കൊച്ചി ടര്‍ഫ് പൊളിക്കാന്‍ സമ്മതിക്കില്ലെന്ന് അറിയിച്ച് കായിക മന്ത്രി എസി മൊയ്തീന്‍

നവംബറില്‍ കേരളത്തില്‍ നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. പുറത്ത് വരുന്ന ഏറ്റവും പുതിയ വിവരപ്രകാരം തിരുവനന്തപുരത്തേക്ക് മത്സരം വീണ്ടും നടത്തുവാനാണ് സാധ്യതയെന്നാണ് അറിയുന്നത്. കായിക മന്ത്രി എസി മൊയ്തീന്‍ ജിസിഡിഎ, കെസിഎ ഭാരവാഹികളോട് ചര്‍ച്ച നടത്തിയെന്നാണ് അറിയുന്നത്.

കെസിഎ പാട്ടത്തിനെടുത്ത സ്റ്റേഡിയമാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം. അവിടെ ക്രിക്കറ്റ് മത്സരം നടത്താനാകില്ല എന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്തെന്നാണ് കെസിഎ അധികാരികളുടെ ചോദ്യം. അണ്ടര്‍ 17 ലോകകപ്പ് സമയത്ത് ക്രിക്കറ്റ് പിച്ചിനെ നശിപ്പിച്ചാണ് ടര്‍ഫ് ഒരുക്കിയതെന്നും അന്ന് ഞങ്ങളാരും ലോകകപ്പിനെ എതിര്‍ത്തില്ല എന്നുമാണ് കെസിഎ സെക്രട്ടറി പറയുന്നത്.

ബിസിസഐ മത്സരം ആദ്യം സ്പോര്‍ട്സ് ഹബ്ബിനാണ് അനുവദിച്ചതെങ്കിലും കെസിഎയ്ക്ക് മത്സരം കൊച്ചിയില്‍ നടത്തണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ കൊച്ചിയിലേക്ക് മത്സരം മാറ്റി നിശ്ചയിച്ചുവെങ്കിലും ഫുട്ബോള്‍ ആരാധകരില്‍ നിന്നും തിരുവനന്തപുരത്തെ ക്രിക്കറ്റ് ആരാധകരില്‍ നിന്നും ആദ്യം ഒരു പോലെ എതിര്‍പ്പ് ഉയരുകയായിരുന്നു. പിന്നീട് ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഇയാന്‍ ഹ്യൂം, സികെ വിനീതും റിനോ ആന്റോയുമെല്ലാം #SaveKochiTurf എന്ന സോഷ്യല്‍ മീഡിയ ക്യാംപെയിനു പിന്തുണയുമായി എത്തുകയായിരുന്നു.

തിരുവനന്തപുരം എംപി ശശി തരൂരും കെസിഎയുടെ ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തിനു അനുവദിച്ച് കിട്ടിയ മത്സരം കൊച്ചിയിലേക്ക് മാറ്റുന്നത് തന്നെ അട്ടിമറിയല്ലേയെന്നാണ് തരൂര്‍ ചോദിക്കുന്നത്.

നവംബര്‍ ഒന്നിനു കൊച്ചിയില്‍ തന്നെ ക്രിക്കറ്റ് മത്സരം നടക്കുകയാണെങ്കില്‍ ഐഎസ്എല്‍ 2018-19 സീസണ്‍ തുടങ്ങുന്നതിനു മുമ്പ് ഗ്രൗണ്ട് ഫുട്ബോളിനു സജ്ജമാകുമോയെന്ന കാര്യം സംശയത്തിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപാക്കിസ്ഥാനില്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫ് കളിക്കുന്ന വിദേശ താരങ്ങള്‍ ഇവര്‍
Next articleഷമി വിവാദം, ബിസിസഐ ആന്റി കറപ്ഷന്‍ യൂണിറ്റ് റിപ്പോര്‍ട്ട് വ്യാഴാഴ്ച