കോവിഡ് – ടോക്കിയോ ഒളിമ്പിക്സിൽ കാണികൾ ഉണ്ടാവില്ല!

2020 ടോക്കിയോ ഒളിമ്പിക്‌സിൽ കാണികളെ അനുവദിക്കില്ല എന്നു അറിയിച്ചു ജപ്പാൻ ഒളിമ്പിക് മന്ത്രി. ഇന്ന് കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച ജപ്പാൻ സർക്കാർ കാണികളുടെ സാന്നിധ്യം ഉണ്ടാവില്ല എന്നു പ്രഖ്യാപിക്കുക ആയിരുന്നു. കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ ജപ്പാനിൽ സ്റ്റേറ്റ് ഓഫ് എമർജൻസിയും ഇന്ന് പ്രഖ്യാപിച്ചിരുന്നു. ജപ്പാനിൽ പുതിയ കോവിഡ് കേസുകൾ കൂടുന്നതിന് ഒപ്പം പുതിയ ഡെൽറ്റ വൈറസ് സാന്നിധ്യവും കണ്ടത്തിയിരുന്നു. നേരത്തെ തന്നെ വിദേശ ആരാധകർക്ക് ജപ്പാൻ ഒളിമ്പിക്സിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.

അതേസമയം ടോക്കിയോക്ക് പുറത്ത് നടക്കുന്ന ചില ഇനങ്ങളിൽ ചെറിയ വിഭാഗം കാണികളെ അനുവദിക്കും. 15 ശതമാനം ആളുകൾ മാത്രം ആണ് ജപ്പാനിൽ ഇത് വരെ പൂർണമായും വാക്സിനേഷനു വിധേയരായത്. മുമ്പ് തന്നെ ജപ്പാൻ ഒളിമ്പിക്സ് നടത്തരരുത് എന്ന ആവശ്യം പല വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു. അവരുടെ ആവശ്യങ്ങൾ പരിഗണിച്ച് ആണ് കാണികളെ അനുവദിക്കണ്ട എന്ന തീരുമാനം ജപ്പാൻ എടുക്കുന്നത്. അതേസമയം ഇതിനകം തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉള്ള അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കും ടോക്കിയോ ഒളിമ്പിക് പ്രതിനിധികൾക്കും കാണികളുടെ അഭാവം വലിയ തിരിച്ചടി ആവും. ജൂലൈ 23 നു ആണ് ആഗസ്റ്റ് 8 നു വരെ നീണ്ടു നിൽക്കുന്ന ടോക്കിയോ ഒളിമ്പിക്സ് തുടങ്ങുക.

ഒളിമ്പിക്സ് സംഘത്തിൽ നിന്ന് പുല്ലേല ഗോപിചന്ദ് പിന്മാറി

ഇന്ത്യയുടെ ഒളിമ്പിക്സിനുള്ള ബാഡ്മിന്റൺ സംഘത്തിൽ നിന്ന് ദേശീയ കോച്ച് പുല്ലേല ഗോപിചന്ദ് പിന്മാറി. സായി പ്രണീതിന്റെ ഇന്തോനേഷ്യന്‍ കോച്ച് ആയ ആഗസ് ഡ്വി സാന്റോസയ്ക്ക് സ്ഥാനം ലഭിയ്ക്കുവാന്‍ വേണ്ടിയാണ് ഈ തീരുമാനം. മൂന്ന് കോച്ചുമാര്‍ക്ക് മാത്രമാണ് സംഘത്തിനൊപ്പം യാത്രയാകുവാനുള്ള അവസരമുള്ളത്. അതിൽ സിന്ധുവിന്റെയും പ്രണീതിന്റെയും പിന്നെ ഡബിള്‍സ് ടീമിന്റെയും കോച്ചുമാര്‍ താരങ്ങള്‍ക്കൊപ്പം പോകുന്നതിനായി ആണ് ഗോപിചന്ദിന്റെ ഈ പിന്മാറ്റം.

