ജാപ്പനീസ് ഗ്രാന്‍ഡ്പ്രീ: നികോ റോസ്ബര്‍ഗിനു വിജയം

- Advertisement -

ജാപ്പനീസ് ഗ്രാന്‍ഡ്പ്രീ നികോ റോസ്ബര്‍ഗിനു വിജയം. തുടക്കത്തില്‍ നേടിയ ലീഡ് അവസാനം വരെ നിലനിര്‍ത്തിയാണ് റോസ്ബര്‍ഗിന്റെ വിജയം. ഒരിക്കല്‍ പോലും തന്നെ മറികടക്കാന്‍ മറ്റൊരു ഡ്രൈവറെയും അദ്ദേഹം അനുവദിച്ചില്ല. മാക്സ് വെര്‍സ്റ്റാപ്പനാണ് രണ്ടാം സ്ഥാനം. മെഴ്സിഡസിന്റെ തന്നെ ഹാമിള്‍ട്ടണ്‍ മോശം തുടക്കത്തിനു ശേഷം മൂന്നാം സ്ഥാനം നേടുകയായിരുന്നു.

ഇന്നലെ നടന്ന ജാപ്പനീസ് ഗ്രാന്‍ഡ്പ്രീ ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ ടീമംഗം ലൂയിസ് ഹാമിള്‍ട്ടണേ പിന്തള്ളി മെഴ്സഡെസിന്റെ നികോ റോസ്ബര്‍ഗ് പോള്‍ പൊസിഷന്‍ കരസ്ഥമാക്കിയിരുന്നു. 2014, 2015 വര്‍ഷത്തിലും പോള്‍ പൊസിഷനില്‍ റോസ്ബര്‍ഗ് ആയിരുന്നെങ്കിലും റേസ് ചാമ്പ്യനായത് ഹാമിള്‍ട്ടണായിരുന്നു. നേരത്തെ മാധ്യമങ്ങളോടു സംസാരിക്കാതെ ഹാമിള്‍ട്ടണ്‍ വേദി വിട്ടത് പലരുടെയും നെറ്റി ചുളിക്കാനിടയാക്കിയിരുന്നു.

റേസില്‍ രണ്ടാം സ്ഥാനത്ത് തുടങ്ങിയ ഹാമിള്‍ട്ടണ്‍ തുടക്കം പിഴച്ചത് റോസ്ബര്‍ഗിനു തുണയാവുകയായിരുന്നു. മികച്ച തിരിച്ചു വരവിനായെങ്കിലും അവസാന ലാപ്പുകളില്‍ വെര്‍സ്റ്റാപ്പനെ മറികടക്കാന്‍ ഹാമിള്‍ട്ടണു കഴിഞ്ഞില്ല.

ചാമ്പ്യന്‍ഷിപ്പില്‍ ഹാമിള്‍ട്ടണെക്കാള്‍ 33 പോയിന്റ് മുന്നിലാണ് റോസ്ബര്‍ഗ്. ഈ സീസണില്‍ ഇനി നാലു റേസുകള്‍ കൂടി ബാക്കിയുണ്ട്. സീസണില്‍ റോസ്ബര്‍ഗിന്റെ ഒമ്പതാമത്തെ വിജയവും, കഴിഞ്ഞ 5 റേസുകളില്‍ നാലാമത്തെ വിജയവുമാണ് റോസ്ബര്‍ഗിന്റെ ഇതുവരെയുള്ള നേട്ടം

Advertisement