വിനു മങ്കാദ് ട്രോഫി കര്‍ണ്ണാടകയ്ക്കെതിരെ കേരളത്തിനു ജയം

Fanport

ഹൈദ്രബാദില്‍ നടക്കുന്ന വിനു മങ്കാദ് U-19 ഏകദിന ക്രിക്കറ്റ് സോണല്‍ ടൂര്‍ണ്ണമെന്റില്‍ കേരളത്തിനു 7 റണ്‍സ് ജയം. ടോസ് നേടിയ കര്‍ണ്ണാടക കേരളത്തിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ഓപ്പണര്‍ രോഹന്‍ എസ് കുന്നുമലും(65) ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫും(35) നേടിയ റണ്ണുകളുടെ സഹായത്തോടു കൂടി കേരളം 48 ഓവറില്‍ സ്കോര്‍ 203ല്‍ എത്തുമ്പോള്‍ പുറത്താവുകയായിരുന്നു. കര്‍ണ്ണാടകയ്ക്ക് വേണ്ടി അവരുടെ വളര്‍ന്നു വരുന്ന താരവും KPL ല്‍ കളിച്ചിട്ടുള്ള നികിന്‍ ജോസ് 10 ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടു കൊടുത്ത് മൂന്നു വിക്കറ്റുകള്‍ കരസ്ഥമാക്കി.

കര്‍ണ്ണാടക ഇന്നിംഗ്സില്‍ നികിന്‍ ജോസ് 90 റണ്‍സുമായി കേരളത്തിനു ഭീഷണി ഉയര്‍ത്തിയെങ്കിലും മറ്റു ബാറ്റ്സ്മാന്മാരുടെ പിന്തുണയില്ലാത്തതിനാല്‍ വിജയം കൈപ്പിടിയിലൊതുക്കാനായില്ല. 50 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് എടുക്കാനെ കര്‍ണ്ണാടകയ്ക്കായുള്ളു. നികിന്‍ ജോസ് പുറത്താവുമ്പോള്‍ കര്‍ണ്ണാടകയക്ക് 6 വിക്കറ്റുകള്‍ കൈയ്യിലുള്ളപ്പോള്‍ ജയിക്കാനായി 21 പന്തില്‍ 28 റണ്‍സ് മാത്രമാണ് വേണ്ടിയിരുന്നത്. എന്നാല്‍ കേരള ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തി കര്‍ണ്ണാടകത്തെ സമ്മര്‍ദ്ദത്തിലാക്കി.

ഇന്ത്യയുടെ ഭാവി വാഗ്ദാനമായി കരുതുന്ന നികിന്‍ ജോസിന്റെ പേരിലാണ് ഇപ്പോളും കര്‍ണ്ണാടക പ്രീമിയര്‍ ലീഗിലെ മികച്ച ബൗളിംഗ് റെക്കോര്‍ഡ് – 11 റണ്‍സിനു 6 വിക്കറ്റ്.

ആദ്യ മത്സരത്തില്‍ ആന്ധ്രയോട് 5 വിക്കറ്റിനു തോറ്റ കേരളത്തിന്റെ അടുത്ത മത്സരം ഒക്ടോബര്‍ 6നു ഹൈദ്രാബാദുമായാണ്.