താന്‍ പോകുന്ന പക്ഷം ഒരു താരത്തിന്റെ കോച്ചിന് താരത്തിനൊപ്പം യാത്രയാകാനാകില്ലെന്നത് ഒഴിവാക്കുവാന്‍ ഗോപിചന്ദ് എടുത്ത നിലപാട് മികച്ചതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ഒളിമ്പിക്‌സിൽ റോജർ ഫെഡറർ ഉണ്ടാവും, ഫെഡററെ ഉൾപ്പെടുത്തി സ്വിസ് ടീം പ്രഖ്യാപിച്ചു

ടോക്കിയോ ഒളിമ്പിക്‌സിൽ ഇതിഹാസ താരം റോജർ ഫെഡറർ ഉണ്ടാവും. ഫെഡററെ ഉൾപ്പെടുത്തി സ്വിസ് ഒളിമ്പിക് അസോസിയേഷൻ അവരുടെ ഒളിമ്പിക് ടീം പുറത്ത് വിട്ടതോടെയാണ് ഫെഡറർ ഒളിമ്പിക്സ് കളിക്കും എന്നുറപ്പായത്. ഫെഡററിന്റെ മൂന്നാം ഒളിമ്പിക്സ് ആയിരിക്കും ഇത്. 2008 ബെയിജിങ്, 2012 ലണ്ടൻ ഒളിമ്പിക്‌സിൽ പങ്കെടുത്ത ഫെഡറർക്ക് 2016 ലെ റിയോ ഒളിമ്പിക്‌സിൽ പരിക്ക് മൂലം പങ്കെടുക്കാൻ ആയിരുന്നില്ല. 2008 ൽ വാവറിങ്കക്ക് ഒപ്പം ഡബിൾസിൽ സ്വർണ മെഡൽ നേടിയ ഫെഡറർ 2012 ൽ സിംഗിൾസിൽ വെള്ളി മെഡലും നേടി.

മൂന്നു പേർ അടങ്ങുന്ന സ്വിസ് ഒളിമ്പിക് ടെന്നീസ് ടീമിൽ ഫെഡറർ മാത്രമാണ് ഏക പുരുഷ താരം. ഫെഡറർക്ക് പുറമെ ബലിന്ത ബെനചിച്, വികോറിയ ഗോലുബിക് എന്നിവർ ആണ് സ്വിസ് ടെന്നീസ് ടീമിൽ ഉള്ളത്. ഇവർ സിംഗിൾസിലും വനിത ഡബിൾസിലും പങ്കെടുക്കും. ഒളിമ്പിക്സ് അവസാനിക്കുമ്പോൾ 40 വയസ്സ് ആവുന്ന ഫെഡറർ ഇത് വരെ കൈവരിക്കാൻ ആവാത്ത ഒളിമ്പിക് സ്വർണം എന്ന സ്വപ്നം ആണ് ടോക്കിയോയിൽ പിന്തുടരുക. 116 അംഗങ്ങൾ അടങ്ങിയ ടീം ആണ് സ്വിസർലൻഡിനെ പ്രതിനിധീകരിച്ച് ടോക്കിയോ ഒളിമ്പിക്‌സിൽ ഇറങ്ങുക. സ്വിസ് ചരിത്രത്തിലെ ഏറ്റവും വലിയ ഒളിമ്പിക് ടീം ആണ് ഇത്.

ഒളിമ്പിക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിത നീന്തൽ താരമായി മന്ന പട്ടേൽ

ടോക്കിയോ ഒളിമ്പിക്സ് 2020 ൽ ഇന്ത്യക്ക് ആയി 100 മീറ്റർ ബാക്സ്ട്രോക്ക് വിഭാഗത്തിൽ മത്സരിക്കാൻ യോഗ്യത നേടി മന്ന പട്ടേൽ. യൂണിവേഴ്‌സിറ്റി ക്വാട്ടയിലൂടെയാണ് താരം ഒളിമ്പിക് യോഗ്യത നേടിയത് എന്നു ഇന്ത്യൻ സ്വിമിങ് അസോസിയേഷൻ അറിയിച്ചു. 21 കാരിയായ മന്ന പട്ടേൽ ഗുജറാത്തിൽ നിന്നുള്ള നീന്തൽ താരമാണ്.

ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യത്തെ വനിത നീന്തൽ താരമാണ് മന്ന പട്ടേൽ. മൂന്നാമത്തെ ഇന്ത്യൻ നീന്തൽ താരവും. നേരത്തെ മലയാളി നീന്തൽ താരം സാജൻ പ്രകാശ് 200 മീറ്റർ ബട്ടർ ഫ്ലെ വിഭാഗത്തിലും ശ്രീ ഹരി നടരാജ് 100 മീറ്റർ ബാക്സ്ട്രോക്ക് വിഭാഗത്തിലും ഒളിമ്പിക് യോഗ്യത നേടിയിരുന്നു.

