Picsart 24 07 24 22 47 01 845

ഒന്നരമണിക്കൂർ VAR റിവ്യൂ!! അർജന്റീനയുടെ ഗോളും സമനിലയും നിഷേധിച്ചു!! ഫുട്ബോളിൽ കാണാത്ത സംഭവങ്ങൾ!!

ഒരു ഗോൾ വീണ് ഒന്നര മണിക്കൂർ കഴിഞ്ഞ് ആ ഗോൾ നിഷേധിക്കുന്ന ഒരു കാഴ്ച!! ഫുട്ബോൾ ഒരിക്കലും കണ്ടിട്ടില്ലാത്ത കാഴ്ചയാണ് ഇന്ന് ഒളിമ്പിക്സ് ഫുട്ബോളിൽ കണ്ടത്. ഇന്ന് 116ആം മിനുട്ടിൽ അർജന്റീന മെദീനയിലൂടെ സമനില ഗോൾ നേടിയപ്പോൾ കളി കഴിഞ്ഞെന്നാണ് എല്ലാവരും കരുതിയത്. മത്സറരം കഴിഞ്ഞ് ഒന്നരമണിക്കൂർ കഴിഞ്ഞ് വാർ വിധി വന്നു. ആ ഗോൾ ഓഫ്സൈഡ് ആയിരുന്നു എന്ന്. അതുവരെ കളിയുടെ ഫലം കാത്ത് താരങ്ങൾ ഡഗൗട്ടിൽ നിൽക്കേണ്ടി വന്നു.

ഗോൾ നിഷേധിക്കപ്പെട്ടതോടെ 2-2 എന്ന സമനിലയിൽ അവസാനിച്ചെന്നു കരുതിയ കളി 2-1 എന്നായി. കളി പുനരാരംഭിച്ച് 3 മിനുട്ട് കൂടെ കളിച്ച് മൊറോക്കോ 2-1ന് കളി ജയിച്ചു. ആരാധകർ അർജന്റീനയുടെ ഗോൾ വന്നപ്പോൾ ഗ്രൗണ്ടിൽ ഇറങ്ങി പ്രശ്നം ഉണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെ ആരാധകരെ പൂർണ്ണമായും പുറത്താക്കിയാണ് കളി പുനരാരംഭിച്ചത്.

ഒളിമ്പിക്സ് പുരുഷ ഫുട്ബോളിലെ ആദ്യ മത്സരമായിരുന്നു ഇത്. ഇന്ന് മൊറോക്കെയെ നേരിട്ട അർജൻറീന തുടക്കത്തിൽ രണ്ട് ഗോളിന് പിറകിൽ പോയ ശേഷം ശക്തമായി തിരിച്ചടിച്ച് 2-2 സമനില സ്വന്തമാക്കി എന്ന് കരുതിയതായിരുന്നു.

ഇന്ന് ആദ്യ പകുതിയിൽ മികച്ച ഫുട്ബോൾ കാഴ്ചവെച്ച മൊറോക്കോ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് റഹീമി നേടിയ ഗോളിലൂടെ ലീഡ് എടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ 49ആം മിനിറ്റിൽ റഹീമി തന്നെ ഒരു പെനാൽറ്റിയിലൂടെ ലീഡ് ഇരട്ടിയാക്കി. ഇതിനുശേഷമാണ് അർജൻറീനയുടെ തിരിച്ചടി വന്നത്.

അവർ സിമിയോണിയിലൂടെ ആദ്യം ഒരു ഗോൾ നേടി കളിയിലേക്ക് തിരികെ വന്നു. പിന്നീട് ഇഞ്ച്വറി ടൈമിന്റെ പതിനാറാം മിനിറ്റിൽ മെദീനയിലൂടെ സമനില ഗോൾ നേടി. ഈ ഗോളാണ് ഒന്നര മണിക്കൂർ കഴിഞ്ഞ് നിഷേധിക്കപ്പെട്ടത്. അർജൻറീന അടുത്ത മത്സരത്തിൽ ഇറാഖിനെ ആണ് നേരിടുക‌. അർജൻറീനക്കായി സീനിയർ താരങ്ങളായ ഹൂലിയൻ ആൽവരസ്, ഓറ്റമെൻഡി എന്നിവർ അർജന്റീന ടീമിൽ ഉണ്ട്. ഇതുപോലൊരു സർക്കസ് ഫുട്ബോളിൽ ഇതുവരെ താൻ കണ്ടിട്ടില്ല എന്ന് മത്സര ശേഷം അർജന്റീന പരിശീലകൻ മഷെരാനോ പറഞ്ഞു.

Exit mobile version