൽ അവസാനം 21-16ന് സി ജിയ ലീ ഗെയിം സ്വന്തമാക്കി‌.

മൂന്നാം ഗെയിമിൽ ലക്ഷ്യ സെൻ തീർത്തും പരാജിതനെ പോലെയാണ് കളിച്ചത്‌. തുടക്കത്തിൽ തന്നെ പോയിന്റുകൾ നഷ്ടപ്പെടുത്തി. 9-2ന് ലീ മുന്നിലെത്തി. ലക്ഷ്യ സെൻ പൊരുതി നോക്കി എങ്കിലും കാര്യം ഉണ്ടായില്ല.‌ 21-10ന് ജയിച്ച് മലേഷ്യ വെങ്കലം സ്വന്തമാക്കി‌.

Exit mobile version