400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക് യോഗ്യത നേടി എം.പി ജാബിർ, 100, 200 മീറ്ററിൽ ദുത്തി ചന്ദിനും യോഗ്യത

ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടി മലപ്പുറത്തിന്റെ സ്വന്തം എം.പി ജാബിർ. 400 മീറ്റർ ഹർഡിൽസിൽ ആണ് ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥൻ കൂടിയായ ജാബിർ ഒളിമ്പിക് യോഗ്യത നേടുന്നത്. സാക്ഷാൽ പി.ടി ഉഷക്ക് ശേഷം 400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ അത്ലറ്റ് കൂടിയായി എം.പി ജാബിർ. പട്യാലയിൽ ഈ അടുത്ത് നടന്ന ഇന്റർ സ്റ്റേറ്റ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 49.78 സെക്കന്റിൽ റേസ് പൂർത്തിയാക്കിയ ജാബിർ സ്വർണ മെഡൽ നേടിയിരുന്നു. ഇതോടെ റാങ്കിങ് ക്വാട്ടയിലൂടെ 14 മത് ആയാണ് താരം ഒളിമ്പിക് യോഗ്യത സ്വന്തമാക്കിയത്. 25 കാരനായ ജാബിർ 40 പേർ യോഗ്യത നേടുന്ന 400 മീറ്റർ ഹർഡിൽസിൽ നിലവിൽ 34 മത്തെ റാങ്കിൽ ആണ്. കോവിഡ് കാരണം 2019 നു ശേഷം ജാബിർ പങ്കെടുക്കുന്ന ആദ്യ മത്സരം ആയിരുന്നു പട്യാലയിൽ നടന്നത്. മുമ്പ് ഒളിമ്പിക് മെഡൽ നേരിയ വ്യത്യാസത്തിൽ നഷ്ടമായ സാക്ഷാൽ പി.ടി ഉഷയുടെ പാരമ്പര്യം കാത്ത് സൂക്ഷിക്കാൻ തന്നെയാവും ജാബിർ ടോക്കിയോയിൽ ഇറങ്ങുക.

ഇന്ത്യയുടെ സൂപ്പർ സ്പ്രിന്റർ ആയ ദുത്തി ചന്ദും റാങ്കിംഗിലൂടെ തന്നെ 100, 200 മീറ്റർ സ്പ്രിന്റിൽ ടോക്കിയോ ഒളിമ്പിക് യോഗ്യത നേടി. നേരിയ വ്യത്യാസത്തിൽ നേരിട്ട് യോഗ്യത നേടാൻ സാധിക്കാത്ത ദുത്തി 100 മീറ്ററിലെ 22, 200 മീറ്ററിലെ 15 യോഗ്യത സ്ഥാനങ്ങളിൽ ഒന്നു റാങ്കിങ്ങിലൂടെ സ്വന്തമാക്കി. 25 കാരിയായ ദുത്തി 100 മീറ്ററിലെ ഇന്ത്യൻ ദേശീയ റെക്കോർഡ് നേട്ടത്തിനും ഉടമയാണ്. ഒളിമ്പിക്‌സിൽ നന്നായി ചെയ്യുക എന്നത് തന്നെയാവും ഒറീസക്കാരിയായ ദുത്തിയുടെ ലക്ഷ്യം. അതേസമയം ജാവലിൻ ത്രോയിൽ അനു റാണിയും ഒളിമ്പിക് യോഗ്യത നേട്ടം കൈവരിച്ചു. ജാവലിൻ ത്രോയിൽ ടോക്കിയോയിൽ മികവ് കാണിക്കാൻ ആവും അനുവിന്റെ ലക്ഷ്യം. 4×400 മീറ്ററിൽ ഇന്ത്യയുടെ പുരുഷ ടീമും ഒളിമ്പിക് യോഗ്യത കൈവരിച്ചു.

ഒളിമ്പിക്‌സിൽ നിന്നു പിന്മാറി സിമോണ ഹാലപ്പും, പ്രമുഖ താരങ്ങളുടെ പിന്മാറൽ തുടർക്കഥ

ഒളിമ്പിക്‌സിൽ നിന്നു പിന്മാറി ലോക രണ്ടാം നമ്പർ താരവും റൊമാനിയൻ താരവും ആയ സിമോണ ഹാലപ്പ്. പരിക്ക് കാരണം നേരത്തെ ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ എന്നിവയിൽ നിന്നു പിന്മാറിയ ഹാലപ്പ് സാമൂഹിക മാധ്യമങ്ങൾ വഴി ആണ് വാർത്ത പുറത്ത് വിട്ടത്. തന്റെ ജീവിതത്തിൽ റൊമാനിയക്ക് ആയി കളിക്കുന്നതിലും വലിയ സന്തോഷം ഒന്നുമില്ലെന്ന്‌ പറഞ്ഞ ഹാലപ്പ് തീരുമാനത്തിൽ കടുത്ത നിരാശയും ദുഃഖവും പങ്ക് വച്ചു. എന്നാൽ തന്റെ കാഫ് ഇഞ്ച്വറി ഇനിയും ഭേദമാകാത്തതിനാൽ ഈ തീരുമാനം എടുക്കാൻ താൻ നിർബന്ധിത ആയതായി ഹാലപ്പ് പറഞ്ഞു.

