IOAയിൽ വീണ്ടും കൽമാഡിയും ചൗതലയും

ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനിൽ (IOA) വിവാദപരമായ മറ്റൊരു തീരുമാനം കൂടി. അഴിമതി ആരോപണം നേരിടുന്ന സുരേഷ് കൽമാഡിയേയും അഭയ് സിങ് ചൗതാലയെയും ജീവിത കാലം മുഴുവൻ ഇനി IOAയുടെ പ്രത്യേക പ്രസിഡന്റ് പദവി അലങ്കരിക്കും.ചെന്നൈയിൽ നടന്ന IOAയുടെ വാർഷിക ജനറൽ ബോഡി മീറ്റിങ്ങിൽ ആണ് വിവാദപരമായ ഈ തീരുമാനം കൈക്കൊണ്ടത്. രണ്ടു പേരേയും ഈ സ്ഥാനത്തേക്ക് നിർദ്ദേശിച്ചപ്പോൾ IOAയുടെ അംഗങ്ങൾ എല്ലാം എതിർപ്പുകൾ ഒന്നും കൂടാതെ തന്നെ അംഗീകരിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അഴിമതിയിൽ മുങ്ങികുളിച്ച IOAയെ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി സസ്‌പെന്റ് ചെയ്തിരുന്നു. തുടർന്ന് സുരേഷ് കൽമാഡിയേയും അഭയ് സിംഗിനെയും IOAയിൽ നിന്ന് പുറത്താക്കിയതിന് ശേഷമാണ് സസ്‌പെൻഷൻ പിൻവലിച്ചത്.2010 കോമൺവേൽത്ത് ഗെയിംസിന്റെ നടത്തിപ്പിൽ അഴിമതി ആരോപണം നേരിട്ട സുരേഷ് കൽമാഡി പതിനഞ്ച് വർഷത്തോളം IOAയുടെ പ്രസിഡന്റ പദവി അലങ്കരിച്ചിട്ടുണ്ട്. മുൻ അമേച്വർ ബോക്സിങ് ഫെഡറേഷന്റെ പ്രസിഡന്റ് ആയിരുന്ന അഭയ് സിംഗും IOA പ്രസിഡന്റ് ആയിരിന്നിട്ടുണ്ട്, വിവാദപരമായ തീരുമാനങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു അഭയ് സിങും.

അതേസമയം IOAയുടെ തീരുമാനത്തിൽ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ ആശങ്ക രേഖപ്പെടുത്തി. അഴിമതി ആരോപണം നേരിടുന്ന രണ്ടു പേർക്കും ഈ സ്ഥാനം നൽകിയത് അംഗീകരിക്കാനാവില്ലെന്നും, കാര്യങ്ങൾ അന്വേഷിച്ച് അനുയോജ്യമായ തീരുമാനങ്ങൾ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.