ദേശീയ റേസിങ്: രണ്ടാം റൗണ്ടില്‍ മുന്നിട്ട് നയന്‍, വിഷ്ണുപ്രസാദ്, ജോസഫ് മാത്യു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ കാരിമോട്ടോര്‍ സ്പീഡ്‌വേയില്‍ തുടങ്ങിയ ജെ.കെ ടയര്‍ എഫ്എംഎസ്‌സിഐ ദേശീയ റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ ആദ്യ ദിനം മുന്നിലെത്തി നയന്‍ ചാറ്റര്‍ജി, വിഷ്ണുപ്രസാദ്, ജോസഫ് മാത്യു എന്നിവര്‍. യൂറോ ജെകെ-18 വിഭാഗത്തില്‍ ഇന്നലെ നടന്ന രണ്ടു റേസുകളിലും മുംബൈയുടെ നയന്‍ ചാറ്റര്‍ജി ഒന്നാമതെത്തി. ഇരുറേസുകളിലും ചെന്നൈയുടെ കാര്‍ത്തിക് തരാനി രണ്ടാമതായി ഫിനിഷ് ചെയ്തു. ആദ്യ റേസില്‍ ബ്രയാന്‍ പെരേര മൂന്നാമതെത്തിയപ്പോള്‍ രണ്ടാം റേസില്‍ അശ്വിന്‍ ദത്ത മൂന്നാമനായി. ചാമ്പ്യന്‍ഷിപ്പില്‍ ഒരു ലാപ്പിലെ ഏറ്റവും കുറഞ്ഞ സമയവും നയന്‍ ചാറ്റര്‍ജി ഇന്നലെ കുറിച്ചു.

എല്‍ജിബി ഫോര്‍ വിഭാഗത്തില്‍ ഒന്നാമതെത്തി ചെന്നൈയുടെ തന്നെ വിഷ്ണുപ്രസാദ് കിരീടത്തിലേക്കുള്ള വഴി എളുപ്പമാക്കി. രോഹിത് ഖന്ന രണ്ടാം സ്ഥാനവും രാഗുല്‍രംഗസാമി മൂന്നാമതുമെത്തി. മലയാളി റേസര്‍ ദില്‍ജിത്ത് ടി.എസിനാണ് ഈ വിഭാഗത്തില്‍ നാലാം സ്ഥാനം. സുസുക്കി ജിഗ്‌സര്‍ കപ്പ് വിഭാഗത്തില്‍ രണ്ടാം റൗണ്ടിലും നിലവിലെ ചാമ്പ്യനായ ചെന്നൈയുടെ ജോസഫ് മാത്യു അപ്രമാദിത്യം തുടര്‍ന്നു. ഇഞ്ചോടിഞ്ച് ഫിനിഷിങിനൊടുവില്‍ സയ്യിദ് മുസമ്മില്‍ അലി രണ്ടാമനായി. സച്ചിന്‍ ചൗധരിക്കാണ് മൂന്നാം സ്ഥാനം. പുതുമുഖങ്ങളെ ലക്ഷ്യമിട്ട് സംഘടിപ്പിച്ച നോവിസ് കപ്പില്‍ കോഴിക്കോട് നിന്നുള്ള ഹാഷിം ഇ.കെ.പി മൂന്നാം സ്ഥാനം നേടി. ഈ വിഭാഗത്തില്‍ മലയാളി താരങ്ങളായ ദില്‍ജ ടി.എസ്, അശ്വിന്‍ നായര്‍ എന്നിവരും മത്സരിക്കാനുണ്ടായിരുന്നു. രണ്ടാം റൗണ്ട്് മത്സരങ്ങള്‍ ഇന്ന് സമാപിക്കും.