വലിയ തിരിച്ചു വരവ് നടത്താൻ പറ്റും എന്ന പ്രത്യാശ പങ്കു വച്ച ഹാലപ്പ് റൊമാനിയൻ താരങ്ങൾക്ക് ആയി താൻ വീട്ടിലിരുന്ന് കയ്യടിക്കും എന്നും കൂട്ടിച്ചേർത്തു. ബ്രിട്ടീഷ് ഒന്നാം നമ്പർ താരം യൊഹാന കോന്റ തന്റെ പരിശീലക സംഘത്തിൽ ഒരാൾക്ക് ഉണ്ടായ പരിക്ക് കാരണം നേരത്തെ വിംബിൾഡണിൽ നിന്നു പിന്മാറിയ വാർത്തക്ക് പുറകെയാണ് ഈ വാർത്ത വന്നത്. റാഫേൽ നദാൽ, ഡൊമനിക് തീം തുടങ്ങി പ്രമുഖതാരങ്ങളുടെ ഒളിമ്പിക് പിന്മാറ്റത്തിനു പിറകെയാണ് ഹാലപ്പിന്റെ വാർത്ത വന്നത്. കോവിഡ് അസാധാരണ സാഹചര്യത്തിൽ വലിയ ബുദ്ധിമുട്ട് ക്വാരന്റീൻ, ബയോ ബബിൾ തുടങ്ങി വലിയ ബുദ്ധിമുട്ട് നേരിടുന്ന കൂടുതൽ താരങ്ങൾ ഒളിമ്പിക് കളിക്കാതെ പിന്മാറാൻ ഇനിയും സാധ്യതയുണ്ട്.

ചരിത്രം എഴുതി സാജൻ പ്രകാശ്, നീന്തലിൽ ഒളിമ്പിക്‌സിലേക്ക് ‘എ കട്ട്’ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരം

2020 ടോക്കിയോ ഒളിമ്പിക്‌സിലേക്ക് റോമിൽ നടന്ന യോഗ്യതയിൽ യോഗ്യത നേടി മലയാളി നീന്തൽ താരം സാജൻ പ്രകാശ്. 200 മീറ്റർ ബട്ടർ ഫ്ലെ ഇനത്തിൽ ആണ് സാജൻ യോഗ്യത നേടിയത്. 1.56.38 മിനിറ്റിൽ റോമിൽ നീന്തൽ പൂർത്തിയാക്കിയ സാജൻ ആദ്യ സ്ഥാനത്ത് എത്തുകയും ചെയ്തു. ടോക്കിയോ ഒളിമ്പിക്സ് യോഗ്യത ആയ 1.56.48 മിനിറ്റിനെക്കാൾ വളരെ മികച്ച സമയം തന്നെയാണ് സാജൻ കുറിച്ചത്. ഒളിമ്പിക് എ കട്ട് യോഗ്യത നേടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ നീന്തൽ താരമായും സാജൻ ഇതോടെ മാറി.

തന്റെ പേരിലുള്ള ഈ ഇനത്തിലെ ദേശീയ റെക്കോർഡും സാജൻ ഇതോടെ മറികടന്നു. 2016 റിയോ ഒളിമ്പിക്‌സിലും മത്സരിച്ച സാജൻ കൂടുതൽ മികച്ച പ്രകടനം ആണ് ടോക്കിയോ ഒളിമ്പിക്‌സിൽ ലക്ഷ്യം വക്കുന്നത്. അതേസമയം 100 മീറ്റർ ബാക് സ്ട്രോക്കിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം ശ്രീഹരി നടരാജ് എ കട്ട് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടു. വേണ്ട സമയത്തിന് വെറും 0.05 സെക്കന്റ് കൂടുതൽ സമയം ആണ് ശ്രീഹരി എടുത്തത്. നിർഭാഗ്യം കൊണ്ടു ഇത്തവണ നേടാൻ ആവാത്ത യോഗ്യത നേടി ഒളിമ്പിക്സിൽ മത്സരിക്കാൻ ആവും ശ്രീഹരി വരും ദിനങ്ങളിൽ ശ്രമിക്കുക.

10,000 മീറ്റർ ഓട്ടത്തിൽ ഒളിമ്പിക് യോഗ്യത നേടാൻ ആവാതെ ഇതിഹാസ താരം മോ ഫറ

2020 ടോക്കിയോ ഒളിമ്പിക്സിലേക്ക് 10,000 മീറ്റർ ഓട്ടത്തിൽ യോഗ്യത നേടാൻ ആവാതെ ഇതിഹാസ ബ്രിട്ടീഷ് താരവും മുൻ ഒളിമ്പിക് സ്വർണ മെഡൽ ജേതാവും ആയ മോ ഫറ. 2012 ലണ്ടൻ, 2016 റിയോ ഒളിമ്പിക്സുകളിൽ 10,000 മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ ജേതാവ് ആയ നിലവിലെ ഒളിമ്പിക് ജേതാവ് മോ ഫറക്ക് ഒളിമ്പിക്സ് യോഗ്യതക്ക് വേണ്ട സമയത്തിൽ ഓട്ടം പൂർത്തിയാക്കാൻ ആയില്ല. പ്രത്യേകമായി മാഞ്ചസ്റ്ററിൽ നടത്തിയ ബ്രിട്ടീഷ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഒന്നാമത് എത്തിയെങ്കിലും ഫറക്ക് ഒളിമ്പിക് യോഗ്യത സമയം ഭേദിക്കാൻ ആയില്ല. 27 മിനിറ്റ് 28 സെക്കന്റ് ആണ് 10,000 മീറ്ററിലെ ഒളിമ്പിക് യോഗ്യത സമയം അതേസമയം ഫറ 27 മിനിറ്റു 47 സെക്കന്റ് എടുത്തു മാത്രമാണ് ഓട്ടം പൂർത്തിയാക്കിയത്. കണങ്കാലിന് ഏറ്റ പരിക്ക് വകവെക്കാതെ ആണ് ഫറ ഓട്ടത്തിന് ഇറങ്ങിയത്.

ടോക്കിയോ ഒളിമ്പിക് യോഗ്യതക്ക് ആയി ഫറക്ക് ലഭിച്ച അവസാന അവസരം ആയിരുന്നു ഇത്. ഇതോടെ 38 കാരനായ ഇതിഹാസ താരം ടോക്കിയോ ഒളിമ്പിക്സിൽ തന്റെ സ്വർണ മെഡൽ നേട്ടം ആവർത്തിക്കാൻ ഉണ്ടാവില്ല എന്നുറപ്പായി. തന്റെ എല്ലാം മറന്നു ശ്രമിച്ചു എങ്കിലും ഒളിമ്പിക് യോഗ്യത നേടാൻ ആവാത്തത് താരത്തിന് നിരാശ സമ്മാനിച്ചു. 2012, 2016 ഒളിമ്പിക്സിൽ 5,000 മീറ്ററിലും സ്വർണ മെഡൽ ജേതാവ് ആയിരുന്നു മോ ഫറ. ഇതോടെ താരത്തിന്റെ അവസാനത്തെ പ്രകടനം ആയി മാറുമോ മാഞ്ചസ്റ്ററിലേത് എന്ന സംശയം പലരും ഉയർത്തുന്നുണ്ട്. അതേ സമയം ഓട്ടത്തിന് ശേഷം നൽകിയ അഭിമുഖത്തിൽ വിരമിക്കലിനെ കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി ഫറ നൽകിയില്ല. പ്രയാസമുള്ള തീരുമാനം ആയിരിക്കും അത് എന്നു പറഞ്ഞ ഫറ ഇന്നത്തെ പ്രകടനം അത്ര മികച്ചത് അല്ല എന്നും കൂട്ടിച്ചേർത്തു. മികച്ചവരും ആയി മത്സരിക്കാൻ ആവില്ലെങ്കിൽ താൻ കരിയർ തുടരില്ല എന്ന സൂചനയും ഫറ നൽകി. ഒപ്പം ഇത്രയും ദീർഘ കരിയർ ലഭിച്ചത് ഭാഗ്യം ആണെന്നും ഇതിഹാസ താരം കൂട്ടിച്ചേർത്തു.

ആന്റി മറെയെ ഉൾപ്പെടുത്തി ബ്രിട്ടീഷ് ടെന്നീസ് ഒളിമ്പിക് ടീം പ്രഖ്യാപിച്ചു

ബ്രിട്ടന്റെ ഒളിമ്പിക് ടെന്നീസ് ടീമിൽ ഉൾപ്പെട്ടു മുൻ ഗ്രാന്റ് സ്‌ലാം ജേതാവും രണ്ടു തവണ ഒളിമ്പിക് സുവർണ മെഡൽ ജേതാവും ആയ ആന്റി മറെ. 2012 ൽ ലണ്ടനിൽ റോജർ ഫെഡററെ വീഴ്ത്തി സ്വർണ മെഡൽ നേടിയ മറെ 2016 ൽ റിയോയിൽ അർജന്റീനയുടെ യുവാൻ ഡെൽ പോർട്ടോയെ മറികടന്നു നേട്ടം ആവർത്തിച്ചിരുന്നു. 34 കാരനായ ആന്റി മറെ പരിക്ക് കാരണം കളത്തിൽ നിന്നു പലപ്പോഴും പുറത്ത് ആണ്. സമീപകാലത്ത് തിരിച്ചു വന്ന താരം നിലവിൽ 119 റാങ്കുകാരൻ ആണ്. റാങ്കിംഗിൽ പിന്നിൽ ആണെങ്കിലും മുൻ ഒളിമ്പിക് ജേതാക്കൾക്ക് ഇളവ് ലഭിക്കുന്നത് കൊണ്ടാണ് മറെ ഒളിമ്പിക് ടീമിൽ ഇടം പിടിച്ചത്. അതേസമയം തിങ്കളാഴ്ച തുടങ്ങുന്ന വിംബിൾഡണിൽ വൈൽഡ് കാർഡ് ആയി യോഗ്യതയും നേടിയിട്ടുണ്ട് രണ്ടു തവണ വിംബിൾഡൺ ജേതാവ് ആയ മറെ. നിലവിൽ മൂന്നാം റാങ്കുകാരൻ ആയ സ്പാനിഷ് താരം റാഫേൽ നദാൽ, അഞ്ചാം റാങ്കുകാരൻ ആയ ഓസ്ട്രിയയുടെ ഡൊമനിക് തീം, പന്ത്രണ്ടാം റാങ്കുകാരൻ ആയ കാനഡയുടെ ഡെന്നിസ് ഷപോവലോവ് എന്നിവർ ഒളിമ്പിക്സിൽ നിന്നു പിന്മാറിയിട്ടുണ്ട്. ചിലപ്പോൾ കൂടുതൽ താരങ്ങൾ സമാനമായ പാത സ്വീകരിക്കാനും സാധ്യതയുണ്ട്.

ജൂലൈ 23 നു തുടങ്ങി ആഗസ്റ്റ് 8 നു അവസാനിക്കുന്ന വിധം ആണ് ടോക്കിയോ 2020 ഒളിമ്പിക്‌സിന്റെ മത്സരാക്രമം. സ്‌കോട്ട്‌ലൻഡുകാരനായ മറെക്ക് ഒപ്പം ആറു പേർ അടങ്ങുന്ന മികച്ച ടീമാണ് ബ്രിട്ടന്റെ ടെന്നീസ് ടീം. 2 വിംബിൾഡൺ അടക്കം 3 ഗ്രാന്റ് സ്‌ലാം കിരീടങ്ങളും 11 ഗ്രാന്റ് സ്‌ലാം ഫൈനലും കളിച്ച മറെക്ക് ഒപ്പം നിലവിലെ ബ്രിട്ടീഷ് ഒന്നാം നമ്പർ ആയ ഡാൻ ഇവാൻസും പുരുഷ സിംഗിൾസ് കളിക്കും. വനിതാ സിംഗിൾസിൽ യൊഹാന കോന്റ, ഹെതർ വാട്സൻ എന്നിവർ കളിക്കുമ്പോൾ ഇവർ തന്നെ വനിത ഡബിൾസിലും ബ്രിട്ടനെ പ്രതിനിധീകരിക്കും. അതേസമയം ആന്റി മറെയുടെ സഹോദരൻ ടീമിൽ ഇടം പിടിച്ചിട്ടില്ല. അതിനാൽ തന്നെ പുരുഷ ഡബിൾസിൽ ആന്റി മറെ ജോ സാൽസ്‌ബറിക്ക് ഒപ്പം കളിക്കുമ്പോൾ ഡാൻ ഇവാൻസ് നീൽ സ്കുപ്സ്കിക്ക് ഒപ്പം ഇറങ്ങും. പേപ്പറിൽ ശക്തമായ ടീമിന് ടോക്കിയോയിൽ എന്തെങ്കിലും ചെയ്യാൻ ആവുമോ എന്നു കണ്ടറിയാം. ഒപ്പം ഒരിക്കൽ കൂടി ഒളിമ്പിക്സിന്റെ വലിയ വേദിയിൽ ആദ്യമായി 2 ഒളിമ്പിക് സ്വർണ മെഡലുകൾ നേടിയ പുരുഷ താരമായ ആന്റി മറെ അത്ഭുതം കാണിക്കുമോ എന്നും കാത്തിരുന്നു കാണാം. നാലാം ഒളിമ്പിക്സ് ആറു മറെക്ക് ടോക്കിയോയിലേത്.

ഒളിമ്പിക് ദിനാഘോഷങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നടത്തപ്പെട്ടു


ഒളിമ്പിക് ദിനാഘോഷങ്ങളുടെ ഉദ്ഘാടനവും ഒളിമ്പിക് വേവ് എന്ന ബഹുജനപങ്കാളിത്ത പരിപാടിയുടെ സമാരംഭവും ബഹുമാനപെട്ട കേരളാ ഗവര്‍ണ്ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍ അവര്‍കള്‍ നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങില്‍ കേരളത്തിന്റെ കായിക വകുപ്പ് മന്ത്രി ശ്രീ.അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ സ്വാഗതം ആശംസിച്ച കേരളാ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റ് ശ്രീ .വി സുനില്‍ കുമാര്‍ തന്റെ സ്വാഗതപ്രസംഗത്തില്‍ ഇന്നത്തെ ഒളിമ്പിക് ദിനത്തിന്റെ പ്രത്യേകതയെപ്പറ്റി പ്രസ്താവിച്ചു

ശ്രീ. ജേക്കബ് പുന്നൂസ് ഐ.പി.എസ് (മുന്‍ പോലീസ് ചീഫ് , 35 ആം നാഷണല്‍ ഗെയിംസ്‌ന്റെ അമരക്കാരന്‍ , ചെയര്‍മാന്‍ ഒളിമ്പിക് വേവ് കമ്മിറ്റി ) അവര്‍കള്‍ ഒളിമ്പിക് ദിനാഘോഷത്തെപ്പറ്റിയും ഒളിമ്പിക് വേവ് ന്റെ സംരംഭ പരിപാടിക ളെ സംബന്ധിച്ചും മുഖ്യ പ്രഭാക്ഷണം നടത്തി. ഈ പ്രത്യേക സാഹചര്യത്തില്‍ വ്യായാമത്തിന്റെയും ആരോഗ്യത്തിന്റെയും ആവശ്യകതയെപറ്റി അദ്ദേഹം സൂചിപ്പിച്ചു. കായിക മന്ത്രി അധ്യക്ഷ പ്രസംഗത്തില്‍ ഒളിമ്പിക് ദിനത്തിന്റെ പ്രത്യേകതയെപ്പറ്റിയും കേരളാ കായിക താരങ്ങളുടെ ദേശീയ , അന്തര്‍ദേശീയ മത്സരങ്ങളില്‍ കാട്ടുന്ന മികവിനെ പറ്റിയും സംസാരിച്ചു. വരുംദിനങ്ങളില്‍ കായിക കേരളത്തിന്റെ വികസനത്തിനായി സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് സൂചിപ്പിച്ചു.

ചടങ്ങിന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ബഹുമാനപെട്ട പ്രസിഡന്റ് ഡോ നരേന്ദര്‍ ധ്രുവ് ബത്ര അവര്‍കള്‍ ആശംസ അര്‍പ്പിച്ചു. കേരളാ ഒളിമ്പിക് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു . ഒളിമ്പിക് വേവ് എന്ന ബഹുജന പ്രാധാന്യമുള്ള പരിപാടിക്ക് എല്ലാവിധ ആശംസകളും അറിയിച്ചു. ബഹുമാനപെട്ട ഗവര്‍ണ്ണര്‍ ഉദ്ഘാടനപ്രസംഗത്തില്‍ ഈ ഓണ്‍ലൈന്‍ ഒളിമ്പിക് ദിനാഘോഷങ്ങള്‍ നടക്കുന്നതു വളരെ പ്രാധാന്യമുള്ള സമയത്താണ് എന്ന് അഭിപ്രായപ്പെട്ടു. എന്തെന്നാല്‍ ടോക്കിയോ ഒളിമ്പിക് മത്സരങ്ങളും ഒരു മാസത്തിനു ശേഷം ആരംഭിക്കുന്നു.
മോഡേണ്‍ ഒളിമ്പിക് ദിനത്തിന്റെ പിറവിയെ അനുസ്മരിക്കുന്ന ഈ ആഘോഷ വേളയില്‍ എല്ലാവരെയും ഏതെങ്കിലും പുതിയ കായിക പരിപാടിയുമായി മുന്നോട് പോകുവാന്‍ ആഹ്വാനം ചെയ്തു.

1987 മുതല്‍ ഒളിമ്പിക് റണ്‍ വ്യാപകമായി ലോകത്തെല്ലായിടത്തും നടത്തിവന്നു , കോവിഡ് 19 എന്ന മഹാമാരി കടന്നുവന്നതുവരെ .
ലോകത്തിന്റെ മുഴുവന്‍ ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും ശക്തി കാട്ടികൊടുക്കുന്നതാണ് ഒളിമ്പിക് ദിനാഘോഷങ്ങളുടെ സവിശേഷത .
ഈ വര്‍ഷം കേരളാ ഒളിമ്പിക് അസോസിയേഷന്‍ ഒളിമ്പിക് വേവ് എന്ന പുതുമയുള്ള , ദീര്‍ഘവീക്ഷണത്തോടുകൂടി ആരംഭിക്കുന്ന പരുപാടിയില്‍ താന്‍ തികച്ചും സന്തുഷ്ടനാണ് എന്ന് അദ്ദേഹം പറഞ്ഞു . ഈ കോവിഡ് മഹാമാരിയുടെ കാലത്തു ജനങ്ങള്‍ക് ധൈര്യമായി അതിനെ നേരിടുവാനും അതുവഴി ശക്തമായ ഒരു സമൂഹത്തെ പടുത്തുയര്‍ത്തുവാനും പ്രസ്തുത കായിക പദ്ധതിയ്ക്കു കഴിയുമെന്ന് പ്രത്യാശിക്കുന്നു . പ്രധാനമായും മുതിര്‍ന്ന പൗരന്മാര്‍ക്കു ആയിട്ടുള്ള ആള്‍കാര്‍ക് പ്രയോജനപ്രദമായ ഒളിമ്പിക് വേവ് എന്ന ആശയം സമൂഹത്തിന്റെ മുഖ്യമായ വിഭാഗത്തിന്

പ്രയോജനപ്പെടുമെന്ന് വിശ്വസിക്കുന്നു. കേരളാ ഒളിമ്പിക് അസോസിയേഷന്റെ എല്ലാ ഭാവി പരുപാടികള്‍ക്കും അദ്ദേഹം ഭാവുകങ്ങള്‍ അര്‍പ്പിച്ചു.
ഒളിമ്പിക് ദിനാഘോഷ ചടങ്ങുകള്‍ക്കും ഒളിമ്പിക് വേവിന്റെ ആരംഭ പരിപാടികള്‍ക്കും കേരളാ ഒളിമ്പിക് അസോസിയേഷന്റെ സെക്രട്ടറി ജനറല്‍ ശ്രീ.എസ് രാജീവ് നന്ദി പ്രകാശിപ്പിച്ചു .

ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി ഷോട്ട്പുട്ട് താരം തേജീന്ദര്‍പാല്‍ സിംഗ്

തന്റെ തന്നെ ദേശീയ റെക്കോര്‍ഡായ 20.92 മീറ്റര്‍ തിരുത്തി ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യയുടെ ഷോട്ട്പുട്ട് താരം തേജീന്ദര്‍പാൽ സിംഗ് തൂര്‍. 21.49 എന്ന ഏറ്റവും മികച്ച നേട്ടമാണ് താരത്തിന് ഒളിമ്പിക്സ് യോഗ്യത നേടിക്കൊടുത്തത്.

ഒളിമ്പിക്സിനുള്ള യോഗ്യത ദൂരം 21.10 മീറ്റര്‍ ആയിരുന്നു. പട്യാലയിൽ നടക്കുന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീ 4 ൽ ആണ് ഈ നേട്ടം തേജീന്ദര്‍ സ്വന്തമാക്കിയത്.

ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐ സഹായം

ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ താരങ്ങള്‍ക്ക് പരിശീലനത്തിനും തയ്യാറെടുപ്പുകള്‍ക്കുമായി ബിസിസിഐയുടെ സാമ്പത്തിക സഹായം. 10 കോടി രൂപയാണ് ഇതിനായി ബിസിസിഐ നല്‍കുന്നതെന്നും തീരൂമാനത്തിന് ബിസിസിഐ അപ്പെക്സ് കൗൺസിൽ അംഗീകാരം നല്‍കിയെന്നുമാണ് അറിയുന്നത്.

കഴിഞ്ഞ വര്‍ഷം നടക്കാനിരുന്ന ടൂര്‍ണ്ണമെന്റ് കോവിഡ് കാരണം മാറ്റി വയ്ക്കുകയായിരുന്നു. ജൂലൈ 23 മുതൽ ഓഗസ്റ്റ് 8 വരെയാണ് ടൂര്‍ണ്ണമെന്റ് നടക്കാനിരിക്കുന്നത്. സാമ്പത്തിക പരാധീനതകള്‍ കാരണം പരിശീലനം മുടങ്ങിയ ഇന്ത്യന്‍ അത്‍ലീറ്റുകള്‍ക്ക് ഈ തീരുമാനം ചെറിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Exit mobile version